Thursday, January 31, 2013

അഭിവന്ദ്യരുടെ വിശ്വാസ വഞ്ചനകള്‍ ഒരു തിരിഞ്ഞുനോട്ടം (രണ്ടാം ഭാഗം)

ലേഖനം തുടരുന്നു......

2011ലെ അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ചുനടന്ന പ്രവാസി സംഗമത്തില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഫാ: മുത്തോലം പറഞ്ഞത് അമേരിക്കയിലെ പള്ളികള്‍ അസ്സോസിയേഷന്റേയും ചില വ്യക്തികളുടേയും പേരിലാണ് വാങ്ങിയിരിക്കുന്നത് എന്നാണ്. മാര്‍ അങ്ങാടിയത്തിന്റെ ഇടയലേഖനത്തില്‍ നിന്നും വ്യക്തമാകുന്നത് പള്ളികള്‍ അദ്ദേഹത്തിന്റെ പേരില്‍ തന്നെയാണ് എന്നാണ്. സമുദായക്കാരെകൊണ്ട് പള്ളികള്‍ വാങ്ങിച്ച് മാര്‍ മൂലക്കാട്ടിലിന്റെ അറിവോടെ മാര്‍ അങ്ങാടിയത്തിനു സമര്‍പ്പിച്ചത് ഫാ: മുത്തോലത്തിനു മെത്രാനാകാനാണെന്നു പറഞ്ഞാല്‍ നിഷേധിക്കുമോ?
കോട്ടയം അതിരൂപതയിലെ ഒരു വൈദീകനായി നിന്നാല്‍ മെത്രാന്‍ സ്ഥാനം ലഭ്യമാകുവാന്‍ സാദ്ധ്യത കാണാഞ്ഞതിനാല്‍ ഫാ: മുത്തോലം കുറെ മാസങ്ങള്‍ക്കു മുന്‍പ് ഷിക്കാഗോ രൂപതയിലെ വൈദീകനായി കാലുമാറിയിരുന്നു. അതുവഴി ക്‌നാനായക്കാരുടെ വികാരി ജനറാള്‍ എന്ന സ്ഥാനവും അദ്ദേഹം നഷ്ടമാക്കിയിരിക്കുന്നു. ഫാ: മുത്തോലത്തിന്റെ ഈ കാലുമാറ്റത്തെക്കുറിച്ച് അദ്ദേഹത്തെ അമേരിക്കയിലേക്കയച്ച കോട്ടയം അരമനയില്‍ നിന്നും വിശദീകരണം തരണം.
അങ്ങാടിയത്ത് പിതാവാണ് നമ്മുടെ പിതാവെന്ന് അമേരിക്കയില്‍ വേദപാഠത്തില്‍ കുട്ടികളെ പഠിപ്പിക്കുകയും സമുദായമെത്രാന്‍ മാര്‍ മൂലക്കാട്ടാണെന്ന് വാക്കാല്‍ പറഞ്ഞു പഠിപ്പിക്കുകയും ചെയ്യുന്നു. ഈ ഇരട്ടമുഖം എന്തിനെന്നു വിശദമാക്കാമോ?
മെത്രാന്‍മാരുടെ കല്പനകള്‍ വിശ്വാസികള്‍ അനുസരിക്കുകയാണ് സാധാരണയെങ്കിലും ക്‌നാനായക്കാര്‍ക്കു വംശീയ ഇടവക ലഭിക്കുന്നതുവരെ Lesser evil എന്ന നിലയില്‍ മാര്‍ അങ്ങാടിയത്തിന്റെ കല്പനകള്‍ അനുസരിക്കാതിരുന്നാല്‍ എന്താണ് തെറ്റെന്ന് വിശദമാക്കാമോ?
സമുദായത്തില്‍ നിന്നും പുറത്തുപോയവര്‍ക്ക് ഇപ്പോള്‍ ഇടവകാഗത്വം കൊടുത്തിട്ട് തനതായ ഇടവക ക്‌നാനായക്കാര്‍ക്ക് ലഭിക്കുമ്പോള്‍ ക്‌നാനായക്കാര്‍ അല്ലാത്തവരെ എങ്ങനെ എങ്ങോട്ട് നീക്കും എന്ന് മാര്‍ മൂലക്കാട്ട് വിശദമാക്കണം?
