പ്രിയ അമേരിക്കന്‍ ക്‌നാനായ സഹോദരങ്ങളെ,
പതിനേഴ് നൂറ്റാണ്ടുകളായ നമ്മുടെ തനിമയോടുകൂടിയ
നിലനില്പിനെയും വിശുദ്ധനായ പത്താം പിയൂസ് മാര്‍പാപ്പയുടെ ''ഇന്‍ യൂണിവേഴ്‌സി
ക്രിസ്ത്യാനി'' എന്ന തിരുവെഴുത്തിനെയും അവഗണിച്ചുകൊണ്ട് ബിഷപ്പ് ജേക്കബ്
അങ്ങാടിയത്ത് അമേരിക്കയിലെ ക്‌നാനായ കത്തോലിക്കാ ഇടവകകള്‍ക്ക് ഒരിടയലേഖനം
പുറപ്പെടുവിച്ചിരിക്കുന്നതായി കണ്ടു. അതില്‍ ഷിക്കാഗോ രൂപതയില്‍ എന്‍ഡോഗമി
പാലിക്കുന്ന ഇടവകകള്‍ ഇല്ല എന്നും കാണുകയുണ്ടായി. അപ്പോള്‍ എന്തിനാണ് അമേരിക്കയില്‍
ക്‌നാനായ മിഷനുകളും ഇടവകകളും? ക്‌നാനായ വൈദികരുടെ
ആവശ്യവും ഇല്ലാതായിരിക്കുന്നു. ഇതു തന്നെയാണ് ഇതിനു പുറകില്‍ പ്രവര്‍ത്തിച്ചവരുടെ
രഹസ്യഅജണ്ടയുടെ കാതല്‍. ഇതൊരു വഞ്ചനയാണ്. അണിയറയില്‍ പ്രവര്‍ത്തിച്ചവര്‍ ഇപ്പോള്‍
പരസ്യമായി രംഗത്തുവന്നുകൊണ്ടിരിക്കുന്നു.
2011 ആഗസ്റ്റ് 26-ന് ചൈതന്യയില്‍ വെച്ചുനടത്തിയ പ്രവാസി
സംഘമത്തില്‍ വികാരി ജനറാള്‍ മോണ്‍. അബ്രഹാം മുത്തോലത്ത് ഒരു പ്രബന്ധം
അവതരിപ്പിച്ചിരുന്നു. ഒരു പ്രതിഷേധ കരിങ്കൊടി ഉയര്‍ത്തലിനുശേഷമായിരുന്നു
പ്രബന്ധാവതരണം തുടങ്ങാന്‍ അദ്ദേഹത്തിനായത്. (അതിനു കാരണമായത് അദ്ദേഹം 2011 ജൂലൈ
3-ന് പുറപ്പെടുവിച്ച പാരിഷ് ബുള്ളറ്റിനിലെ ക്‌നാനായ വിരുദ്ധപരാമാര്‍ശനങ്ങളായിരുന്നു).
രംഗമാകെ അലങ്കോലമാകുകയും തല്‍സമയ സംപ്രേക്ഷണത്തിലൂടെ ലോകം
മുഴുവന്‍ അതുകാണുകയും ചെയ്തതിനുശേഷമേ സംഗമത്തിന്റെ തത്സമയ പ്രക്ഷേപണം നിര്‍ത്തിവയ്ക്കുവാന്‍
കഴിഞ്ഞുള്ളൂ. അതിനാല്‍ തയ്യാറാക്കിക്കൊണ്ടുവന്ന പ്രബന്ധത്തിനുപകരം എന്തൊക്കയോ
പറഞ്ഞ് അവസാനിപ്പിക്കുകയായിരുന്നു മുത്തോലത്തച്ചന്‍.
അതിനുശേഷം സദസ്യരുടെ ചോദ്യങ്ങള്‍ക്കു മറുപടിയായി
പ്രധാനമായും മൂന്നു കാര്യങ്ങളാണ് മോണ്‍സിഞ്ഞോര്‍ ഉത്തരമായി നല്‍കിയത്.
