Wednesday, February 6, 2013

ഇനിയും പൂവണിയാത്ത ഒരു ദില്ലി സ്വപ്നം


പ്രിയ ക്നാനായ സുഹൃത്തുക്കളെ,
ഡല്‍ഹിയിലെ ഓരോ ക്നനായക്കാരനും ഇനിയും പൂവണിയാത്ത ഒരു വലിയ സ്വപ്നമുണ്ട്. ഡല്‍ഹിയില്‍ സ്വന്തമായ ഒരു ക്നാനായ ഇടവക. ഈ സ്വപ്നം മനസ്സില്‍ താലോലിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങള്‍ പലതു കഴിഞ്ഞു. ഇതിനോടകം പല ക്നാനായ വൈദീകരും മോഹന വാഗ്ദാനങ്ങള്‍ നല്കി ഇതു വഴി കടന്നു പോയി. മാറി നില്‍ക്കെടാ മുണ്ടയ്ക്കല്‍ ശേഖരാ എന്ന് ആക്രോശിച്ചു വന്ന സീറോ മലബാര്‍ സഭയ്ക്ക്, ലത്തീന്‍ സഭ വഴിമാറിക്കൊടുത്തു. കടുത്ത വേനലും അതിശൈത്യവും പതിവുപോലെ ഡല്‍ഹിയില്‍ വന്നുപോയി. ഇതൊന്നും വകവെയ്കാതെ നമ്മള്‍ സ്വപ്നം കണ്ടുകൊണ്ടെയിരിക്കുന്നു. ഇതിനിടയ്ക്ക് മൂലക്കാട്ട് പിതാവിനെ നാം പ്രതീക്ഷയോടെ വരവേറ്റു. ക്നാനായ സംഗമം നടന്നു. സംഗമത്തിനോടുവില്‍ ക്നനായക്കാരന്‍റെ സ്വപ്നം സീറോമലബാറുകാരന്‍റെ അടുപ്പത്ത് വേവില്ല എന്ന് ധ്വനിപ്പിക്കുന്ന സന്ദേശം നല്‍കി ഭരണിക്കുളങ്ങര പിതാവും തിരശീലയ്ക്ക് പിന്നില്‍ മറഞ്ഞു. നമ്മുടെ സ്വപ്നം ഇന്നും ഒരു മലര്‍പൊടിക്കാരന്‍റെ സ്വപ്നമായി അവശേഷിക്കുന്നു.
സ്വപ്നങ്ങളുടെ ശരിയായ വ്യാഖ്യാനം അത് എളുപ്പത്തില്‍ പൂവണിയാന്‍ സഹായിക്കുന്നു എന്ന് മഹാന്മാര്‍ ആരോ പറഞ്ഞതായി കേട്ടിട്ടുണ്ട്. ഈ അവസരത്തില്‍ നമ്മുടെ സ്വപ്നവും അതിനു കോട്ടയത്തെ സഭാനേതൃത്വം നല്‍കുന്ന വ്യാഖ്യാനവും ഇവിടെ സത്യസന്ധമായി ഒരു യഥാര്‍ഥ ക്നനായക്കാരന്‍റെ വികാരത്തെ മാനിച്ചുകൊണ്ട് വിലയിരുത്താം.
ഡല്‍ഹിയില്‍ ഒരു ശരാശരി ക്നനായക്കാരന്‍റെ സ്വപ്നത്തിലെ ക്നാനായ ഇടവകയും കോട്ടയം അതിരൂപത ഡല്‍ഹിയിലെ ക്നനായകാര്‍ക്കായി സ്വപ്നം കാണുന്ന ക്നാനായ ഇടവകയും തമ്മില്‍ എന്തെങ്കിലും വ്യത്യാസമുണ്ടോ...? ഉണ്ടെങ്കില്‍ എന്ത്?

ഇത്തരം സംശയങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും ഇത് സമുദായ അംഗങ്ങള്‍ക്കിടയില്‍ ഭിന്നിപ്പുണ്ടാക്കാനും അതുവഴി നമുക്ക് കിട്ടേണ്ട ക്നാനായ ഇടവക ഇല്ലാതാക്കാനും മാത്രമേ ഉപകരിക്കൂകയുള്ളൂ എന്നും ചിലര്‍ പറഞ്ഞേക്കാം (അങ്ങിനെ പറയുന്ന അതിബുദ്ധിമാന്മാരെ നിങ്ങള്‍ സൂക്ഷിക്കണം...)
പക്ഷെ സുഹൃത്തേ സത്യം മറ്റൊന്നാണ്. അത് നമ്മള്‍ തിരിച്ചറിഞ്ഞേ പറ്റൂ. അല്ലെങ്കില്‍ ഡല്‍ഹിയിലെ ക്നനായക്കാരായ നമ്മള്‍, സീറോമലബാര്‍ സഭയുടെയും നമ്മുടെ സഭാ മേലധികാരികളുടെയും (ക്നാനായ മിഷന്‍ ഉള്‍പ്പെടെ) വാഗ്ദാനങ്ങളില്‍ വിശ്വസിച്ചു, വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയിലെ ക്നനായക്കാര്‍ വഞ്ചിതരായതുപോലെ വഞ്ചിതരായെക്കാം...