1986 ല്‍ പൗരസ്ത്യ തിരുസംഘാദ്ധ്യക്ഷനായിരുന്ന ലൂര്‍ദ്ദ് സ്വമി പുറപ്പെടുവിച്ച റിസ്‌ക്രിപ്റ്റിന്റെ ആധികാരികത വ്യക്തമാക്കുമോ? സമുദായ നേതൃത്വത്തില്‍ നിന്നും ശത്രുക്കളില്‍ നിന്നും എതിര്‍പുണ്ടാകാഞ്ഞിട്ടല്ലേ ഇതുവരെ അത് തണുത്തുകിടന്നത്. ഇതില്‍ നിന്നും തന്നെ റിസ്‌ക്രിപ്റ്റിന്റെ ശക്തി ഇല്ലായ്മ വ്യക്തമാണ് ഇതു നിഷേധിക്കുന്നുണ്ടോ?
പരസ്‌നേഹമില്ലാത്ത അങ്ങാടിയത്ത് മെത്രാനും ഗ്രിഗറി മെത്രാനും
മാര്‍ അങ്ങാടിയത്ത് അമേരിക്കയില്‍ ഒരു പള്ളിവികാരി മാത്രമായിരുന്ന കാലത്ത് അദ്ദേഹത്തെ ഡ്രൈവിംഗ് പഠിപ്പിച്ച് കാറും വാങ്ങി കൊടുത്തത് ഒരു ക്‌നാനായക്കാരനാണ്. അച്ചന്‍ മെത്രാനായി കഴിഞ്ഞപ്പോള്‍ ഒരു ക്‌നാനായ കമ്മ്യൂണിറ്റി സെന്ററില്‍ കുര്‍ബാന ചൊല്ലുവാന്‍ മുന്‍പറഞ്ഞ വ്യക്തി അനുവാദം ചോദിച്ചിട്ട് കൊടുത്തില്ലെന്ന് മാത്രമല്ല കമ്മ്യൂണിറ്റിസെന്ററിനുള്ളില്‍ കുര്‍ബാന ചൊല്ലിയിരുന്നത് നിരോധിക്കുകയും ചെയ്തു. മലയാളത്തിലെ ഒരു ചൊല്ലുപോലെ ആലുവായില്‍ വെച്ചുകണ്ട അറിവുപോലും മാര്‍ അങ്ങാടിയത്ത് ക്‌നാനായ സമൂഹത്തോടു കാണിച്ചില്ല. ഇദ്ദേഹം ഒരുകത്ത് റോമിനയച്ചാല്‍ നീങ്ങാവുന്നതാണ് 1986ലെ റിസ്‌ക്രിപ്റ്റ്. ഇടതുകൈ അറിയാതെ വലതുകൈകൊണ്ട് കൊടുത്തത് വിളിച്ചു പറയുന്നവരല്ല ക്‌നാനായക്കാര്‍ എന്നാല്‍ ഇവിടെ ഉണ്ണുന്നവന്‍ അറിഞ്ഞില്ലെങ്കില്‍ വിളമ്പുന്നവനെങ്കിലും അറിഞ്ഞിരിക്കണമല്ലോ. അതിനിത്രയും പറഞ്ഞെന്നു മാത്രം.