ഒന്ന്: അമേരിക്കയിലെ ക്‌നാനായ പള്ളികള്‍ ക്‌നാനായക്കാരുടെ
പേരിലാണ് വാങ്ങുന്നത്, ബിഷപ്പിന്റെ പേരിലല്ല. തിരിച്ചറിയുന്നതിനായി ആധാരത്തില്‍
സീറോമലബാര്‍സഭവക എന്നു രേഖപ്പെടുത്തും എന്നുമാത്രം.
രണ്ട്: ക്‌നാനായ രൂപത ലഭിക്കുന്നതിനായി ഞാന്‍ ഒന്നുംതന്നെ
ചെയ്യുന്നില്ല. അതല്ല എന്റെ പണി. അതെല്ലാം അങ്ങാടിയത്ത് പിതാവും മൂലക്കാട്ട്
പിതാവുകൂടി ചെയ്തുകൊള്ളും. നിങ്ങള്‍ നിങ്ങളുടെ പണി നോക്കുക, ഞങ്ങള്‍
അമേരിക്കയില്‍ ഞങ്ങളുടെ കാര്യങ്ങള്‍ നോക്കിക്കൊള്ളാം ഉപദ്രവിക്കാതിരുന്നാല്‍ മതി.
മൂന്ന്: അങ്ങാടിയത്ത് പിതാവ് വിശുദ്ധനായ ഒരു മനുഷ്യനാണ്.
അദ്ദേഹം നമ്മുടെ കാര്യങ്ങളില്‍ ശ്രദ്ധാലുവാണ്.
ഈ വിശുദ്ധനായ ബിഷപ്പാണ് നിങ്ങള്‍ അമേരിക്കയില്‍ നിര്‍മ്മിച്ച
11 പള്ളികളുടെയും കൂദാശകള്‍ തനിച്ച് നടത്തിയത്. മൂലക്കാട്ട് പിതാവ് ഇതിനെല്ലാം
കാഴ്ചക്കാരനായിരുന്നുവല്ലോ. സ്ഥലം ബിഷപ്പിനാണ് പള്ളികള്‍ കൂദാശ ചെയ്യുവാന്‍ കാനോന്‍
നിയമം അധികാരം നല്‍കുന്നത്. അതാണ് ശരിയും. എന്നാല്‍, ഇനിയും നമ്മെ
അറിയിച്ചിട്ടില്ലാത്ത മറ്റൊരു ശരിയും കാനോന്‍ നിര്‍ദ്ദേശിക്കുന്നുണ്ട്. അതായത്,
അധികാരപ്പെട്ട ബിഷപ്പ് അനുവദിച്ചാല്‍ (മനസു തോന്നിയാല്‍) മറ്റു ബിഷപ്പുമാര്‍ക്കും
അതിനു അനുവാദമുണ്ട് എന്നു ചുരുക്കം. കാനോന്‍,
പള്ളിക്കൂദാശകളെയും വെഞ്ചരിപ്പുകളെയുംപറ്റി നിര്‍ദ്ദേശിച്ചിരിക്കുന്നതിപ്രകാരമാണ്:
''ദൈവാലയ
കൂദാശകര്‍മ്മം രൂപതാമെത്രാനു സംവരണം ചെയ്യപ്പെട്ടിരിക്കുന്നു. എന്നാല്‍
അദ്ദേഹത്തിന് ആ അധികാരം വേറൊരു മെത്രാനു കൊടുക്കാവുന്നതാണ്.
