Wednesday, February 6, 2013

അയ്യോ ഞങ്ങളെ ചുട്ടു തിന്നുന്നേ, ഓടി വായോ....

രണ്ടാഴ്ചകള്‍ കൂടുമ്പോള്‍ ഒരു അപ്നാദേശ്. 1950 മുതല്‍ അത് മാത്രമായിരുന്നു ക്നാനയക്കാരന്റെ സ്വന്തം വാര്‍ത്ത. എത്ര പെട്ടെന്നാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. ഇന്ന് ക്നാനായക്കാരന് വായിക്കാന്‍ എന്തെല്ലാം! മുത്തോലത്തച്ചന്റെ എത്ര മാധ്യമങ്ങളെന്ന് അദ്ദേഹത്തിന് തന്നെ കണക്ക് കാണില്ല. ക്നാനായ വിശേഷങ്ങള്‍, ചികാഗോ കനാ, നോര്ത്തമേരിക്കാന്‍ കനാ, ക്നാനായ വോയിസ്‌, ക്നാനായ ഡെയലി, ഫേസ്ബുക്കില്‍ ഒരു നൂറു ഗ്രൂപ്പുകള്‍, ഇതിനെല്ലാം പുറമേ നമ്മുടെ പഴയ അമേരിക്കന്‍ ക്നാ. എല്ലാം കൂടി വാര്‍ത്തകളുടെ പെരുമഴക്കാലം.