ഇന്ന് നാം സ്വപ്നം കാണുന്നതുപോലെ വര്‍ഷങ്ങള്‍ക്കുമുമ്പ് അമേരിക്കയിലെ ഓരോ ശരാശരി ക്നനായക്കാരനും ക്നാനായ ഇടവകകള്‍ സ്വപ്നം കണ്ടു. നൂറ്റാണ്ടുകളായി സ്വവംശ വിവാഹനിഷ്ടയിലൂടെ (എന്‍ഡോഗമി) കൈമാറിവന്ന നമ്മുടെ തനിമയും പാരമ്പര്യവും പൈതൃകവും ആചാരാനുഷ്ടാനങ്ങളും കാത്തു സൂക്ഷിക്കുന്നതിനും അത് വരുംതലമുറയ്ക്ക് പകര്ന്നുകൊടുക്കുന്നതിനും അതിലൂടെ സ്വവംശ വിവാഹനിഷ്ഠ (എന്‍ഡോഗമി) നിലനിര്‍ത്തിക്കൊണ്ട് പോകുന്നതിനും തങ്ങളുടേതായ ഒരു ക്നാനായ ഇടവക.
എത്ര സുന്ദരമായ സ്വപ്നം. അതിനായി അവര്‍ തങ്ങളുടെ നീക്കിയിരിപ്പുകള്‍ ഉപയോഗിച്ച് ലത്തീന്‍ സഭയില്‍ നിന്നും ലാഭകരമാല്ലാത്ത പള്ളികള്‍ വിലയ്ക്ക് വാങ്ങി. തുടര്‍ന്ന് കോട്ടയത്തെ നമ്മുടെ സഭാ നേതൃത്വത്തിന്റെ സഹായത്തോടു കൂടി ഇവിടെ ക്നാനായ ഇടവകകള്‍ അനുവദിച്ചു കിട്ടുന്നതിനായി ചിക്കാഗോ സീറോമലബാര്‍ രൂപതയെ സമീപിച്ചു. മാത്യു മൂലക്കാട്ട് പിതാവും ചിക്കാഗോ സീറോമലബാര്‍ രൂപതാധ്യക്ഷന്‍ അങ്ങാടിയത്ത് പിതാവും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍കൊടുവില്‍ അമേരിക്കയില്‍ ക്നനായക്കാര്‍ക്കായി ഒന്‍പതു ഇടവകകളും പത്തു മിഷനുകളും അനുവദിക്കപ്പെട്ടു.
പക്ഷെ അമേരിക്കയിലെ ഒരു ശരാശരി ക്നനായക്കാരന്‍ സ്വപ്നം കണ്ട ക്നാനായ ഇടവകയില്‍ നിന്നും ഏറെ വ്യത്യസ്തമായിരുന്നു കോട്ടയം അതിരൂപതാ അവര്‍ക്കായി നേടിക്കൊടുത്ത ഇടവക. ഇതോടുകൂടി ഈ ഭൂമുഖത്ത് ക്നനായക്കര്‍ക്ക് രണ്ടു തരത്തിലുള്ള ഇടവകകള്‍ രൂപം കൊണ്ടു.
ഒന്ന്; കേരളത്തിലെ ക്നാനായ ഇടവകകള്‍,
രണ്ട്; അമേരിക്കയിലെ ക്നാനായ ഇടവകകള്‍.
ആദ്യത്തേത് നമുക്ക് ഏറെ പരിചയമുള്ള നാട്ടിലെ ക്നാനായ ഇടവകകള്‍. കോട്ടയം അതിരൂപതയുടെ അധികാരപരിധിയില്‍ പെടുന്ന (കോട്ടയം അതിരൂപതയ്ക്ക് ഭൂമിശാസ്ത്രപരമായ അതിര്‍വരമ്പുകള്‍ ഉണ്ട്) കേരളത്തിലെയും കര്‍ണാടകയുടെ ചില ഭാഗങ്ങളിലെയും ക്നാനായ ഇടവകകള്‍ ഈ വിഭാഗത്തില്‍ പെടുന്നു. ഇത് സ്വവംശവിവാഹനിഷ്ട്ട (എന്‍ഡോഗമി) പ്രാക്ടീസ് ചെയ്യാന്‍ അവകാശമുള്ള ഇടവകകള്‍ ആണ് . ഇവിടെ ക്നനായെതര സമുദായത്തില്‍ നിന്ന് വിവാഹം കഴിക്കുന്നവര്‍ക്കോ, അവരുടെ ഭാര്യക്കോ മക്കള്‍ക്കോ അംഗത്വം ഉണ്ടായിരിക്കില്ല.