രൂപതാ കച്ചേരിയില്‍ സൂക്ഷിക്കപ്പെടേണ്ടതിനായി ദൈവാലയ കൂദാശയ്‌ക്കോ വെഞ്ചരിപ്പിനോ ശേഷം ഇതിനെപ്പറ്റി ഒരു രേഖ
എഴുതിയുണ്ടാക്കേണ്ടതാണ്.'' (CCEO- 871:2)
ഒരു രേഖ എഴുതിയുണ്ടാക്കുന്ന ബുദ്ധിമുട്ടു മൂലമാണോ 11
പള്ളികളില്‍ ഒന്നിന്റെ എങ്കിലും കൂദാശ നടത്തുന്നതിന് മൂലക്കാട്ടു പിതാവിനെ
അനുവദിക്കാതിരുന്നത് എന്ന് നിങ്ങളുടെ വികാരി ജനറാളിനോടും അങ്ങാടിയത്ത് പിതാവിനോടും
ഒരു സംശയനിവൃത്തിക്കുവേണ്ടിയെങ്കിലും ചോദിക്കാവുന്നതാണ്. വിശുദ്ധനായ ഈ അങ്ങാടിയത്ത്
മെത്രാനാണ് കാനാനായക്കാര്‍ സ്വന്തമായി വാങ്ങിയ പതിനൊന്ന് പള്ളികളും ഒരു സര്‍ക്കുലറിലൂടെ
സ്വന്തമാക്കിയിരിക്കുന്നതെന്ന് ഇപ്പോള്‍ നിങ്ങള്‍ അറിഞ്ഞല്ലോ! ഇനിയെങ്കിലും മാര്‍
അങ്ങാടിയത്ത് പിതാവിനു കൂദാശ ചെയ്യുവാന്‍ ഒരു ക്‌നാനായപള്ളി ഉണ്ടാകാതിരിക്കട്ടെ!
നിങ്ങളെ അമേരിക്കയില്‍ നയിക്കാന്‍ ചുമതലപ്പെട്ട മോണ്‍സിഞ്ഞോര്‍ക്ക്
കാനോന്‍ നിയമവുമറിയില്ല, ക്‌നാനായചരിത്രവുമറിയില്ല.
എന്തിന്, കോട്ടയം അതിരൂപതയുടെ നാള്‍വഴികളെക്കുറിച്ച് അദ്ദേഹം തികഞ്ഞ
അജ്ഞനുമാണ്,. അല്ലെങ്കില്‍ അദ്ദേഹം അജ്ഞത അഭിനയിക്കുന്നു. ഉദാഹരണത്തിന്
മുന്‍പു നാം സൂചിപ്പിച്ച 2011 ജൂലൈ 3-ലെ പാരീഷ് ബുള്ളറ്റിനില്‍ മുഴുവന്‍
അബദ്ധങ്ങളും അര്‍ദ്ധസത്യങ്ങളുംകൊണ്ട് നിറച്ചിരിക്കുകയാണ്. അതില്‍ പറയുന്നു;
''ക്‌നാനായ സമുദായത്തെ ഒരു വ്യക്തിഗത സഭയായി കാണുന്നില്ലെങ്കിലും, സീറോമലബാര്‍ സഭയ്ക്കുള്ളില്‍
തനതാത്മകതയുള്ള വ്യക്തിഗതസഭാസംവിധാനം അനുഭവിച്ചുപോരുന്നു.'' അതായത് നാം അര്‍ഹതയില്ലാത്തത്
അനുഭവിക്കുന്നു എന്നും, അതിനാല്‍ ചില അഡ്ജസ്റ്റുമെന്റുകള്‍ക്ക് നാം തയ്യാറാകണമെന്നും
മോണ്‍സിഞ്ഞോര്‍ പറഞ്ഞുവെച്ചിരിക്കുന്നു.
തെക്ക് കന്യാകുമാരി മുതല്‍ വടക്ക് മംഗലാപുരം-മൈസൂര്‍
വരെയുള്ള പ്രദേശങ്ങളിലെ ക്‌നാനായക്കാരുടെ അജപാലനത്തിനായി കോട്ടയത്ത് ഒരു
രൂപതമാത്രമേയുള്ളൂ എന്ന കാര്യമെങ്കിലും മോണ്‍സിഞ്ഞോര്‍ക്കറിയില്ല എന്നു വരുമോ?
അപ്പോള്‍ പ്രസ്തുതപ്രദേശങ്ങളിലുള്ള ക്‌നാനായ കത്തോലിക്കരുടെമേല്‍
വ്യക്തിഗതാധികാരമാണ് കോട്ടയം മെത്രാനുള്ളത്. ഇത് അംഗീകരിക്കാന്‍ മോണ്‍:
മുത്തോലത്ത് തയ്യാറാകുന്നില്ല.
