Tuesday, March 5, 2013

നുണയുടെ വെടിക്കെട്ടിന് വീണ്ടും തിരികൊളുത്തി.....


ക്നാനയമക്കള്‍ സ്വന്തം മാതാപിതാക്കളെക്കളെക്കാള്‍ തങ്ങളുടെ വികാരിയച്ചനെ വിശ്വസിച്ചിരുന്ന കാലം ഉണ്ടായിരുന്നു. ആ നല്ലകാലം വെറും ഓര്‍മ്മയായിട്ട് അധികം നാളായിട്ടില്ല. അന്ന്, വീട്ടില്‍ ഒരു നല്ല കറി വച്ചാല്‍, അതിലൊരു വീതം പള്ളിമേടയില്‍ എത്തിക്കാന്‍ ക്നാനയകുടുംബങ്ങള്‍ തമ്മില്‍ മത്സരിച്ചിരുന്നു. വൈദികന്‍ സായാഹ്നസവാരിക്കിടയില്‍ വീട്ടില്‍ വന്നാല്‍, കുട്ടികള്‍ക്ക് അത് പിറ്റേന്ന് സ്കൂളിലെ കൂട്ടുകാരെയെല്ലാം പറഞ്ഞുകേള്‍പ്പിക്കാനുള്ള വലിയ വാര്‍ത്തയായിരുന്നു. വികാരിയച്ചന് ഒരു ജലദോഷം പിടിപെട്ടാല്‍ മൊത്തം ഇടവക വിഷാദരോഗം പിടിച്ചതുപോലെയാകുമായിരുന്നു.
അന്ന് ഇടയ്ക്കിടയ്ക്ക് സ്കൂള്‍കുട്ടികള്‍ക്ക് സേവനദിനം ഉണ്ടായിരുന്നു. കുറെ കുട്ടികള്‍ ഒന്നിച്ചു ചേര്‍ന്ന് ഒരു അധ്യാപകന്റെ നേതൃത്വത്തില്‍ ആരുടെയെങ്കിലും പുര മേഞ്ഞുകൊടുക്കുക, വഴി നന്നാക്കുക തുടങ്ങിയ ചെറിയ ചെറിയ പണികള്‍. ആ പണി നടക്കുമ്പോള്‍ സമീപപ്രദേശത്തുകൂടെ ഒരു ളോഹ പോയാല്‍ പിള്ളേരുടെ ഉത്സാഹം ദശഗുണീഭവിക്കുമായിരുന്നു.
ഇതൊക്കെ വാസ്കോഡഗാമ കേരളത്തില്‍ വരുന്നതിനു മുമ്പുള്ള കഥകളല്ല; വെറും നാല്പത്, അമ്പത് വര്‍ഷങ്ങള്‍ മുമ്പുണ്ടായിരുന്ന അവസ്ഥയാണ്. ദൈവതുല്യരായി കണക്കാക്കപ്പെട്ടിരുന്ന ആ വൈദികരുടെ പിന്ഗാമികള്‍ക്ക് ഇന്നു സമുദായത്തില്‍ എന്താണ് വില?
ഇന്ന് വൈദികര്‍ സംസാരിക്കുമ്പോള്‍ വിശ്വാസികളില്‍ പലരും ഐഫോണിന്റെ വോയിസ്‌ റെക്കോര്‍ഡര്‍ ഓണ്‍ ചെയ്യുന്നു. കാരണം അവര്‍ക്കറിയാം, ഈ വൈദികന്‍ നാളെ (അല്ല, ഇന്നു വൈകുന്നേരം തന്നെ) ഇപ്പോള്‍ പറയുന്നത് മാറ്റിപ്പറഞ്ഞു കളയും!
ക്നാനയക്കാരുടെ ഇടയില്‍ ഈ പ്രവണത ഇന്നു ഏറ്റവും കൂടുതല്‍ ചിക്കാഗോയിലാണ്.
ആലഞ്ചേരി പിതാവിന്റെ അടുക്കല്‍ ഫെബ്രുവരി ഇരുപത്തിനാലാം തിയതി നടന്ന മീറ്റിംഗ് സമാപിച്ചു താമസിയാതെതന്നെ ചിക്കാഗോയിലെ സജിയച്ചന് വികാരി ജനരാളിന്റെ ഇമെയില്‍ സന്ദേശം ലഭിച്ചു. അത് സജിയച്ചന്‍ ചിക്കാഗോയിലെ രണ്ടു പള്ളികളിലും വായിച്ചു കേള്‍പ്പിച്ചു. മുത്തോലത്തച്ചന്റെ സത്യസന്ധതയില്‍ വിശ്വാസമില്ലാതിരുന്ന ഒരു സാത്താന്‍ അത് റെക്കോര്‍ഡ്‌ ചെയ്തു.  അതനുസരിച്ച്, വായിച്ച ഇമെയില്‍ സന്ദേശം ചുവടെകാണുന്നതുപോലെ ആയിരുന്നു:
My Dear Rev. Fathers,
I have just reached Chaithanya after meeting with Major Archbishop Mar Alancherry. Our Archbishop Mar Mathew Moolakkattu, Mar Joseph Pandarasseril, and KCCNA President Dr. Shiens Akasala and I participated.