ഈ പ്രളയത്തില്‍ ചില അത്യാവശ്യ വാര്ത്തകളെങ്കിലും വേണ്ട വിധത്തില്‍ ശ്രദ്ധിക്കപ്പെടാതെ പോകുന്നില്ലേ? തീര്‍ച്ചയായും ഉണ്ട്.
അത്തരത്തിലന്നാണ് ഈയടുത്ത ദിവസം ചിക്കാഗോ ക്നായില്‍, “ഇടവകകളും മിഷനുകളും പൂട്ടി പുരോഹിതര്‍ തിരിച്ചു പോരുക” എന്ന ശീര്‍ഷകത്തില്‍ വന്ന പോസ്റ്റ്‌.
“നല്ല ഇടയന്‍ ആടുകള്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നു” എന്ന് വിശുദ്ധ ബൈബിള്‍ (യോഹന്നാന്‍ പത്താം അദ്ധ്യായം, പതിനൊന്നാം വാക്യം). ബൈബിള്‍ വാക്യം പറയാന്‍ സത്യത്തില്‍ പേടിയാണ് തെമ്മാടി തെമ്മാടിക്കുഴി എന്ന് ഞാന്‍ അച്ചനല്ല എന്ന് പറയുന്ന അച്ചന്‍ വഴക്ക് പറയുമോ എന്ന് പേടിയാണ്. അച്ചന്മാരുടെ ശാപം മാത്രമല്ല വഴക്കുപോലും അപകടകാരിയാണ്!
നല്ല ഇടയന്‍ ആടുകള്‍ക്ക് വേണ്ടി ജീവന്‍ അര്‍പ്പിക്കുന്നയാളാണെങ്കില്‍ ചീത്ത ഇടയന്റെ കൈയിലിരിപ്പെന്തായിരിക്കും? ബൈബിളില്‍ വല്ലതും പറഞ്ഞിട്ടുണ്ടോ എന്നറിയില്ല. എന്റെ ഊഹം, കൊള്ളരുതാത്ത ഇടയന്‍ ആടിനെ കൊല്ലാന്‍ പോലും മിനക്കെടാതെ, ജീവനോടെ ചുട്ടുതിന്നും എന്നാണു. പാവം ആടിന്റെ വേദന ഒന്ന് സങ്കല്‍പ്പിച്ചു നോക്കുക. നമ്മുടെ കൈയേല്‍ അല്പം ചൂടുവെള്ളം വീണാല്‍ നമുക്ക് പ്രാണന്‍ പറിയുന്നതായി തോന്നും. അപ്പോള്‍ ജീവനോടെ ചുട്ടു തിന്നുക എന്നൊക്കെ പറഞ്ഞാല്‍ - ഹോ, എന്തൊരു കഷ്ടമാണ്!
ചിക്കാഗോ ക്നായില്‍ വന്ന പോസ്റ്റില്‍ പറഞ്ഞിരിക്കുന്നത് ശരിയാണെങ്കില്‍ മൂലക്കാട്ട് പിതാവ് അമേരിക്കയിലെ ക്നാനായ വൈദികരെ ഇപ്രകാരം ഉപദേശിച്ചത്രേ:
ജനങ്ങള്‍ പണം തരാത്ത പക്ഷം ഒന്നുകില്‍ ഇട്ടെറിഞ്ഞു പോരുക, അല്ലെങ്കില്‍ കിട്ടുന്ന കാശിനു ( പള്ളികള്‍ )വില്‍ക്കുക.
അയ്യോ, ഇങ്ങനെയും മനസ്സാക്ഷി ഇല്ലാതെ ഒരു ഇടയന്‍ പറയുമോ. കര്‍ത്താവേ, എന്താണീ കേള്‍ക്കുന്നത്?
അല്ല, അവര് ഇവിടെനിന്നു ഇട്ടെറിഞ്ഞേച്ചു പോയാല്‍ ആര്‍ക്ക് പോയി, അവര്‍ക്ക് പോയി. എവിടെ പോകാനാ? അവര്‍ക്ക് നിലനില്‍ക്കാന്‍ ഇന്കാര്ഡിനേഷന്‍ ഔട്ട്‌കാര്ഡിനേഷന്‍, എക്സ്കാര്ഡിനേഷന്‍, വൈകാര്ഡിനേഷന്‍, അങ്ങിനെ എന്തെല്ലാം സംവിധാനങ്ങള്‍ ഉണ്ട്. അവര്‍ എങ്ങും പോകത്തില്ല ഇവിടെയൊക്കെ കാണും. പക്ഷെ രണ്ടാമത്തെ കാര്യമാ കഷ്ടം. നമ്മള് വാങ്ങിയ പള്ളികലെല്ലാം അവര്‍ ഒരു മടിയും കൂടാതെ കിട്ടുന്ന കാശിനു വില്‍ക്കും. അന്നേരമാ കളി നടക്കുന്നത്. ഹേയ്, കുഞ്ഞാടുകള്‍ “മേ, മേ” എന്ന് പോലും വയ്ക്കില്ല. അടി നടക്കാന്‍ പോകുന്നത് മെത്രാനും മെത്രാപോലീത്തായും തമ്മിലായിരിക്കും. അങ്ങിനെയാണല്ലോ കൊള്ളക്കാരും. കൊള്ളയടിക്കാന്‍ പോകുമ്പോള്‍ അവര്‍ ചിരിച്ചു രസിച്ചു, തോളേല്‍ കൈയിട്ടോണ്ടാണ് പോകുന്നത്. കൊള്ളമുതലുമായി തിരിച്ചു വരുമ്പോഴാണ് തെറി, അടി, കത്തിക്കുത്ത്  എല്ലാം നടക്കുന്നത്.