രണ്ടാമത്തേത് നമുക്ക് ഏറെ പരിചയമില്ലാത്ത അമേരിക്കയിലെ ക്നാനായ ഇടവകകള്‍... അമേരിക്കയില്‍ താമസിക്കുന്ന സീറോമലബാര്‍ സഭയിലെ ക്നനായക്കാര്‍ക്കുവേണ്ടി മാത്രമുള്ള ക്നാനായ ഇടവക. 1986-ല്‍ റോമില്‍ നിന്നും പുറപ്പെടുവിച്ച ഒരു ഉത്തരവിന്‍റെ (Rescript) അടിസ്ഥാനത്തില്‍ 2003-ല്‍ രൂപം കൊണ്ട ഇത്തരം ഇടവകകളില്‍ എന്‍ഡോഗമി പ്രാക്ടീസ് ചെയ്യാന്‍ അവകാശമില്ല. അതായത് പാലാ രൂപതയിലെ ഇടവകകളായ രാമപുരവും കുര്യനാടും പോലുള്ള നോണ്‍-എന്‍ഡോഗമി ഇടവകകള്‍.
അമേരിക്കയിലെ ഇത്തരം ഇടവകയിലെ ഒരു അംഗം ക്നനായേതര സമുദായത്തില്‍ നിന്നും വിവാഹം കഴിച്ചാല്‍ അയാള്‍ക്കും അയാളുടെ ഭാര്യക്കും മക്കള്‍ക്കും ഈ ഇടവകയില്‍ അംഗത്വം ഉണ്ടായിരിക്കും. ഈ ഇടവകകള്‍ ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ കീഴില്‍ ക്നാനായ വൈദീകരുടെ മേല്‍നോട്ടത്തില്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ കോട്ടയം അതിരൂപതധ്യക്ഷന് സഭാപരമായ യാതൊരുവിധ അധികാരവും ഇല്ല (എന്നുവെച്ചാല്‍ ഒരു ഇടയലേഖനം അയയ്ക്കാന്‍ പോലും അവകാശമില്ല എന്നര്‍ഥം) ഇവരുടെ ബിഷപ്പ് മാര്‍ ജേക്കബ്‌ അങ്ങാടിയത്ത് ആണ്. സംശയമുള്ളവര്‍ ഇക്കഴിഞ്ഞ ഡിസംബര്‍ 20 നു അമേരിക്കയിലെ ക്നാനായ ഇടവകകളില്‍ വായിച്ച അങ്ങാടിയത്ത് പിതാവിന്റെ ഇടയലേഖനം വായിച്ചു നോക്കുക. ഇടയ ലേഖനം താഴെ കൊടുക്കുന്നു.
Establishment of Sero-Malabar Knanaya Catholic Parishes/Mission
Prot. No.6/2012
December 20, 2012.
Dear and Reverend Fathers and dear faithful of Knanaya Community.
During this period of Advent, let us prepare ourselves in the spirit of prayer to welcome Infant Jesus, born for us as our Saviour.
I would like to recall the instructions given to me by the Congregation for Oriental Churches in Rome
"This congregation foresees a pastoral care which is sensitive to the Knanaya expectation to be served by Knanya priests, but does not make any allowance for endogamy to play a role in defining the membership of faithful in any mission or parish established by the Eparchy"
Based on these instruction, things have been clarified in many occasions. The membership of those Knananities who marry from outside Knanaya has been a question. All Parishes and missions for Knanaya people in this diocese are established only on basis of this instruction.
SO NO PARISH/MISSION IS STRICTLY ENDOGAMOUS
In the analysis of this statement, we understand that those Knananites who marry non-Knanaya , WILL NOT BE EXCLUDED FROM THEIR KNANAYA PARISH. It is true that the Syro- malabar aparish is open to welcome those Knanayites who marry non-Knanaya spouses. If they wish, they can continue as members of the Knanaya parish/mission.
Since family is one unit and its unity is very important, his/her spouse and children will enjoy all pastoral and spiritual care from Knanaya priests at Knanaya parish/mission where his/her Knanaya spouse belongs. The priests in charge of Knanaya parish/mission should see that the spiritual and pastoral needs of those non Knanaya faithful are fully attended. Family unity and spiritual well-being are our primary concerns.
Mar Jacob Angadiath
Bishop
ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന വരികള്‍ക്കിടയിലൂടെ വായിക്കാന്‍ കഴിവുള്ള ചില അച്ചായന്‍മാര്‍ ഇങ്ങനെ പറഞ്ഞേക്കാം അന്യ സമുദായത്തില്‍ നിന്ന് വിവാഹം കഴിക്കുന്നവരെ പുറത്താക്കാന്‍ കഴിയില്ല എന്ന് അങ്ങാടിയത്ത് പിതാവ് പറഞ്ഞിരിക്കുന്നു. പക്ഷെ അവരുടെ ഭാര്യയേയും കുട്ടികളെയും ഇടവകയില്‍ ഉള്‍പ്പെടുത്തണമെന്ന് വ്യക്തമായി പറഞ്ഞിട്ടില്ലല്ലോ എന്ന്.
സുഹൃത്തേ ഇതിനുത്തരം ഇടയലേഖനത്തില്‍ തന്നെ ഉണ്ട്:
SO NO PARISH/MISSION IS STRICTLY ENDOGAMOUS
his/her spouse and children will enjoy all pastoral and spiritual care from Knanaya priests at Knanaya parish/mission where his/her Knanaya spouse belongs. The priests in charge of Knanaya parish/mission should see that the spiritual and pastoral needs of those non Knanaya faithful are fully attended.
