Thursday, January 17, 2013

നമ്മള്‍ വാങ്ങും പള്ളികളെല്ലാം നമ്മുടെയാകും പൈങ്കിളിയെ.....

ഇന്ന് വടക്കേ അമേരിക്കയിലെ ക്നാനായസമൂഹം ചിക്കാഗോ സീറോമലബാര്‍ രൂപതയിലെ ക്നാനയക്കാരുടെ വികാരി ജനറാള്‍ ആയ ഫാ. അബ്രാഹം മുത്തോലത്തിനെ ആവശ്യത്തിലേറെ പീഡിപ്പിക്കുന്നുണ്ടോ - മെന്റലി, ഫിസിക്കലി ആന്‍ഡ്‌ മെറ്റാഫിസിക്കലി? അദ്ദേഹം ക്നാനായ സമുദായത്തിലെ ഒരു “വിപ്പിംഗ് ബോയ്‌” ആയിക്കൊണ്ടിരിക്കുകയാണോ?

സാധാരണഗതിയില്‍ എന്ത് പ്രശ്നത്തെയും ഒരു മന്ദസ്മിതത്തില്‍ ഒതുക്കാന്‍ കഴിവുള്ള മുത്തോലത്തച്ചന്‍ ഇന്ന് പരിഭ്രാന്തിയിലാണ് എന്നാണ് ചിക്കാഗോയില്‍ നിന്നും ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയാണെങ്കില്‍ വിശ്വസിക്കേണ്ടത്. ചിക്കാഗോ പാരിഷ് ബുള്ളറ്റിന്റെ പഴയ ലക്കങ്ങള്‍ ഡിലീറ്റ്‌ ചെയ്തത് മറ്റെന്തിനെയാണ് സൂചിപ്പിക്കുന്നത്? വീടുവീടാന്തരം കയറി ഇറങ്ങുന്നു എന്നും, എന്തെങ്കിലും മേല്‍വിലാസമുള്ള നേതാക്കന്മാരെയെല്ലാം ഫോണില്‍ ബന്ധപ്പെടുന്നു എന്നും കേള്‍ക്കുന്നത് സത്യമാണെങ്കില്‍, അതൊക്കെ എന്തിലേയ്ക്കാണ് വിരല്‍ ചൂണ്ടുന്നത്?
കല്ലറ സ്വദേശി ജോബി തടത്തില്‍ എന്ന ക്നാനയക്കാരന്‍ ജനത്തെ സാമ്പത്തികമായി വഞ്ചിച്ചു എന്ന് കേള്‍ക്കുന്നത് ശരിയാണെങ്കില്‍, അത് ആ വ്യക്തി മാത്രം നടത്തിയ തട്ടിപ്പാണ്. അങ്ങിനെയാണോ മുത്തോലത്തച്ചന്റെ കാര്യം? പത്രോസിന്റെ പാറമേല്‍ പണിതീര്‍ത്ത, ഗ്രാനൈറ്റിനെക്കാള്‍ ഉറപ്പുള്ള കത്തോലിക്കാസഭയുടെ ഹയാരാര്‍ക്കിയിലെ ഏറ്റവും താഴെയുള്ള പുരോഹിതന്റെ തൊട്ടുമുകളിലുള്ള സ്ഥാനം മാത്രമാണ് ഫാ. മുത്തോലം അലങ്കരിക്കുന്നത്. എന്തെങ്കിലും പിഴവ് പറ്റിയാല്‍ തിരുത്താന്‍ അദ്ദേഹത്തിന്റെ മുകളില്‍ എത്ര പേരുണ്ട്? തൊട്ടടുത്ത്‌ രൂപതാധ്യക്ഷന് അങ്ങാടിയത്ത് പിതാവ്, അങ്ങ് ദൂരെ കോട്ടയത്താണെങ്കിലും കൂടെക്കൂടെ, തൊട്ടതിനും പിടിച്ചതിനും, വിവാഹത്തിനും വിവാഹമോചനത്തിനും, ഓടിയെത്തുന്ന മൂലക്കാട്ട് പിതാവ്, കാശുപിരിക്കുന്ന സമയത്തെങ്കിലും സ്നേഹത്തോടെ വന്നണയുന്ന പണ്ടാരശ്ശേരി പിതാവ് – ഇവരുടെയെല്ലാം മുകളില്‍ സാക്ഷാല്‍ ആലഞ്ചേരി വലിയ പിതാവ്. ഇവര്‍ക്കൊന്നും ഇക്കാര്യത്തില്‍ യാതൊരു ഉത്തരവാദിത്വവും ഇല്ലേ?