അതെന്തെങ്കിലും ആകട്ടെ. നേര്ച്ചപ്പെട്ടിയില്‍ ഇട്ട കാശ് നമ്മളാരും തിരിച്ചെടുത്ത് ശീലിച്ചിട്ടില്ലല്ലോ. അല്ലേലും പള്ളിക്ക് കൊടുക്കുന്ന കാശ് തിരിച്ചു ചോദിക്കുന്നത് പിച്ചക്കാര്‍ക്ക് കൊടുത്ത കാശ് തിരിച്ചു തരണമെന്ന് പറയുന്നത് പോലെയാണ്. അച്ചന്മാര് പറയുന്നതുപോലെ, കിണറ്റിലെ വെള്ളം കോരുംതോറും വീണ്ടും ഉണ്ടായി വരുന്നതുപോലെ ഇടയന്‍ ചുട്ടു തിന്നാലും ഫീനിക്സ് പക്ഷിയെപ്പോലെ നമുക്ക് വീണ്ടും ജീവന്‍ ഉണ്ടാകുമെന്ന് വിശ്വസിക്കാം. (ഇതൊന്നും പള്ളിപറമ്പിലെ തേങ്ങാ എടുക്കുന്നവന് ബാധകമല്ല, കെട്ടോ. പള്ളിപറമ്പില്‍ നിന്ന് തേങ്ങ എടുത്താല്‍ അത്രയും കുറയുക തന്നെ ചെയ്യും. അതുകൊണ്ട് അക്കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയും ഇടയന്മാരില്‍ നിന്ന് പ്രതീക്ഷിക്കേണ്ട! അത് വേ, ഇത് റെ...)
ഇത്രയും നേരം പറഞ്ഞത് മുഴുവന്‍ തമാശ. ഇനിയാണ് വാര്‍ത്തയുടെ ഞെട്ടിക്കുന്ന ഭാഗം.
കോട്ടയത്തെ ഇടയശ്രേഷ്ടനും അമേരിക്കയിലെ പുരോഹിത പ്രമുഖരുമായി ഇടയ്ക്കിടയ്ക്ക് കോണ്‍ഫറന്‍സ് കോളുകള്‍ നടത്താറുണ്ടെന്നു വേണം വിശ്വസിക്കാന്‍. ചിക്കാഗോ ക്നാ പറയുന്നതനുസരിച്ച്, അത്തരം ഒരു കോണ്‍ഫറന്‍സ് കോള്‍ നടക്കുമ്പോള്‍ ആയിരിക്കണം, നമ്മുടെ മൂലക്കാട്ട് പിതാവ് ഒരു അറ്റകൈ പ്രയോഗം അങ്ങ് നടത്തി.
ഈയുള്ളവനായിട്ടു അതെഴുതുന്നില്ല. ചിക്കാഗോ കനാ എഴുതിയത് ഇതാ അപ്പടി:
ക്നാനായ റീജിയന്‍ വൈദീകരുടെ മീറ്റിങ്ങില്‍ മൂലക്കാടനും മുത്തോലവും സത്യം അവതരിപ്പിച്ചു. ഒരു നാളില്‍ അങ്ങാടിയത്ത് പിതാവ്  ഇതൊന്നും നമ്മുടെ പള്ളികള്‍ അല്ല റോമില്‍ നിന്ന്‍ കിട്ടിയ ഉത്തരവനുസരിച്ച്  ക്നാനായ പൈതൃകത്തില്‍ അടിസ്ഥാനപ്പെടുത്തി പള്ളികള്‍ അനുവദിക്കാന്‍ പറ്റില്ലായെന്ന് തുറന്ന് പറയും  അങ്ങിനെ വന്നാല്‍ ഒരിക്കലും പള്ളികള്‍ വാങ്ങാന്‍ ക്നാനായക്കാര്‍ സമ്മതിക്കില്ല. അതുകൊണ്ട് എത്രയും പെട്ടന്ന്‍ പള്ളികള്‍ വാങ്ങി  കൂട്ടണം.
മക്കളെ ചതിച്ചോ!!!!
എന്നാലും ആരോര്‍ത്തു ഇത്രയും വലിയ ചതി ഉണ്ടാകുമെന്ന്. പലരും കുറെ നാളുകള്‍ കൊണ്ട് പറയുന്നതാണ് ഇത് ചതിയാണെന്ന്. നമ്മുടെ വിജി അല്പംസ്വല്പം തട്ടിപ്പോക്കെ കാണിച്ചേക്കുമെന്നു ഓര്‍ത്തിരുന്നു. എന്നാല്‍ എല്ലാവരും കൂടി നമ്മളെ ഇങ്ങനെ അങ്ങ് ജീവനോടെ ചുട്ടു തിന്നുമെന്ന് ആരാണോര്ത്തത്!
ഇനി വരുന്നിടത്ത് വച്ച് കാണാം. ഇവന്മാരെ ഇവിടെ നിന്ന് ഓടിക്കാതെ ക്നാനായമക്കള്‍ വിശ്രമിക്കരുത്.
മൂലക്കാടന്‍ നമ്മുടെ പിതാവല്ലെന്നു നാഴികയ്ക്ക് നാല്‍പ്പതുവട്ടം പറയുന്നുണ്ട്. എന്നാല്‍ ഇതുകൂടി കേട്ടുകൊള്‍ക, ഞങ്ങള്‍ നിങ്ങളുടെ ആടുകളുമല്ല. ഞങ്ങളെ ചുടാനായി അയച്ചവരെ ഇവിടെനിന്നു കൊണ്ടുപോ...
കൊണ്ടുപോ, കൊണ്ടുപോ, കൊണ്ടുപോ....

1 comment:

  1. ഉത്സവത്തിന്‌ എഴുന്നെള്ളിക്കുന്ന ആനയ്ക്ക് ഉത്സവം നന്നാവണം എന്നില്ല, എഴുന്നെള്ളി നടക്കണം എന്നേ ഉള്ളു. നമ്മുടെ പിതാക്കാന്‍മാര്‍ക്കും ഈ ഒരു കാഴ്ചപ്പാട് വന്നുതുടങ്ങി എന്നു തോന്നുന്നു. ഉത്സവം നന്നാവേണ്ടത് നാട്ടുകാരുടെ ആവശ്യമാണ്‌ അതുപോലെ ഈ സമുദായം നിലനിന്നുപോകേണ്ടത് അല്മായരായ നമ്മുടെ മാത്രം ആവശ്യമായി മാറിയിരിക്കുന്നു.

    ReplyDelete