Monday, January 21, 2013

വിശ്വാസം അതല്ലേ എല്ലാം?


ഈ പ്രസിദ്ധമായ പരസ്യവാചകം എല്ലാവരുടെയും മനസ്സില്‍ പതിച്ചതാണ്. എന്നാല്‍ ഹെബ്രായ ലേഖനം പറയുന്നു വിശ്വാസം എന്നത് കാണപ്പെടാത്തവ ഉണ്ട് എന്ന ബോധ്യവും ലഭിക്കുമെന്ന പ്രത്യാശയുമാണ് എന്ന്. ഈ കലിയുഗ കാലത്തില്‍ ഇത് വല്ലതും നടക്കുമോ എന്ന് നമ്മള്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഇന്നത്തെ (2012 January 20) പത്രം നോക്കിയാല്‍ മൂന്ന് സംഭവങ്ങള്‍ കാണുവാന്‍ കഴിയും.
മനുഷ്യകടത്തിന് ശ്രമിച്ച് പിടികൊടുക്കാതെ മുങ്ങി നടന്ന കത്തോലിക്കാ പുരോഹിതന്‍ പോലീസില്‍ കീഴടങ്ങി.
 യാക്കോബായ സഭയിലെ ഇടുക്കി മെത്രാപോലീത്തയെ പുറത്താക്കി.
 പെന്തികോസ് പാസ്ടര്‍ ജോലി വാങ്ങി കൊടുക്കുവാന്‍ പണം വാങ്ങി പിടിയില്‍ ആയി.
തട്ടിപ്പിന്റെ കാര്യത്തില്‍ കത്തോലിക്കനും യാക്കൊബായക്കാരനും പെന്തകൊസ്തുകാരനും ഒരുമ തനിമ. ഈ ഒരു കാര്യത്തില്‍ എങ്കിലും യേശുവിന്റെ മക്കള്‍ ഒന്നിച്ചു നില്‍ക്കുന്നു. പ്രൈസ് ദി ലോര്‍ഡ്‌ ഹല്ലെലൂയ്യ.
പണത്തിനു മീതെ പരുന്തും പറക്കും എന്നത് പഴമൊഴി എന്നാല്‍ ഇന്ന് പണത്തിനു മുകളില്‍ കൂടി പാസ്റ്റരും, പട്ടക്കാരനും പറക്കുക മാത്രമല്ല അതിനു വേണ്ടി ഏതറ്റവും വരെ പോവുകയും ചെയ്യും എന്ന് ഈ സംഭവങ്ങള്‍ നമ്മെ പഠിപ്പിക്കുന്നു. എന്തുകൊണ്ട് ഇങ്ങനെ ഒക്കെ സംഭവിക്കുന്നു?. ആരാണ് ഇതിനു ഉത്തരവാദികള്‍ എന്ന് നമ്മള്‍ വിശകലനം നടത്തുമ്പോള്‍ നമുക്ക്  ഒരു കാര്യം ബോധ്യമാകും. പുരോഹിതരോടുള്ള അമിതമായ ഭക്തിയും വിശ്വാസവും അവര്‍ മുതലെടുക്കുവാന്‍ ശ്രമിക്കുന്നു. ലോകമോഹങ്ങള്‍ യേശുവിന്റെ പിന്തുടര്‍ച്ചക്കാര്‍ എന്ന് പറയുന്നവരിലും സംഭവിച്ചിരിക്കുന്നു. പുതിയ കാര്‍, ആടംഭരവസ്തുക്കള്‍, മദ്യത്തിന്റെ സ്വാധീനം, വിദേശ രാജ്യങ്ങളില്‍ പോയി അടിച്ചുപൊളിക്കുക, തുടങ്ങിയ പല പല കാര്യങ്ങളിലേക്കും അവര്‍ തിരിഞ്ഞിരിക്കുന്നു. എന്ത് സംഭവിച്ചു എന്ന് വേണ്ടപ്പെട്ട അധികാരികള്‍ ചിന്തിക്കേണ്ടതല്ലേ?
വേലി ചാടിയ അമ്മയുടെ മകള്‍ മതില്‍ ചാടിയാല്‍ തെറ്റ് പറയുവാന്‍ പറ്റുമോ? രണ്ട് ഉടുപ്പ് ഉള്ളവന്‍ ഒരെണ്ണം ഇല്ലാത്തവനുമായി പങ്കുവെക്കുവാന്‍ പറയുമ്പോള്‍ രാത്രി എന്നോ പകല്‍ എന്നോ ഇല്ലാതെ പാടുപെട്ട് ഉണ്ടാക്കുന്നവ തട്ടിപ്പറിക്കുവാന്‍ ഇന്ന് പുരോഹിതര്‍ ശ്രമിക്കുന്നു
ഈ പുരോഹിതര്‍ മാത്രമാണോ ഇതിനു കാരണം. “ആര് മൂലമാണോ പ്രലോഭനം ഉണ്ടാകുന്നത് അവര്‍ക്ക് അതിലും ഭേദം കഴുത്തില്‍ തിരികല്ല് കെട്ടി കയത്തില്‍ ചാടി മരിക്കുക” എന്ന് യേശു പറഞ്ഞു. വിശ്വാസി പുരോഹിതരെ സ്നേഹിക്കുകയും ബഹുമാനിക്കുകയും വേണം എന്ന് കരുതി അവരെ അതിരുവിട്ടു വിശ്വസിക്കരുത്. അവരെ അവരുടെ ജോലികള്‍ ചൈയ്യുവാന്‍ അനുവദിക്കുക അതല്ലാതെ അതിരുവിട്ട പണം നല്‍കി അവരെ വഴി പിഴപ്പിക്കരുത്. അങ്ങനെ നമ്മള്‍ ചെയ്താല്‍ നമ്മളും കുറ്റക്കാരാണ്. അതിനു ദൈവസന്നിധിയില്‍ നാം കണക്ക് പറയേണ്ടി വരും. ഈ കാര്യത്തില്‍ സ്ത്രീകള്‍, പ്രത്യേകിച്ച് അമേരിക്കയിലെ സ്ത്രീകള്‍, ശ്രദ്ധിക്കണം. നമ്മള്‍ ഒരാളെ യുദാസ് ആക്കി മാറ്റണോ അതോ വിശുദ്ധനാക്കണോ എന്ന് നമ്മുക്ക് തീരുമാനിക്കാം. അനാവശ്യമായി ലോകകാര്യങ്ങളില്‍ വൈദീകരെ വലിച്ചിഴക്കരുത്.അവര്‍ പറയുന്നതില്‍ എന്തെങ്കിലും കഴമ്പുണ്ടോ എന്ന് ആദ്യം ചിന്തിക്കുക. യേശു പറഞ്ഞത് നിങ്ങള്‍ പ്രാവുകളെ പോലെ നിഷ്കളങ്കരും ഒപ്പം പാമ്പുകളെ പോലെ വിവേകികളും ആയിരിക്കണം എന്നാണ്.
നമുക്ക് വിവേകമതികള്‍ ആകാം. 

മാത്തുക്കുട്ടി കെ.ജെ. 

No comments:

Post a Comment