എന്നുപറഞ്ഞാല്‍ ഈ ഇടവകകള്‍ ഉഴവൂരും അരീക്കരയും രാജപുരവും പോലെ എന്ടോഗമസ് അല്ല , മറിച്ച് പാലായും രാമപുരവും കുര്യനാടും പോലെ നോണ്‍ എന്ടോഗമസ് ആണ് . കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ഒരു യുവതി പാലയിലോ രാമപുരത്തോ അംഗമായ ഒരു യുവാവിനെ വിവാഹം കഴിച്ചു വന്നാല്‍ സ്വാഭാവികമായും അവിടെ അംഗമാകുന്നു. നോണ്‍ എന്‍ഡോഗമസ് ക്നാനായ ഇടവകയുടെ സ്ഥിതിയും ഇതു തന്നെ. സമുദായ വികാരത്തെ ഭയന്ന് അങ്ങാടിയത്ത് പിതാവ് എല്ലാം അവ്യക്തമായി പറയുന്നു എന്ന് മാത്രം . ഇതു മനസിലാക്കുവാനുള്ള വിവേകം അമേരിക്കയിലെ നമ്മുടെ ക്നാനായ സഹോദരങ്ങള്‍ക്ക്‌ ഉണ്ടായിരുന്നെങ്കില്‍.........
ഇനി വേറെ ചില ബുദ്ധിമാന്‍മാര്‍ ഇങ്ങനെ ചിന്തിച്ചേക്കാം - അന്യ സമുദായക്കാരിയായ ഭാര്യയ്ക്കും കുട്ടികള്‍ക്കും ഇടവകയില്‍ മാത്രമേ അംഗമാകാന്‍ കഴിയുകയുള്ളൂ, സമുദായത്തില്‍ അംഗമാകാന്‍ കഴിയുകയില്ല എന്ന്. സുഹൃത്തെ താങ്കള്‍ സമുദായത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടോ? അങ്ങിനെ ഒരു സമുദായ രജിസ്റ്റര്‍ ക്നാനായ സമുദായത്തില്‍ നിലവിലില്ല. ഇടവകയില്‍ അംഗമാകുന്ന ആള്‍ സ്വാഭാവികമായും സമുദായത്തിലും അംഗമാകുന്നു. വിവാഹസമയത്ത് സമുദായ നേതൃത്വത്തിന്റെ സര്‍ട്ടിഫിക്കറ്റ് അല്ല, മറിച്ച് ഇടവക വികാരിയുടെ ലെറ്റര്‍ ആണ് ആവശ്യം. ഇത്തരത്തില്‍ അംഗമാകുന്നവര്‍ക്ക് ഇതു നേടുന്നതില്‍ സഭാപരമായ യാതൊരുവിധ തടസവുമില്ല.
ഇതില്‍ നിന്നും ഒന്ന് വ്യക്തമാണ് ഒരു പഞ്ചാബിക്ക്, അല്ലെങ്കില്‍ ഒരു ബീഹാറിക്ക് അതുമല്ലെങ്കില്‍ ഒരു കാഷ്മീരിക്ക്, ക്നാനായക്കാരി ആവണമെങ്കില്‍ മാമോദീസ മുങ്ങി കത്തോലിക്കാ വിശ്വാസം സ്വീകരിച്ച്, അമേരിക്കയില്‍ പോയി ഒരു ക്നാനായക്കാരനെ വിവാഹം കഴിച്ചാല്‍ മതി. കത്തോലിക്കാ വിശ്വാസിയും ക്നനായക്കാരന്റെ ഭാര്യയുമാണെങ്കില്‍ അവിടുത്തെ ഇടവകയില്‍ അംഗം ആകാം . അവരുടെ മക്കള്‍, ചെറുമക്കള്‍ ഇവര്‍ക്കെല്ലാം അതേ ഇടവകയില്‍ തുടരാം. വര്‍ഷങ്ങള്‍ക്കു ശേഷം ഇടവക വികാരിയുടെ കത്തുമായി നാട്ടില്‍ വന്ന് നാട്ടിലെ ക്നനായക്കാരെ വിവാഹം കഴിക്കാം. പക്ഷെ നടവിളിക്കുന്നത് സര്‍ദാര്ജിയും വാഴുപിടിക്കുന്നത്‌ ബീഹാറിയുമൊക്കെയാവാം. ഇവിടം കൊണ്ടും തീരുന്നില്ല സംസ്കാരസമന്വയം... ഇവര്‍ മാര്‍ഗം കളി പഠിച്ചാല്‍ ഒരു പക്ഷെ  ബോലോ തേരാ രാ ..രാ... തുടങ്ങിയ ശബ്ദങ്ങളും മാര്‍ഗംകളിയില്‍ മുഴങ്ങികേട്ടേക്കാം.