ക്‌നാനായ കത്തോലിക്കര്‍ക്കു മാത്രമായി വികാരിയത്ത്
അനുവദിച്ച് ചങ്ങനാശേരിയിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കണം എന്നു കാണിച്ചുകൊണ്ടുള്ള
അന്നത്തെ മൂന്നു സുറിയാനി അപ്പസ്‌തോലിക്കാമാര്‍ റോമിനയച്ച സംയുക്ത നിവേദനമോ,
''ഇന്‍ യൂണിവേഴ്‌സി ക്രിസ്ത്യാനി'' എന്ന പത്താം പീയൂസ് മാര്‍പാപ്പയുടെ
തിരുവെഴുത്തോ മോണ്‍സിഞ്ഞോര്‍ കണ്ടിട്ടുണ്ടെന്നുതോന്നുന്നില്ല. 1955-ല്‍ സീറോമലബാര്‍
സഭയുടെ അധികാരപരിധി വര്‍ദ്ധിപ്പിച്ചപ്പോള്‍ ആ പ്രദേശങ്ങളിലേക്കും കോട്ടയം
മെത്രാന്റെ വ്യക്തിഗതാധികാരവും നീട്ടിക്കിട്ടിയ കാര്യവും അദ്ദേഹം അറിഞ്ഞിട്ടില്ല.
സ്വന്തം പൈതൃകത്വത്തിന്മേല്‍ പുഴുക്കുത്തുണ്ടാക്കുന്ന ഇത്തരക്കാരെ നാം
തിരിച്ചറിഞ്ഞ് നിഷ്‌ക്കാസനം ചെയ്യുകതന്നെവേണം.
അമേരിക്കന്‍ കോടതിയില്‍ കേസ് എത്തിയതിനാല്‍, അങ്ങാടിയത്ത്
ബിഷപ്പിന്റെ ഇടയലേഖനം അവ്യക്തമാണെന്നും അതിന് ഇനിയും വ്യക്തത
വേണ്ടിയിരിക്കുന്നുവെന്നും പറഞ്ഞ് പുതിയ തിരുത്തല്‍ രേഖയ്ക്കായി മോണ്‍:
മുത്തോലത്ത് ഇറങ്ങിപുറപ്പെട്ടതിന്റെ പുറകിലുള്ള തട്ടിപ്പ് നിങ്ങള്‍
തിരിച്ചറിഞ്ഞിരിക്കുന്നു. വരുംനാളുകളിലും ഉണ്ടാകുവാന്‍ സാദ്ധ്യതയുള്ള
തന്ത്രങ്ങളിലും മന്ത്രങ്ങളിലും ആരും അകപ്പെടുകയില്ല എന്നും ഞങ്ങള്‍ക്കുറപ്പുണ്ട്.
ഇന്ത്യന്‍ കോടതികള്‍ പോലെയല്ലല്ലോ അമേരിക്കന്‍ കോടതികള്‍. ആ ബോധവും തല്പരകക്ഷികളെ
അസ്വസ്ഥരാക്കുന്നുണ്ട്.
കത്തോലിക്കാ ബിഷപ്പുമാരുടെ പേരിലുള്ള കോടതി കേസുകള്‍ അത്ര
പുതുമയുള്ളതല്ല. കേരളത്തില്‍ ലിറ്റില്‍ ഫ്‌ളവര്‍ കോണ്‍വെന്റിന്റെ അധീനതയിലുള്ള
ഞാറയ്ക്കല്‍ ഹൈസ്‌ക്കൂളും, മഠവും, അനാഥമന്ദിരവും
കൈവശപ്പെടുത്തുവാന്‍ ശ്രമിക്കുകയും അനാഥമന്ദിരത്തിന്റെ ചുമതലക്കാരിയായ സിസ്റ്റര്‍
റെയ്‌സി റോസിനെ വൈദികരും ഗുണ്ടകളും ചേര്‍ന്ന് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയുമുണ്ടായി.