മാര്‍ അങ്ങാടിയത്ത് മെത്രാനാകുന്നതിന് മാര്‍ കുന്നശ്ശേരിയുടെ അനുവാദവും ആവശ്യമായിരുന്നു. അതു ലഭിക്കുന്നതിനുവേണ്ടി  അദ്ദേഹം മാര്‍ കുന്നശ്ശേരിക്കു കൊടുത്ത വാഗ്ദാനങ്ങള്‍ ഒന്നുപോലും പിന്നീട് പാലിച്ചില്ല. ക്‌നാനായക്കാര്‍ വാങ്ങിയ ആറുപള്ളിയും ഒരു മഠവും വെഞ്ചരിക്കുവാന്‍ ക്‌നാനായക്കാരുടെ മെത്രാന്മാര്‍ മുക്കാട്ടിലിനെ കാപ്പ ഉടുപ്പിച്ചു കൂടെ നിര്‍ത്തിയിട്ട് ധൂപകുറ്റി ഒരു തവണ വീശാന്‍ പോലും മാര്‍ മൂലക്കാട്ടിലിന് അവസരം കൊടുത്തില്ല. മാര്‍ അങ്ങാടിയത്തിന്റെ മനോനില ഇതില്‍ നിന്നും വ്യക്തമാണ്. ക്‌നാനായക്കാര്‍ ലോകത്തിലെ എട്ടാമത്തെ അത്ഭുതമാണെന്നും മറ്റും കോട്ടയത്തു വന്നു മാര്‍ വര്‍ക്കി വിതയത്തില്‍ പറഞ്ഞിരുന്നു.
നമ്മള്‍ അത് കേട്ട് അത്യന്തം സന്തോഷിച്ചു; എന്നാല്‍ നമുക്ക് പ്രയോജനകരമായി ഒന്നും സംഭവിച്ചില്ല.
അമേരിക്കയിലെ സീറോമലബാറുകാരുടെ കാര്യങ്ങള്‍ അന്വേഷിക്കാന്‍ വത്തിക്കാന്‍ നിയമിച്ച മെത്രാനായിരുന്നു മാര്‍ ഗ്രിഗറി കരോട്ടമ്പ്രേല്‍. അദ്ദേഹം ക്‌നാനായക്കാരുടെ ആഥിത്ഥ്യവും പണവും സ്വീകരിച്ച് ചക്കരവാക്കുകള്‍ നല്‍കി നമ്മെ വഞ്ചിക്കുക മാത്രമല്ല നമുക്കെതിരായി അദ്ദേഹം വത്തിക്കാനില്‍ റിപ്പോര്‍ട്ടു കൊടുക്കുകയും ചെയ്തു. ഇപ്പോള്‍ പെന്‍ഷനായി കഴിയുന്ന അദ്ദേഹം കോട്ടയം അരമനയിലെത്തി നമ്മുടെ വാഹനത്തില്‍ ഇടവകകളിലും സ്ഥാപനങ്ങളിലും ചെന്ന് പണം പിരിക്കുകയാണ്. കേരളത്തിനു പുറത്തുള്ള  സീറോമലബാര്‍ രൂപതകളെ രക്ഷിക്കുവാന്‍. അദ്ദേഹത്തിന്റെ തൊലിക്കട്ടി അപാരംതന്നെ. ഇത്തരക്കാരുടെ കുരുട്ടു ബുദ്ധിക്ക് അറിഞ്ഞുകൊണ്ടുതന്നെ മാര്‍ മൂലക്കാട്ട് വഴിപ്പെടുകയും ചെയ്യുന്നു. കാരണം അദ്ദേഹത്തിനും ചില ഹിഡന്‍ അജണ്ടകളുണ്ട്. മുമ്പൊരിക്കല്‍ കര്‍ദ്ദിനാള്‍ ആന്റണി പടിയറ കോട്ടയത്തുവന്നു പറഞ്ഞു നിങ്ങളുടെ ആവശ്യങ്ങളെല്ലാം നിവര്‍ത്തിയാകാന്‍ പോകുന്നു വയറിംഗ് എല്ലാം കഴിഞ്ഞു സ്വിച്ചിട്ടാല്‍ മാത്രം മതി എന്ന്. വയറിംഗും സ്വിച്ച്‌ബോക്‌സും പിന്നീട് ആരാണ് പറച്ചുകളഞ്ഞതെന്നു ആരും വെളിപ്പെടുത്തുന്നില്ല. മെത്രാന്മാര്‍ തരുന്ന വാഗ്ദാനങ്ങള്‍ രേഖകളായി വാങ്ങാതെ അവരെ വിശ്വസിച്ചുകഴിഞ്ഞ ക്‌നാനായക്കാരോട് വഞ്ചനയാണ് എല്ലാവരും കാണിച്ചിട്ടുള്ളത്. എല്ലാം മറക്കാനും പൊറുക്കാനും ഞങ്ങള്‍ ഒരുക്കമാണ്. ഞങ്ങള്‍ക്കു നീതി നടത്തിതരുവാന്‍ ഇനിയും സമയമുണ്ട്.
