Saturday, May 12, 2012

റിസ്‌ക്രിപ്റ്റ് ദോഷം നീങ്ങിക്കിട്ടാന്‍ എന്തെങ്കിലും ചെയ്‌തോ?



ക്‌നാനായ കത്തോലിക്കരെ ഇപ്പോള്‍ ഭയപ്പെടുത്തിക്കൊണ്ടിരുന്ന അമേരിക്കന്‍ റിസ്‌ക്രിപ്റ്റ് എന്നത് എന്താണ് എന്നു നോക്കാം. റിസ്‌ക്രിപ്റ്റ് സംബന്ധിച്ച് പൗരസ്ത്യ കാനോന്‍ നിയമം 1501 മുതല്‍ 1516 വരെ നോക്കിയാല്‍ ഭയപ്പാടിന് കാരണമില്ലന്ന് കാണാവുന്നതാണ്; ഒരു ആനുകൂല്യമോ ഒഴിവാക്കലോ, മറ്റെന്തെങ്കിലും പ്രത്യേക ആനുകൂല്യമോ നല്‍കുന്നതാണ് റിസ്‌ക്രിപ്റ്റ്, അഥവാ സിംഹാസന കല്പന എന്നു പറയുന്നത്. (CCEO 1510:3)
കാനോന്‍ ഇങ്ങനെ അനുശാസിക്കുന്നു; “ദുര്‍ബലപ്പെടുത്തുന്ന ഒരു വകുപ്പ് (Clause) തക്ക അധികാരി പ്രത്യക്ഷമായി ഉള്‍പ്പെടുത്തിയിട്ടില്ലാത്ത പക്ഷം സ്വന്ത ഇഷ്ട പ്രകാരം നല്‍കുന്ന (Motu Proprio) സിംഹാസന കല്പനയുടെ (റിസ്‌ക്രിപ്റ്റ്) കാര്യത്തിലാണെങ്കില്‍ പോലും ഭരണപരമായ ഒരു നടപടിക്ക് - അത് മറ്റൊരു വ്യക്തിയുടെ ആര്‍ജ്ജിതാവകാശത്തെ ഹനിക്കുന്നതോ ഒരു നിയമത്തിനോ നിയമാനുസൃതമായ ആചാരത്തിനോ വിരുദ്ധമായിട്ടുള്ളതോ ആണെങ്കില്‍ - അതിന് പ്രാബല്യം ഉണ്ടായിരിക്കുകയില്ല.”(CCEO 1515)
ക്‌നാനായ സമുദായം കഴിഞ്ഞ പതിനേഴ് നൂറ്റാണ്ടുകളിലധികമായി നിലനിര്‍ത്തിവരുന്ന ആര്‍ജ്ജിതാവകാശത്തിനും (എന്‍ഡോഗമി), ജന്മാവകാശത്തിനും (ക്‌നാനായത്വം), വിശുദ്ധനായ പത്താം പിയൂസ് മാര്‍പാപ്പായുടെ ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനിഎന്ന തിരുവെഴുത്തിനും വിരുദ്ധമാണ് ക്‌നാനായക്കാര്‍ക്കായി അമേരിക്കയില്‍ ചുമത്തപ്പെട്ട റിസ്‌ക്രിപ്റ്റ്. കാനോന്‍ 1515 അനുസരിച്ച് അത് നിലനില്‍ക്കുന്നതല്ല.
ക്‌നാനായ കത്തോലിക്കരുടെ അമേരിക്കയിലെ രൂപതാദ്ധ്യക്ഷനായ അങ്ങാടിയത്ത് പിതാവ് റിസ്‌ക്രിപ്റ്റ് സംബന്ധിച്ച് ഒരു കാര്യവും ഇന്നേവരെ പരസ്യമായി പുറത്തു  പറഞ്ഞിട്ടില്ല. ക്‌നാനായ സമുദായ പാരമ്പര്യത്തിന് വിരുദ്ധമായ ഇക്കാര്യങ്ങള്‍ പ്രയോഗത്തില്‍ വരുത്തുവാന്‍ തുനിയുന്നതിന് മുന്‍പായി ഒരു ഇടയലേഖനം വഴി ക്‌നാനായ ഇടവകകളെ ഇക്കാര്യങ്ങള്‍ അങ്ങാടിയത്ത് പിതാവ് അറിയിക്കുകയായിരുന്നു വേണ്ടിയിരുന്നത്. തനിക്ക് അധികാരമില്ലാത്ത അമേരിക്കയില്‍ ക്‌നാനായ ഇടവകാംഗത്വം സംബന്ധിച്ച പ്രഖ്യാപനം മൂലക്കാട്ട് പിതാവ് നടത്തിയത് സംശയത്തിന് ഇട നല്‍കുന്നു.