Major Archbishop requested Sheins to present his points first as a lay person.  Shiens did a short and good presentation. I supported and added some more points to his arguments. Mar Moolakkatt clarified that Knanaya Missions and Parishes are only for Knanaya Catholics and he would not make any compromise on that. Mar Pandarasseril was also very supportive.
Major Archbishop did a compassionate listening and asked Shiens to provide his arguments in writing to Rome with copy to Major Archbishop. He will then do his best to convince Rome to reconsider the rescript of 1986.
So the meeting was a great success. However, we need to pray more for a positive reply from Rome.
മുകളില്‍ കൊടുത്തിരിക്കുന്ന ഇമെയില്‍ സന്ദേശം ഒരിക്കല്‍ കൂടി വായിച്ചു നോക്കുക. വിശകലനം ചെയ്‌താല്‍ രസകരമാണ്. ഞങ്ങളുടെ അന്വേക്ഷണത്തില്‍, ആലഞ്ചേരി പിതാവുമായി നടത്തിയ മീറ്റിംഗിനുമുമ്പ് പിതാക്കന്മാരും, വിജിയും, ഷീന്സും തമ്മില്‍ ചെറിയ ചര്‍ച്ച നടന്നിരുന്നു. അതിനു ശേഷമാണ് കോട്ടയത്ത്‌ ഇടവക സന്ദര്‍ശനങ്ങള്‍ കഴിഞ്ഞെത്തിയ പിതാക്കന്മാരും, അമേരിക്കയില്‍ നിന്നെത്തിയ വിജിയും, ബാംഗ്ലൂരില്‍നിന്നും എത്തിയ ഷീന്സും കര്‍ദ്ദിനാളിനെ കാണുന്നത്.
സാധാരണഗതിയില്‍ കത്തോലിക്കാ സഭാമേലധികാരികളുടെ നോട്ടത്തില്‍, തീരെ വില കുറഞ്ഞവനാണ് അത്മായന്‍. എന്നാല്‍ ആലഞ്ചേരി പിതാവ് ആദ്യം സംസാരിക്കാന്‍ ആവശ്യപ്പെട്ടത് ഷീന്സിനോടാണ്. അദ്ദേഹം നീണ്ട മുപ്പത്തഞ്ചു മിനിട്ട് സംസാരിച്ചു. (ആകെ സമയം 75 മിനിട്ട് മാത്രം ആയിരുന്നു എന്നോര്‍ക്കുക) അതിനിടയ്ക്ക്, “ഞാന്‍ ഏതാണ്ടൊക്കി ആടി” (I supported and added some more points) എന്ന് മുത്തോലത്തച്ചന്‍ അവകാശപ്പെടുന്നു. ഞമ്മള്‍ എന്താണ് “ആടിയതെന്നു” അറിയാനുള്ള ഭാഗ്യം നമുക്കാര്‍ക്കും ഇതുവരെ ഉണ്ടായിട്ടില്ല. എന്തെങ്കിലും ആകട്ടെ. പിതാക്കന്മാരെയും വിജിമാരെയും ആലഞ്ചേരിപിതാവിന് അത്ര വിശ്വാസം പോരാത്തതുകൊണ്ടായിരിക്കാം ഷീന്സിനോട് ആദ്യം സംസാരിക്കാന്‍ ആവശ്യപ്പെട്ടത് എന്ന് നമുക്ക് സമാശ്വസിക്കാം. അത്രയും നേരം തുടരാന്‍ അനുവദിച്ചതില്‍ നിന്നും, ആവശ്യമെന്നു വന്നാല്‍ തനിക്കൊപ്പം വത്തിക്കാനിലെയ്ക്ക് വരണമെന്നും പിതാവ് ആവശ്യപ്പെട്ടത് ഷീന്സിനോടാണ്, വിജിയോടല്ല. ആ നിലയ്ക്ക് അങ്ങേര് അവിടെ “ആടിയിട്ട്” കാര്യമായ പ്രയോജനം ഒന്നും ഉണ്ടായതായി തോന്നുന്നില്ല.
അത്രപെട്ടന്ന് തോല്‍വി സമ്മതിച്ചാല്‍ മുത്തോലം മുത്തോലമാകുമോ? പണ്ടൊരു നേതാവിനെക്കുറിച്ചു പറയാറുണ്ടായിരുന്നു – അദ്ദേഹം വായ്‌ തുറക്കുന്നത് ഒന്നുകില്‍ ഗുരുവായൂരപ്പാ എന്ന് വിളിക്കാന്‍; അല്ലെങ്കില്‍ നുണ പറയാന്‍.
ഇല്ല വംശനാശം ഒന്നും സംഭവിച്ചിട്ടില്ല!