വംശീയത അനിവാര്യമോ?
ദൈവം ഇസ്രായേല്‍ ജനത്തെ തെരഞ്ഞെടുത്തുകഴിഞ്ഞ് അവര്‍ വളര്‍ന്ന് പെരുകുകയും 12 ഗോത്രങ്ങളായി മാറുകയും ചെയ്തു. ഓരോ ഗോത്രത്തിനും വ്യക്തിത്വവും സംസ്‌ക്കാരവും തനിമയും ഉണ്ടായിരുന്നു. ദൈവമാണ് എല്ലാവരെയും പരിപാലിച്ചിരുന്നത്. ജനതകള്‍ ഗോത്രങ്ങളും വംശങ്ങളുമായി വേര്‍തിരിയുന്നത് പല ഗുണങ്ങളും ഉണ്ടാക്കുന്നുണ്ട്. സംസ്ഥാനം പഞ്ചായത്തും മുന്‍സിപാലിറ്റിയും കോര്‍പ്പറേഷനും ആയിരിക്കുന്നതെന്തിനാണ്? ഇന്‍ഡ്യന്‍ പട്ടാളം എത്രയോ റജിമെന്റുകളായി തിരിച്ചുകൊണ്ടാണ് പ്രവര്‍ത്തിക്കുന്നത്. പഞ്ചാബികളേയും ഗൂര്‍ഖകളേയും ഒരു റെജിമെന്റില്‍ ഉള്‍പ്പെടുത്തിയാല്‍ യുദ്ധംചെയ്ത് മുന്നേറാനാവില്ല. പാശ്ചാത്യ രാജ്യങ്ങളിലും വംശങ്ങള്‍ തിരിച്ചാണ് രജിമെന്റുകള്‍ രൂപീകരിച്ചിരിക്കുന്നത് നീഗ്രോറജിമെന്റുകള്‍ പ്രത്യേകമായി നിലകൊള്ളുന്നു.  മദ്രാസ് രജിമെന്റിലാണ് മലയാളികള്‍ ഏറെയും. അതുപോലെ ഓരോ വംശക്കാരെയും സംസ്ഥാനക്കാരെയും പ്രത്യേക റജിമെന്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. എല്ലാ ഇന്‍ഡ്യന്‍ പട്ടാളക്കാരെയും ഒറ്റകൂട്ടമായി നിലനിര്‍ത്തിയാല്‍ ഇവിടെ ഒന്നും നടക്കില്ല. ക്‌നാനായക്കാരുടെ വംശീയത ഇല്ലാതാക്കിയാല്‍ ആര്‍ക്കും ഒരു ഗുണവും ഉണ്ടാവില്ല. അവര്‍ അങ്ങനെ നിലനില്‍ക്കുന്നതുകൊണ്ട് സഭയ്ക്കും സമൂഹത്തിനും ഗുണമേ ഉണ്ടാകു. പുതുപണത്തിന്റെ തള്ളലില്‍ എല്ലാം തനിക്കാക്കാന്‍ നടക്കുന്ന ചിലരുടെ ഗൂഢതന്ത്രത്തില്‍ ക്‌നാനായ സമുദായ നേതാക്കളും വീണുപോയിരിക്കുന്നു എന്നത് അത്യന്തം ഖേദകരമായിരിക്കുന്നു. ഇതാണ് യഥാര്‍ത്ഥത്തില്‍ ചരിത്രപരമായ തെറ്റ്.
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
ക്‌നാനായ ഫെലോഷിപ്പ് പ്രസിഡന്റ്

No comments:

Post a Comment