കാനോന്‍ 1513-ല്‍ പറയുന്നു; “മറ്റു രീതിയില്‍ നിയമത്തില്‍ തന്നെ വ്യവസ്ഥ ചെയ്യുകയോ ഭരണപരമായ നടപടികള്‍ പുറപ്പെടുവിച്ച അധികാരിയെക്കാള്‍ ഉയര്‍ന്ന അധികാരി നിയമം പാസാക്കുകയോ ചെയ്യാത്ത പക്ഷം വിപരീതമായ ഒരു നിയമം വഴി ഭരണപരമായ  ഒരു നടപടിയും പിന്‍വലിക്കപ്പെടുന്നില്ല.ക്‌നാനായക്കാര്‍ക്ക് ലഭിച്ച പത്താം പിയൂസ് മാര്‍പാപ്പായുടെ കല്പനയ്ക്ക് മുകളില്‍ അല്ല റോമന്‍ റിസ്‌ക്രിപ്റ്റ് എന്നു സാരം.
ഇവിടെ  ക്‌നാനായ കത്തോലിക്കര്‍ക്കായി ലഭിച്ച റിസ്‌ക്രിപ്റ്റിനെ നിയമത്തില്‍ അനുവദിച്ചിരിക്കുന്ന ഏതെങ്കിലും മാര്‍ഗ്ഗങ്ങളുപയോഗിച്ച് മൂലക്കാട്ട് പിതാവ് നേരിട്ടതായി അറിവില്ല. പിതാവ് 2012 മാര്‍ച്ച് 25, ഏപ്രില്‍ 22 എന്നീ തീയതികളില്‍ അപ്നാദേശിലൂടെ നല്‍കിയ വിശദീകരണങ്ങളിലും പ്രസ്തുത വിഷയത്തില്‍ അങ്ങാടിയത്ത് പിതാവുമായി നടത്തിയ സൗഹൃദ ചര്‍ച്ചകള്‍ക്കു മുകളില്‍ പൗരസ്ത്യ തിരുസംഘത്തെയോ തിരുസഭയുടെ പരമാധികാരിയായ മാര്‍പാപ്പയെയോ സമീപിച്ചതായി പറയുന്നില്ല. കാനോന്‍ 1513 അനുസരിച്ച് ഉയര്‍ന്ന അധികാരികളെ സമീപിക്കാവുന്ന കാര്യം എടുത്തു കാട്ടുന്നുണ്ട്. കേരളത്തിലെപ്പോലെ അമേരിക്കയിലും ക്‌നാനായ സമുദായം അവരുടെ എന്‍ഡോഗമി തുടരുന്നതിന് എനിക്ക് എതിര്‍പ്പില്ല എന്ന് അങ്ങാടിയത്ത് പിതാവ് ഒരിക്കലും പറഞ്ഞിട്ടില്ല. റിസ്‌ക്രിപ്റ്റ് മാറ്റിക്കിട്ടാന്‍ രൂപതാദ്ധ്യക്ഷനായ മാര്‍ അങ്ങാടിയത്ത് പിതാവിന്റെ  നോ ഒബ്ജക്ഷന്‍ സര്‍ട്ടിഫിക്കറ്റാണ് ആദ്യം വേണ്ടിയിരുന്ന പ്രധാന രേഖ. അത് വാങ്ങുന്നതിനു പകരം പ്രശ്‌നപരിഹാരത്തിനായി സ്വന്തം ഫോര്‍മുല അവതരിപ്പിക്കുകയായിരുന്നു.
സീറോ മലബാര്‍ സഭയിലെ വ്യത്യസ്തതയുള്ള ഒരു വിഭാഗത്തിന്റെ ആര്‍ച്ചു ബിഷപ്പായ മൂലക്കാട്ടു പിതാവിന്റെ അജഗണങ്ങള്‍ക്ക് അമേരിക്കയില്‍ സഭാപരമായ ഒരു പ്രതിസന്ധി നേരിടുമ്പോള്‍ അതിനെക്കുറിച്ച് സീറോ മലബാര്‍ സിനഡിന്റെ അഭിപ്രായം അറിയുവാന്‍ എല്ലാവര്‍ക്കും ആഗ്രഹമുണ്ടാകാം. പക്ഷെ, നമ്മുടെ സിനഡിന് അജപാലനാധികാരം ഇല്ലാത്ത അമേരിക്കയില്‍ നടക്കുന്ന കാര്യങ്ങളാകുന്നതിനാല്‍ പ്രതികരിക്കുന്നതിന് സാധിക്കുകയുമില്ലായിരിക്കാം. എന്നാല്‍, സിനഡിന്റെ അധികാരപരിധിക്കുള്ളില്‍ തന്നെയുള്ള കണ്ണൂരില്‍ ഒരു ക്‌നാനായ രൂപത അനുവദിക്കുന്നതിനായി അപേക്ഷ നല്‍കിയിട്ട് 30 വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അത് പരിഹരിച്ചിട്ടില്ല. തന്നെയല്ല സിനഡിന് അധികാരമില്ലാത്ത അമേരിക്കന്‍ രൂപതയില്‍ ഇടപെടാന്‍ അവര്‍ക്കും ആവില്ല.