സുഹൃത്തുക്കളെ ഇതിനുവേണ്ടിയാണോ നമ്മുടെ പൂര്‍വികര് 17 നൂറ്റാണ്ടിനുമപ്പുറം മുതല്‍ സ്വവംശ വിവാഹനിഷ്ഠയിലൂടെ ഇന്നു നാം മഹത്തരം എന്ന് അവകാശപ്പെടുന്ന നമ്മുടെ തനിമയും പാരമ്പര്യവും പൈതൃകവും സംരക്ഷിച്ചു വന്നത്. ജീവിതസൗകര്യങ്ങളുടെ പിറകെ പോയി അന്യ സമുദായത്തില്‍ നിന്നും അവര്‍ക്ക് വിവാഹം കഴിക്കാമായിരുന്നു. അങ്ങിനെ ചെയ്തിരുന്നെങ്കില്‍, ഈ ഭൂമിയില്‍ നമ്മള്‍ ക്നാനായക്കരായി ഇന്ന് ഉണ്ടാകുമായിരുന്നോ...? നമ്മളില്‍ പലരും ഇന്ന് ലത്തീന്‍കാരനൊ മാര്‍തോമക്കാരനോ അതുമല്ലെങ്കില്‍ യഹോവ സാക്ഷിയോ ഒക്കെ ആകുമായിരുന്നു. നമ്മുടെ മൂലക്കാട്ട് പിതാവ് വല്ല ഓര്‍ത്തഡോക്‍സ്‌ കുടുംബത്തിലോ പെന്തക്കുസ്ത കുടുംബത്തിലോ ജനിക്കുമായിരുന്നു. ഒരു പക്ഷെ ഒരു പാസ്റ്ററോ , ഒരു കൂട്ടം പാസ്റ്ററു മാരുടെ പാസ്റ്ററൊ ആകുമായിരുന്നു.
ഇന്ന് നാല് ഡോളര്‍ കയ്യില്‍ കിട്ടിയപ്പോള്‍ നമ്മുടെ പൂര്‍വികര്‍ ചെയ്ത ത്യാഗം അമേരിക്കയിലെ നമ്മുടെ സഹോദരങ്ങള്‍ സൗകര്യപൂര്‍വ്വം മറന്നു      (അല്ലെങ്കില്‍ കോട്ടയത്തെ നമ്മുടെ സഭാനേതൃത്വം അതിനു കൂട്ട് നിന്നു)
ഇന്ന് നമ്മുടേത്‌ മാത്രം എന്ന് നാം അവകാശപെടുന്ന തനിമ, പാരമ്പര്യം, പൈതൃകം, സംസ്കാരം, ആചാരനുഷ്ട്ടാനങ്ങള്‍, വൈകാരിക അടുപ്പം ഇതിന്റെയെല്ലാം അടിത്തറ സ്വവംശവിവാഹനിഷ്ട്ടയാണ് (എന്‍ഡോഗമി). കാലങ്ങളായി നമ്മുടെ പൂര്‍വികര്‍ സ്വവംശവിവാഹനിഷ്ട്ട അനുഷ്ടിച്ചതുവഴി കൈമറിഞ്ഞ് വന്നതാണ് ഇവയെല്ലാം.
എ.ഡി. 345-ല്‍ 72 കുടുംബങ്ങള്‍ കീനായി ദേശത്ത് നിന്നു ഭാരതത്തിലേക്ക് കുടിയേറിയപ്പോള്‍ അവര്‍ക്കൊപ്പം ഒരു മെത്രാനുമുണ്ടായിരുന്നു, അതിനര്‍ഥം ആ മെത്രാനെക്കാള്‍ അധികാരവും സ്വാധീനവും ഉള്ള മെത്രാന്‍മാര്‍ അടങ്ങിയ വലിയ ഒരു ക്നാനായ ജനത അവിടെ അവശേഷിച്ചിരുന്നു. പക്ഷെ ഇന്ന് അവര്‍ എവിടെ...? എന്‍ഡോഗമി പ്രാക്ടീസ് ചെയ്യുന്നതില്‍ പരാജയപ്പെട്ട്, മറ്റു സമുദായങ്ങളില്‍ നിന്നു വിവാഹം കഴിച്ച്‌ അതില്‍ അലിഞ്ഞ് ഇല്ലാതായി എന്ന് വേണം അനുമാനിക്കാന്‍.
എന്‍ഡോഗമിയില്‍ വെള്ളം ചേര്‍ത്താല്‍ ഈ അവസ്ഥ വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ നമുക്കും ഉണ്ടായേക്കാം എന്ന് എന്തുകൊണ്ട് നമ്മുടെ പിതാക്കാന്‍മാര്‍ മനസിലാക്കുന്നില്ല..? ഇരിക്കുന്ന കമ്പ് മുറിക്കുന്നതിനു തുല്യമല്ലേ ഈ തീരുമാനം. ഉത്സവത്തിന്‌ എഴുന്നെള്ളിക്കുന്ന ആനയ്ക്ക് ഉത്സവം നന്നാവണം എന്നില്ല, എഴുന്നെള്ളി നടക്കണം എന്നേ ഉള്ളു. നമ്മുടെ പിതാക്കാന്‍മാര്‍ക്കും ഈ ഒരു കാഴ്ചപ്പാട് വന്നുതുടങ്ങി എന്നു തോന്നുന്നു. ഉത്സവം നന്നാവേണ്ടത് നാട്ടുകാരുടെ ആവശ്യമാണ്‌ അതുപോലെ ഈ സമുദായം നിലനിന്നുപോകേണ്ടത് അല്മായരായ നമ്മുടെ മാത്രം ആവശ്യമായി മാറിയിരിക്കുന്നു.