തനിക്ക് വേണ്ടി പള്ളികള്‍ വാങ്ങാനായി കാക്കത്തൊള്ളായിരം മാധ്യമങ്ങളിലൂടെയും വേദികളിലൂടെയും “നമ്മള്‍ വാങ്ങുന്ന പള്ളികള്‍ നമ്മുടെ തന്നെയാണ്; അങ്ങാടിയത്ത് പിതാവിന്റെയല്ല” (“നമ്മള്‍ വാങ്ങും പള്ളികളെല്ലാം നമ്മുടെയാകും പൈങ്കിളിയെ.....”) എന്ന് മുത്തോലത്തച്ചന്‍  വിളിച്ചു പറയുന്നതൊന്നും അങ്ങാടിയത്ത് പിതാവ് കേട്ടില്ലേ? ചിക്കാഗോയില്‍ തന്നെ സ്ഥിരമായി താമസിക്കുന്ന, കേള്‍വിക്കുറവൊന്നും ഇല്ലാത്ത  അദ്ദേഹം ഇതൊന്നും കേള്‍ക്കുകയും കാണുകയും ചെയ്തില്ലെങ്കില്‍, രൂപതാധ്യക്ഷന്‍ എന്ന പദവി അങ്ങേര്‍ക്കു ചേരുന്നതാണോ എന്ന് വായനക്കാര്‍ തീരുമാനിക്കുക. അല്ല, എല്ലാം അറിഞ്ഞിട്ടു മൌനം പാലിച്ചതാണെങ്കില്‍ പാവം മുത്തോലത്തച്ചന്‍ മാത്രം കുറ്റവാളി ആകുന്നതെങ്ങിനെയാണ്?
ഇനി, സ്ഥാനത്തില്‍ അങ്ങാടിയത്ത് പിതാവിനെക്കാള്‍ മുകളിലുള്ള മൂലക്കാട്ട് പിതാവ് ഇക്കാര്യത്തില്‍ എന്ത് ചെയ്തു എന്നുകൂടി നോക്കാം.
രംഗം ന്യൂജേര്‍സി. തിയതി 2008 ജൂലൈ ഇരുപത്തിയേഴ്. കെസിസിഎന്‍എ കണ്‍വെന്‍ഷന്‍ സമാപനത്തില്‍ ചെയ്ത പ്രസംഗം മൂലക്കാട്ട് പിതാവ് ഉപസംഹരിച്ചത് ഇങ്ങനെയാണ്.