നാളെ ആര്‍ക്കു വേണമെങ്കിലും ആരുടെമേല്‍ വേണമെങ്കിലും റിസ്‌ക്രിപ്റ്റ് വാങ്ങിച്ച് ഉപയോഗിക്കാം. ഷിക്കാഗോ സീറോ മലബാര്‍ രൂപതയില്‍ വിവാഹ സമയത്ത് വധുവിനെ അണിയിക്കുന്ന മന്ത്രകോടിയും താലിയും വൈദികന്‍ തനിക്ക് ലഭിച്ചിരിക്കുന്ന പൗരോഹിത്യ അധികാരമുപയോഗിച്ച് ആശീര്‍വദിച്ചതിനുശേഷമാണ് ഉപയോഗിക്കുന്നത്. ഇവയെല്ലാം ഹൈന്ദവമാണെന്നും, ഭാരതീയസംസ്‌ക്കാരത്തിന്റെ സംഭാവനയാണെന്നും അക്രൈസ്തവമായ ഇത്തരം ചടങ്ങുകള്‍ സംസ്‌ക്കാര സമ്പന്നമായ അമേരിക്കയിലേക്ക്  ഇറക്കുമതി ചെയ്യേണ്ടതില്ലെന്നും കാണിച്ച് ആരെങ്കിലും ഒരു റിസ്‌ക്രിപ്റ്റ് നേടിയെടുത്താല്‍ എന്തായിരിക്കും സ്ഥിതി. അങ്ങനെ സംഭവിച്ചാല്‍ അങ്ങാടിയത്ത് പിതാവ്, റിസ്‌ക്രിപ്റ്റ് വിഷയം മൂലക്കാട്ടു പിതാവ്  കൈകാര്യം ചെയ്തതുപോലെയായിരിക്കുമോ അന്ന് അത് കൈകാര്യം ചെയ്യപ്പെടുക. പൗരസ്ത്യ തിരുസംഘക്കാരെ സൈ്വര്യമായി ഉറങ്ങുവാന്‍ നമ്മുടെ സീറോ മലബാര്‍ സിനഡ് അനുവദിക്കുകയുമില്ല.
സാര്‍വ്വത്രികസഭയുടെ തലവനായ പത്താം പിയൂസ് മാര്‍പാപ്പ അനുവദിച്ച കോട്ടയം രൂപതാ സംവിധാനം മറ്റൊരു ചെറിയ നിയമത്താല്‍ അമേരിക്കയില്‍ നിയന്ത്രിക്കപ്പെടാന്‍ പാടില്ല. മാര്‍ത്തോമ്മാ ക്രിസ്ത്യാനികളുടെ ആചാരങ്ങളും അനുഷ്ഠാനങ്ങളും കേരളത്തിലെപ്പോലെ അമേരിക്കയിലേക്ക് ഇംപോര്‍ട്ട് ചെയ്യുവാന്‍ സഭാധികാരികള്‍ക്ക് മടിയില്ലായെങ്കില്‍, അതേ മാനദണ്ഡമായിരിക്കണം മാര്‍പാപ്പായുടെ പരമാധികാരത്താല്‍ അംഗീകരിച്ച ക്‌നാനായ കത്തോലിക്കരുടെ ആചാരനുഷ്ഠാനങ്ങള്‍ക്കു മേലും സഭാധികാരികള്‍ അനുവര്‍ത്തിക്കേണ്ടത്. 
പുളിമാവ്‌ സപ്ലിമെന്റ് നമ്പര്‍ 13
ക്‌നാനായ ഫെലോഷിപ്പിനു വേണ്ടി, റ്റോമി ജോസഫ്, കല്ലുപുരയ്ക്കല്‍,
Mob: 944 692 4328, Email: thomasjoseph88@yahoo.in

No comments:

Post a Comment