അമേരിക്കയിലെതിനു സമാനമായ സാഹചര്യമാണ് ഡല്‍ഹിയില്‍ നാം അഭിമുകീകരിക്കുന്നത്. അമേരിക്ക പോലെ തന്നെ കോട്ടയം അതിരൂപത അധ്യക്ഷന്റെ അധികാരപരിധിക്കു വെളിയിലുള്ള സ്ഥലം. നമുക്ക് ഇവിടെ ഇടവകകള്‍ നല്‍കുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ ഭരണിക്കുളങ്ങര പിതാവ്, ഏറ്റവും ആദ്യം ചര്‍ച്ച ചെയ്യുന്നത് അമേരിക്കയിലെ അങ്ങാടിയത് പിതാവിനോടായിരിക്കും.
അമേരിക്കയിലേതിനു സമാനമായ നോണ്‍-എന്‍ഡോഗമസ് ഇടവക ഇവിടെയും കൊണ്ടുവരുവാനും അതുവഴി നമ്മുടെ ക്നാനായത്തെ തന്നെ തകര്‍ക്കുവാനുമുള്ള ഗൂഡശ്രമം സീറോമലബാര്‍ സഭയുടെ ഭാഗത്ത്‌ നിന്നും ഉണ്ടായേക്കാം . അത് തന്നെയാണല്ലോ മാര്‍ മാത്യു മൂലക്കാട്ട് കഴിഞ്ഞ ക്നാനായ സംഗമത്തില്‍ പറഞ്ഞത്. സഭയോടൊപ്പം ചേര്‍ന്ന് നിന്ന് കൊണ്ട് നമുക്കും ഇവിടെ അമേരിക്കയിലേതുപോലെ ഇടവകകള്‍ നേടിയെടുക്കണം എന്ന്. ഇത്തരം നോണ്‍-എന്‍ഡോഗമസ് ഇടവകള്‍ക്ക് മൂലക്കാട്ട് പിതാവിന്റെ അനുഗ്രഹവും ക്നാനായ മിഷന്റെ പിന്തുണയുമുണ്ടായെക്കാം. ഇത് തിരിച്ചറിയുവാനുള്ള വിവേകവും, ഒപ്പം ഇത്തരം നോണ്‍-എന്‍ഡോഗമസ് ഇടവകയുടെ വരവിനെ ചെറുക്കാനുമുള്ള തന്റേടവും ഡല്‍ഹിയിലെ ഓരോ ക്നനായക്കാരനും കാണിക്കണം. അല്ലെങ്കില്‍ അത് നമ്മുടെ പൂര്‍വികരോട് കാണിക്കുന്ന ഏറ്റവും വലിയ വഞ്ചന ആയിരിക്കും.
ക്നാനായ ഇടവക എന്ന് കേള്‍ക്കുമ്പോള്‍ രണ്ടു കയ്യും നീട്ടി സ്വീകരിക്കരുത്. ഇത് ഒരു പ്രദേശത്തെ ക്നനായക്കാരെ മാത്രം ഉള്‍പെടുത്തി രൂപം കൊള്ളുന്ന ഇടവകയാണ്. ഇതില്‍ മാറി വിവാഹം കഴിച്ചവര്‍ തുടക്കത്തില്‍ ഉള്‍പ്പെടുന്നില്ല എന്നത് സത്യമാണ്. പക്ഷെ ഇത് എന്‍ഡോഗമസ് അല്ലെങ്കില്‍ ഇടവക രൂപം കൊണ്ടതിനു ശേഷം ഈ ഇടവകയിലെ അംഗത്തിനെ വിവാഹം കഴിച്ചുകൊണ്ട് കത്തോലിക്കാ വിശ്വാസം സ്വീകരിച്ച ആര്‍ക്കും (പഞ്ചാബിയോ ബീഹാറിയോ ബംഗാളിയോ ആരുമാവട്ടെ) ഈ ക്നാനായാ ഇടവകയില്‍ അംഗമാകാം.