വീണിടം വിഷ്ണുലോകമാക്കാന്‍ താന്‍ വിരുതനാണെന്ന ധൈര്യത്തില്‍ കഴിഞ്ഞ ഞായറാഴ്ച അദ്ദേഹം കുര്‍ബ്ബാനമദ്ധ്യേ അടിച്ചു കസറി....
നുണയുടെ പെരുമഴയാണ് വരുന്നതെന്ന് ദിവ്യദൃഷ്ടിയൊന്നും ഇല്ലാതെ മനസ്സിലാക്കിയ ഒരാള്‍ അതും റെക്കോര്‍ഡ്‌ ചെയ്തു. (ഇടയ്ക്ക് പറഞ്ഞുകൊള്ളട്ടെ, ഇതൊന്നും രഹസ്യ സംഭാഷണങ്ങള്‍ അല്ല, പള്ളിയില്‍ നടത്തുന്ന പ്രസംഗം പൊതുപ്രസംഗമാണ്, അത് റെക്കോര്‍ഡ്‌ ചെയ്യുന്നതില്‍ യാതൊരു നിയമപ്രശ്നവും ഇല്ല).
പ്രസ്തുത പ്രസംഗത്തിന്റെ ഓഡിയോ ക്ലിപ്പ് അമേരിക്കന്‍ ക്നാ വഴി പ്രചരിച്ചിരുന്നു. ആ ക്ലിപ്പിന്റെ പ്രസക്തഭാഗം മാത്രം ഞങ്ങള്‍ എഡിറ്റ്‌ ചെയ്തെടുത്തിട്ടുണ്ട്. അത് കേള്‍ക്കേണ്ടവര്‍ ഇവിടെ ക്ലിക്ക്‌ ചെയ്യുക.
മുത്തോലത്തച്ചന്റെ പ്രസ്തുത പ്രസംഗം കേട്ടാല്‍ ഒരാള്‍ക്ക്‌ തോന്നുക, ഫെബ്രുവരി ഇരുപത്തിനാലാം തിയതി, ഷീന്സിനെ കൂടാതെ പിതാക്കന്മാരും വിജിയും ആലഞ്ചേരി പിതാവിനെ കണ്ടിരുന്നു എന്നും ആ മീറ്റിംഗില്‍ വിജി കല്പ്പിച്ചതനുസരിച്ചുമാത്രമാണ് ഷീന്സിനു സംസാരിക്കാന്‍ അവസരം ലഭിച്ചതെന്നുമാണ്!
ഷീന്സും വിജിയും തമ്മിലുള്ള മൈത്രി പ്രസിദ്ധമാണല്ലോ. ആ നിലയ്ക്ക് ഈ പറഞ്ഞിരിക്കുന്നത് ആരും വിശ്വസിച്ചു പോകും!
മുത്തോലത്തച്ചനോട് ഒരു എളിയ ചോദ്യം. ഔപചാരിക മീറ്റിങ്ങിനു മുമ്പ് കണ്ടു വിശദമായി ചര്‍ച്ച നടത്തുകയും, ഔപചാരിക മീറ്റിങ്ങില്‍ “ആടുകയും” ചെയ്തിട്ടും, ആലഞ്ചേരിപിതാവ് താങ്കളോട് ഒന്നും ആവശ്യപ്പെടാത്തതെന്തേ? ഷീന്സിന്റെ മുറുക്കാന്‍ ചെല്ലവും ചുവന്നുകൊണ്ട് വത്തിക്കാനില്‍ വരണമെന്നുപോലും പറഞ്ഞില്ലല്ലോ. അയ്യോ കഷ്ടം!
ഔപചാരിക മീറ്റിങ്ങിനു മുമ്പ് ആലഞ്ചേരിപിതാവുമായി വിശദമായ ചര്‍ച്ച നടത്തിയത് എന്തിനുവേണ്ടി ആയിരുന്നു? എന്റെ പൊന്നുമുത്തോലത്തച്ചാ, വിശുദ്ധബലിമധ്യെ പരിശുദ്ധ അള്‍ത്താരയില്‍ നിന്ന് ഇത്തരം വെടിക്കെട്ടുകള്‍ നടത്തണമോ?
വേണ്ടച്ചാ, വേണ്ട, കാലം ഒത്തിരി മാറിപോയി.
രണ്ടു തരത്തിലുള്ള നുണയന്മാരുണ്ട് – Congenital Liars and Pathological Liars.
അഭിവന്ദ്യ മൂലക്കാട്ട് തിരുമേനി, ഇത്തരം വെടിക്കെട്ട്‌ നടത്തുന്നവരെ ഇതില്‍ ഏതു വകുപ്പിലാണ് പെടുത്തേണ്ടത്?
ഇദ്ദേഹത്തിന് എന്ത് പാരിതോഷികമാണ് നല്‍കാന്‍ താന്കള്‍ തീരുമാനിച്ചിരിക്കുന്നത്?

No comments:

Post a Comment