“ചുരുക്കി പറഞ്ഞാല്‍ എന്‍ഡോഗമസ് ഇടവക സ്ഥാപിക്കുന്നതിന് സഭാശാസ്ത്രതിലുള്ള സാധ്യതകള്‍ വേണ്ടപ്പെട്ടവര്‍ക്ക് ബോധ്യമാകുന്നതുവരെ നമ്മുടെ ജനത്തിന് ക്നാനായ റീജിയന്റെ ആധ്യാത്മിക ശുശ്രൂഷ ലഭിക്കുന്നതിനും, നാം ഒരു സമൂഹമായി പുരോഗമിക്കുന്നതിനും നമുക്ക് ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ക്നാനായ വംശീയ ഇടവകകള്‍ വളര്‍ത്തിയെടുക്കേണ്ടത് ആവശ്യമാണ്‌. ഈ ഇടവകകളില്‍ ക്നാനയക്കാര്‍ അല്ലാത്തവര്‍ക്ക് ഒരിക്കലും അംഗത്വം ഉണ്ടായിരിക്കുന്നതല്ല. ക്നാനായ ഇടവകയും സീറോമലബാര്‍ ഇടവകയും തമ്മിലുള്ള വ്യത്യാസം ഇതാണ്. സീറോമലബാര്‍ ഇടവകയില്‍ എല്ലാവര്ക്കും അംഗത്വം ഉള്ളപ്പോള്‍ ക്നാനായ ഇടവകയില്‍ ക്നാനയക്കാര്‍ അല്ലാത്തവര്‍ക്ക് അംഗത്വം ഉണ്ടായിരിക്കുന്നതല്ല.
ഇപ്പോള്‍ നമുക്ക്‌ ലഭിച്ചിരിക്കുന്ന ഇടവകകള്‍ എല്ലാം ക്നാനായ ഇടവകകളാണ്. അവയിലൂടെ ശക്തമായ സംവിധാനം രൂപപ്പെടുത്തി നമുക്ക് എന്‍ഡോഗമസ് ഇടവകകള്‍  ലഭിക്കുന്നതിനു ഒന്നിച്ചു ശക്തമായ സംവിധാനം ഉണ്ടാക്കിയെടുക്കേണ്ടത് ആവശ്യമാണ്‌. നമ്മളാണ് നിശ്ചയിക്കേണ്ടത് നമ്മുടെ ഇടവകയില്‍ ആരൊക്കെയാണുള്ളത്; അവര്‍ എന്തൊക്കെയാണ് ചെയ്യേണ്ടത് എന്ന്‍. ഈ പശ്ചാത്തലത്തില്‍ കെ.സി.സി.എന്‍.ഏ. എക്സിക്യൂട്ടീവുമായി ഈ ദിവസങ്ങളില്‍ ഞാന്‍ സംസാരിക്കുകയുണ്ടായി. വളരെ പോസിറ്റീവ് ആയ സമീപനമാണ് അവരുടെ ഭാഗത്തുനിന്നുമുണ്ടായിരിക്കുന്നത്.
നമ്മുടെ വളര്‍ച്ചയ്ക്ക് ക്നാനായ ഇടവകകള്‍ അനിവാര്യമാണ്. നമ്മുടെ വടക്കെ അമേരിക്കയിലുള്ള ക്നാനായ സഭാസമൂഹത്തിനു ക്നാനായ വൈദികരുടെ ശുശ്രൂഷ ലഭിക്കുന്നതിനു ആവശ്യമായ പരിശ്രമങ്ങളില്‍ സഹകരിക്കുവാന്‍ കെ.സി.സി.എന്‍.ഏ. താല്പര്യം പ്രകടിക്കുന്നുവെന്നത് സന്തോഷകരമാണ്. തീര്‍ച്ചയായും കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്‌. ശക്തമായ കെ.സി.സി.എന്‍.ഏ.യും അതിശക്തമായ ക്നാനായ ഇടവകകളും കൈകോര്‍ത്തുനില്‍ക്കുന്ന ക്നാനായ സമൂഹത്തിനു മാത്രമേ വടക്കേ അമേരിക്കയിലെ ക്നാനായ അസ്തിത്വം ഉറപ്പിക്കുവാനും പുരോഗതിയിലേയ്ക്ക് നയിക്കുവാനും സാധിക്കുകയുള്ളൂ. അതിനുവേണ്ടി കലഹങ്ങള്‍ അവസാനിപ്പിച്ചു നാം ഒരു ജനമാണ്, നാം ഒന്നിച്ചു പോകേണ്ടാതാണെന്നു ചിന്തിച്ച്, മുന്നോട്ടു പോകുമ്പോള്‍ നാം വിചാരിക്കുന്നതിനേക്കാള്‍ കൂടുതല്‍ നന്മകള്‍ നല്‍കി നമ്മുടെ പിതാക്കന്മാരെ വിളിച്ച്, അനുഗ്രഹിച്ചു, നയിച്ച ദൈവം നമ്മെയും അനുഗ്രഹിക്കും. അതിനു വേണ്ട സന്മനസ്സ് നമുക്കുണ്ടാകട്ടെ. ദൈവാനുഗ്രഹത്താല്‍ ലഭ്യമായിരിക്കുന്ന സഭാ സംവിധാനം പരമാവധി പ്രയോജനപ്പെടുത്തിക്കൊണ്ട് നമ്മുടെ ജനത്തിന്റെ നന്മയ്ക്കായി ഒന്നിച്ചു പരിശ്രമിക്കണം. അതിനുവേണ്ട കൃപകള്‍ക്കായി പ്രാര്‍ഥിച്ചു കൊണ്ട് ഞാന്‍ എന്റെ പ്രസംഗം നിര്ത്തുന്നു.”