സിസ്റ്റര്‍ റെയ്‌സി നല്‍കിയ പരാതിയിന്മേല്‍ കൊച്ചി മജിസ്‌ട്രേട്ട് കോടതിയില്‍ കേസ്
ഫയല്‍ ചെയ്യുകയും ചെയ്തു. എറണാകുളം സഹായമെത്രാനും മൂന്നു വൈദികരും ഉള്‍പ്പെടെ 16
പേര്‍ക്കെതിരായാണ് കേസ്. അതിനെ തുടര്‍ന്ന് പള്ളിവികാരി ബലമായി പിടിച്ചെടുത്ത ഹൈസ്‌കൂളിന്റെ
അധികാര രേഖകള്‍ സര്‍ക്കാര്‍ കന്യാസ്ത്രികളെ തിരിച്ചേല്‍പിക്കുകയും ചെയ്തു.
(ലിറ്റില്‍ഫ്‌ളവര്‍ കോണ്‍വന്റ് മദര്‍ സുപ്പീരിയര്‍ മംഗളം പത്രാധിപര്‍ക്ക് 2012
ഏപ്രില്‍ 17-ന് അയച്ച കത്തില്‍ നിന്ന്)
1993 കാലഘട്ടത്തില്‍ പേപ്പല്‍ ഡലിഗേറ്റായ മാര്‍ അബ്രഹാം
കാട്ടുമനയെ കാട്ടുകള്ളന്‍വീരപ്പന്‍, കഴുത, മെനേസിസിന്റെ
പ്രേതം ബാധിച്ചവന്‍ എന്നിങ്ങനെയുള്ള മറ്റനേകം സഭ്യമല്ലാത്ത വാക്കുകള്‍ ഉപയോഗിച്ച്
ലഘുലേഖകള്‍ ഇറക്കുകയും സിനഡ് ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം നല്‍കുകയും, ആരാധനാക്രമ പ്രശ്നത്തില്‍
തങ്ങളുടെ ആവശ്യങ്ങള്‍ നടപ്പിലാകുംവരെ സഭാ ആസ്ഥാന മന്ദിരത്തിനുള്ള സാമ്പത്തിക
വിഹിതം നല്‍കില്ലാ എന്ന തീരുമാനം എടുക്കുകയും
(പ്രവാചകശബ്ദം ലഘുലേഖ, 1993 ലക്കം 1) ചെയ്തവരുടെ
പിന്‍ഗാമികളാണ് ഇന്നു നമ്മെ അച്ചടക്കവും അനുസരണവും സഹിഷ്ണതയും പഠിപ്പിക്കാന്‍
തുനിയുന്നത്.
വ്യാജരേഖ നിര്‍മ്മിക്കുക, സാക്ഷികളെ
സ്വാധീനിക്കുക എന്നിവയെല്ലാം മെത്രാന്മാര്‍ കോടതി കേസുകളുടെ വിജയത്തിനായി
എക്കാലവും സ്വീകരിക്കാറുള്ള സാധാരണ നടപടിക്രമങ്ങള്‍ മാത്രമാണ്. കാനോന്‍
നിയമത്തിന്റെ സംരക്ഷണം ഏറ്റെടുത്തിരിക്കുന്നവരാണല്ലോ നമ്മുടെ മെത്രാന്മാര്‍.
ഇതിനിടയില്‍ ക്ലേശങ്ങള്‍ സഹിക്കുന്ന മനുഷ്യര്‍ അവര്‍ക്കൊരു പ്രശ്‌നമല്ല. അതിനാല്‍
നിങ്ങള്‍ കരുതിയിരിക്കുക. സഹോദരരുടേയും രക്ഷകരുടെയും മുഖംമൂടി അണിഞ്ഞ് കള്ളന്‍
ഏതുരൂപത്തിലും ഭാവത്തിലും ഏതുനേരത്തും കടന്നുവരാം. ജാഗ്രത പാലിക്കുക!!
റ്റോമി ജോസഫ് കല്ലുപുരയ്ക്കല്‍,
ചിങ്ങവനം, കോട്ടയം,
Mobile: 944 692 4328
No comments:
Post a Comment