സമുദായത്തില്‍ നിന്നും മാറി വിവാഹം കഴിക്കുന്നവരെ ഉള്‍പ്പെടുത്തുന്ന ഇത്തരം ഇടവകകള്‍ നമ്മള്‍ സ്വീകരിച്ചാല്‍ പാരമ്പര്യങ്ങള്‍ക്ക് വിലകല്പിക്കാതെ സമ്പത്തിനും ജീവിത സൗകര്യങ്ങള്‍ക്കും അമിത പ്രാധാന്യം നല്‍കി, നമ്മുടെ യുവാക്കള്‍ അന്യ സമുദായ അംഗങ്ങളെ വിവാഹം കഴിക്കുകയും, കുടുംബസമേതം നമ്മുടെ ക്നാനായ ഇടവകകളില്‍ തടസം കൂടാതെ തുടരുകയും ചെയ്യും. അങ്ങിനെയെങ്കില്‍ ഈ ക്നാനായാ ഇടവകയും നമ്മള്‍ നിലവില്‍ അംഗങ്ങളായ സീറോ മലബാര്‍ ഇടവകയും തമ്മില്‍ എന്താണ് വ്യത്യാസം....?  കഷ്ടപ്പെട്ട് ഉണ്ടാക്കുന്ന നമ്മുടെ സമ്പാദ്യം കൊണ്ട് പള്ളിക്കുള്ളില്‍ ഒരു കുരിശു പള്ളി പോലുള്ള ഇത്തരം നോണ്‍ എന്‍ഡോഗമസ് ഇടവകകള്‍ എന്തിനു നേടിയെടുക്കണം....?. നിലവിലുള്ള സീറോമലബാര്‍ ഇടവകകളില്‍ തുടര്‍ന്നുകൊണ്ട് നമ്മുടെ സമുദായ കൂട്ടായ്മകളില്‍ സജീവമായി, തനിമയും പാരമ്പര്യവും, സംസ്കാരവും, പൈതൃകവും സംരക്ഷിച്ചു കൊണ്ട് ആത്മാഭിമാനിയായ ക്നാനായാക്കാരനായി ഈ മഹാനഗരത്തില്‍ ജീവിക്കുന്നതല്ലേ ഇതിലും ഭേദം..........
അമേരിക്കയിലും തുടക്കത്തില്‍ ക്നാനായ ഇടവകകള്‍ വരുന്നു എന്ന് പറഞ്ഞു പണപ്പിരിവുകള്‍ നടത്തി. നാട്ടിലേതുപോലുള്ള ക്നാനായ ഇടവക എന്ന് തെറ്റിദ്ധരിച്ച (അല്ലെങ്കില്‍ തെറ്റിദ്ധരിപ്പിച്ചു) ജനം ആത്മാര്‍ഥമായി സഹകരിച്ചു പള്ളികള്‍ വാങ്ങി. പിന്നീട് ഇടവകകള്‍ വന്നപ്പോഴാണ് ഇടവകയുടെ യഥാര്‍ഥ സ്റ്റാറ്റസ് ജനം അറിയുന്നത്. അതുകൊണ്ടുതന്നെ സഭാനേതൃത്വത്തെയും മിഷന്‍ നേതൃത്വത്തെയും നമ്മള്‍ അന്ധമായി വിശ്വസിക്കരുത്.
ക്നാനായ ഇടവക വേണം എന്ന് പറയുന്നതിന് പകരം എന്‍ഡോഗമസ് ക്നാനായ ഇടവക വേണം എന്ന് പറഞ്ഞു നാം പരിശീലിക്കുക.
ഇത് വായിക്കുമ്പോള്‍ ചില ബുദ്ധിമാന്മാര്‍ പറഞ്ഞേക്കാം ഇവിടെ എന്‍ഡോഗമസ് അല്ലാത്ത ഇടവകയ്ക്കാണ് നാം ശ്രമിക്കുന്നതെന്ന് സഭാനേതൃത്വവും മിഷനും പറഞ്ഞിട്ടില്ലല്ലോ എന്ന്. ശരിയാണ് അമേരിക്കയിലും അങ്ങിനെ പറഞ്ഞിരുന്നില്ല പക്ഷെ സംഭവിച്ചത് മറിച്ചാണ്.
മറ്റുചില അതിബുദ്ധിമാന്മാര്‍ പറഞ്ഞേക്കാം, ഇത്തരം കാര്യങ്ങള്‍ നാം തുടക്കത്തിലേ ചര്‍ച്ച ചെയ്യുന്നത് ബുദ്ധിയല്ല, നമുക്ക് ക്നാനായ ഇടവക എന്ന് പറഞ്ഞു മുന്നോട്ടുപോകാം, ഒടുവില്‍ ഇടവക അനുവദിക്കുന്ന ഘട്ടത്തില്‍ എന്‍ഡോഗമി ചര്‍ച്ച ചെയ്യാം. ഇത് തന്നെയാണ് അമേരിക്കയിലും സംഭവിച്ചത്, തുടക്കത്തില്‍ ക്നാനായ ഇടവക എന്ന് പറഞ്ഞു മുന്നോട്ടു നീങ്ങി, ഒടുവില്‍ ഇടവക അനുവദിക്കുന്ന ഘട്ടത്തില്‍ ഇടവക എന്‍ഡോഗമസ് അല്ല എന്ന് തിരിച്ചറിഞ്ഞ കെ.സി.സി.എന്‍.ഏ പോലുള്ള സംഘടനകള്‍ നോണ്‍-എന്‍ഡോഗമസ് ഇടവകകള്‍ സ്വീകരിക്കരുത് എന്ന് നിര്‍ബദ്ധം പിടിക്കുകയും ചര്‍ച്ചകളില്‍ നിന്നു വിട്ടു നില്‍ക്കുകയും ചെയ്തു. പക്ഷെ അവരുടെ അഭിപ്രായത്തെ മറികടന്നു കോട്ടയത്തെ സഭാനേതൃത്വം അത്തരം ഇടവകകള്‍ അവിടെ സ്വീകരിക്കുകയാവണുണ്ടായത്. ഇത് ഡല്‍ഹിയിലും ആവര്‍ത്തിച്ചെക്കാം
നമ്മുടെ കൂടാരയോഗങ്ങളില്‍ ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നു വരണം . എന്‍ഡോഗമസ് ആയ ക്നാനായ ഇടവകകള്‍ മാത്രമേ നമ്മള്‍ സ്വീകരിക്കുകയുള്ളൂ എന്നും അതല്ലാത്ത യാതൊരുവിധ സഭാ സംവീധാനങ്ങളും നമുക്ക് സ്വീകാര്യമല്ലെന്നും ഒറ്റക്കെട്ടായി തീരുമാനിക്കണം.