മൂലക്കാട്ട് പിതാവും പാടുന്നു, “നമ്മള്‍ വാങ്ങും പള്ളികളെല്ലാം നമ്മുടെയാകും പൈങ്കിളിയെ.....”
ഇനിയും വായക്കാര്‍ തീരുമാനിക്കുക ക്നാനായ വിശ്വാസിസമൂഹം വഞ്ചിക്കപ്പെട്ടിട്ടുണ്ടെങ്കില്‍ അതില്‍ കുറ്റവാളി മുത്തോലത്തച്ചന്‍ മാത്രമാണോ, അതോ സംഭവിച്ചത് മേല്പറഞ്ഞ മൂവര്‍സംഘത്തിന്റെ ഗൂഡാലോചനയുടെ ഫലമായിരുന്നോ?
(നാളെ തുടരും....)

1 comment:

  1. എന്‍റെ ബുദ്ധിയില്ലയ്മയില്‌ തോന്നുന്ന ഒരു കാര്യം പറയട്ടെ. ഇവിടെ മാര്‍ അങ്ങാടിയത്ത് തന്‍റെ അഭിപ്രായത്തില്‍ ഉറച്ചു നില്‍ക്കുക . ഈ ബഹളം വയ്ക്കുന്ന ബുദ്ധിയുള്ള കനാനായക്കാര്‍ തങ്ങളുടെ പള്ളി കോട്ടയം രൂപതയുടെ കീഴില്‍ വേണമെന്ന് പറയുമ്പോള്‍ വിട്ടുകൊടുക്കുക . പിന്നെ വരുന്ന കേസും , മാനഹാനിയും , മാനനഷ്ട്ടവും കൊടുക്കാന്‍ ഈ ബുദ്ധിയുണ്ടെന്ന് കരുതുന്ന ക്നാനയക്കാര്‍ കുറഞ്ഞപക്ഷം ഇന്ത്യക്ക് പുറത്തെങ്കിലും വിയര്‍ക്കും. ഇവരൊന്നും അങ്ങനെയോരവസരത്തില്‍ കോട്ടയം രൂപതയെ സഹായിക്കില്ലെന്നും അറിയുക . അഭയ കേസിന് പിരിക്കുന്നതുപോലെ , ഇതെല്ലാം സാധാരണ ജനം തന്നെ കൊടുക്കണം .
    പേര് ,വിദ്യാഭ്യാസ ഫണ്ടെന്നോ, ചാരിറ്റി ഫണ്ടെന്നോ , കെട്ടിട ഫണ്ടെന്നോ ഒക്കെയായിരിക്കും എന്ന് മാത്രം. അന്ന് ഇപ്പോള്‍ കത്തിച്ചവരോന്നും കാണില്ല രൂപതയെ താങ്ങാന്‍.

    ReplyDelete