ഇതിനോടകം തന്നെ ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ്‌ ഡല്‍ഹി ഘടകം, മയൂര്‍വിഹാര്‍ ഫേസ് - 3 ക്നാനായ കൂടാരയോഗം, ആശ്രമം ക്നാനായാ കൂടാരയോഗം എന്നിവര്‍ ഇക്കാര്യത്തില്‍ അതിശക്തമായ നിലപാട് എടുത്തു കഴിഞ്ഞിരിക്കുന്നു. സ്വവംശവിവാഹനിഷ്ട അനുഷ്ട്ടിക്കാന്‍ അവകാശമില്ലാത്ത യാതോരുവിധ സഭാസംവിധാനങ്ങളും സ്വീകാര്യമല്ലെന്ന് അവര്‍ ഏക സ്വരത്തില്‍ തീരുമാനിച്ചിരിക്കുന്നു. ഇത് ഡല്‍ഹിയിലെ മറ്റു കൂടാരയോഗങ്ങളും, D.C.S, K.C.Y.L തുടങ്ങിയ സംഘടനകളും മാതൃകയായി സ്വീകരിക്കുകയും സൂര്യചന്ദ്രന്‍മാര്‍ ഉള്ളിടത്തോളം കാലം ക്നാനായസമൂഹം അഭംഗുരം നിലനില്‍ക്കുന്നതിന് എന്‍ഡോഗമസ് അല്ലാത്ത സഭാസംവീധാനങ്ങളെ തള്ളിക്കളയുന്ന അതി ശക്തമായ നിലപാടുകള്‍ എടുക്കുകയും വേണം.
സമീപഭാവിയില്‍തന്നെ നമ്മുടെ തനിമയും പാരമ്പര്യവും സംസ്കാരവും പൈതൃകവും കാത്തുസൂക്ഷിക്കാന്‍ കഴിയുന്ന എന്‍ഡോഗമസ് ക്നാനായ ഇടവകകള്‍ ഈ തലസ്ഥാനനഗരിയില്‍ പലയിടത്തും പരിശുദ്ധ സിംഹാസനം അനുവദിക്കട്ടെ എന്ന് ആഗ്രഹിച്ചുകൊണ്ട്‌,……. സ്വപ്നം കണ്ടുകൊണ്ട്......, ഈ സ്വപ്നം ഉടനെ പൂവണിയാന്‍ ആത്മാര്‍ഥമായി പ്രാര്‍ഥിച്ചുകൊണ്ട്……..
സ്നേഹപൂര്‍വ്വം
...........................
(ഈ തൂലികയിലൂടെ പ്രതിഫലിച്ചത് ഏതെങ്കിലും ഒരു ക്നാനായക്കാരന്റെ അതിരുകടന്ന വികാരപ്രകടനമോ, ധാര്‍മ്മിക രോക്ഷമോ അല്ല, മറിച്ച് ഡല്‍ഹിയിലെ അയ്യായിരത്തില്‍പരം വരുന്ന ആത്മാഭിമാനികളായ ക്നാനായക്കാരുടെ നാളെയെക്കുറിച്ചുള്ള ആശങ്കകള്‍ ആണ്. കണ്ണുള്ളവര്‍ കാണട്ടെ……. ചെവിയുള്ളവര്‍ കേള്‍ക്കട്ടെ…………… ശുദ്ധരക്തം സിരകളിലൂടെ ഒഴുകുന്ന ഡല്‍ഹിയിലെ ഓരോ ക്നാനായക്കാരനും ഈ തൂലികയ്ക്ക് ഊര്‍ജം പകര്‍ന്നു.  അതുകൊണ്ടുതന്നെ ഇത് ആര് എഴുതി എന്ന ചോദ്യം തീര്‍ത്തും അപ്രസക്തമാവുന്നു.)

2 comments:

  1. After Delhi, focus is on Bangalore.
    Planning to establlish 3 churches here in Bangalore...
    Tomorrow when Bangalore dioses (for Syro-Malabar) is established, all these would be attached to them...

    y DON'T we learn from experiences???

    ReplyDelete
  2. This is WELL WRITTEN by a TRUE KNANAYA INTELLIGENT PERSON. This article is ABSOLUTELY RIGHT. It needs to be communicated to ALL KNAS around the world through 'American Kna', facebook, and OTHER mediums. Hats off man (or woman).

    ReplyDelete