അഭിവന്ദ്യ അങ്ങാടിയത്ത് പിതാവേ,
പിതാവ് ക്നാനായ വിശേഷങ്ങള്‍ എന്നൊരു ബ്ലോഗിനെക്കുറിച്ച്
കേട്ട് കാണാനിടയില്ല. അമേരിക്കയിലെയും, മറ്റു രാജ്യങ്ങളിലെയും ക്നാനായക്കാരില്‍
ചിലര്‍ ഇടയ്ക്കിടയ്ക്ക് വായിക്കാറുള്ള ഒരു ബ്ലോഗാണിത്. ഗ്രൂപ്പ് ബ്ലോഗായതിനാല്‍
ഇതില്‍ പങ്കാളികളായി പലരും ഉണ്ട്. അര്‍ത്ഥസമ്പുഷ്ടവും, അര്‍ത്ഥശൂന്യവുമായ ചര്‍ച്ചകളും
സംവാദങ്ങളും ഇതിലൂടെ നടക്കാറുണ്ട്.
ക്നാനായ സമുദായത്തിന്റെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമല്ലെങ്കിലും
സാധരാണക്കാരനായ ക്നാനയക്കാരന് അവന്റെ അഭിപ്രായം തുറന്നു പറയുവാന്‍ അനുവാദമുള്ള ഒരേ
ഒരു വേദിയാണിത്. ആയതിനാല്‍ ഇതിലൂടെ സമുദായത്തിന്റെ വികാരം ചിലപ്പോഴെങ്കിലും പുറത്തു
വരാറുണ്ട്. ഞങ്ങളുടെ സഭാധികാരികള്‍ക്കു - അവര്‍ അങ്ങിനെയൊന്നും സമ്മതിച്ചുതരികയില്ലെങ്കിലും
ക്നാനായ സമുദായംഗങ്ങളുടെ വികാരം അറിയാനുള്ള ഏക മാര്‍ഗമാണിത് എന്ന്
ഞങ്ങള്‍ അല്പസ്വല്പം അഹങ്കാരത്തോടെ വിശ്വസിക്കുന്നു.
ജനത്തിന്റെ സ്വരം ദൈവത്തിന്റെ സ്വരമാണെന്നര്‍ത്ഥമുള്ള
പഴമൊഴി ലത്തീന്‍ ഭാഷയിലുണ്ടെന്നു കേട്ടിട്ടുണ്ട്. അത്തരം കാര്യങ്ങള്‍ പിതാവിന് ഞങ്ങള്‍ക്കാല്‍ കൂടുതല്‍ അറിയാമല്ലോ.
പിതാവ് അമേരിക്കയിലെ, വത്തിക്കാന്റെ നേരെ കീഴിലുള്ള ചിക്കാഗോ
രൂപതയുടെ അധ്യാക്ഷനാണെന്നും, പിതാവ് തീരുമാനിക്കുന്നതുപോലെ മാത്രമേ രൂപതയിലെ കാര്യങ്ങള്‍
നടക്കുകയുള്ളൂ എന്നും നല്ലവണ്ണം മനസ്സിലാക്കികൊണ്ട്, വിനയത്തോടെ, ബഹുമാനത്തോടെ,
അങ്ങയോട് ചില സംശയങ്ങള്‍ ചോദിക്കുകയാണ്. സംശയങ്ങള്‍ ദൂരീകരിച്ചാല്‍ ഇതെഴുതുന്ന
ആളുടെ മാത്രമല്ല ആയിരക്കണക്കിന് ക്നാനായ സമുദായംഗങ്ങളുടെ നിരവധി സന്ദേഹങ്ങള്‍
മാറിക്കിട്ടും. നാട്ടിലെ കീഴ്വഴക്കം അനുസരിച്ചാണെങ്കില്‍, ചോദ്യങ്ങള്‍ക്ക് മറുപടി
പറയുക എന്നൊരു രീതി കത്തോലിക്കാ സഭാധിക്ര്‍കൃതര്‍ക്കില്ല ഇല്ല. അമേരിക്കയിലും
അങ്ങിനെതന്നെയാണോ എന്ന് തീര്‍ച്ചയില്ല. ഏതായാലും സംശയങ്ങള്‍ ചോദിക്കട്ടെ.
സംശയം ഒന്ന്:
പ്രകൃതി
ദുരന്തങ്ങള്‍ വരുമ്പോള്‍ ജനങ്ങള്‍ പ്രമേയം
പാസ്സാക്കുന്നതുകൊണ്ടോ, കൊടുങ്കാറ്റിനെ അല്ലെങ്കില്‍ പേമാരിയെ ഞങ്ങള്‍
തിരസ്ക്കരിക്കുന്നു
എന്ന് പ്രഖ്യാപിക്കുന്നത് കൊണ്ടോ ദുരന്തത്തിന് ഒരു ശമനവും ഉണ്ടാകാറില്ല.
പിതാവിന്റെ ഡിസംബര്‍ ഇരുപതാം തിയതിയിലെ സര്‍ക്കുലര്‍ (അതിനെ ഇടയലേഖനം എന്ന്
വിളിക്കാമോ എന്ന് തീര്‍ച്ചയില്ല) തിരസ്ക്കരിച്ചു കൊണ്ട് പല അല്മായസംഘടനകളും
പള്ളിപൊതുയോഗങ്ങളും പ്രമേയം പാസ്സാക്കി. അതില്‍ ഉപയോഗിച്ചിരിക്കുന്ന ഭാഷ
കണ്ട് സത്യത്തില്‍ മൂക്കത്ത് വിരല്‍ വച്ചുപോയി! കര്‍ത്താവേ, ഒരു
രൂപതാധ്യക്ഷനോടാണോ ഈ
മഹാപാപികള്‍ ഇങ്ങനെയൊക്കെ പറയുന്നത്! കലികാലം.
സംശയം ഇതാണ് – കത്തോലിക്കാസഭയില്‍ ഇത്തരത്തിലൊന്ന് സാധാരണ
ഗതിയില്‍ ഉണ്ടാകാറില്ല. തീര്‍ച്ചയായും ഇങ്ങനെ ഉണ്ടാകുന്നത്, വിരമിക്കാറായ വേളയില്‍
പിതാവിന് ഭൂഷണമല്ല. അതൊക്കെ വേറെ കാര്യം. അറിയേണ്ടതിത് മാത്രമാണ്. ഇത്തരം ജനവികാരത്തെ
പിതാവ് ചുമ്മാ അങ്ങ് "പോടാ പുല്ലേ" എന്ന മട്ടില്‍ അവഗണിക്കുമോ, അതോ ഇക്കാര്യത്തില്‍ എന്തെങ്കിലും പുനഃപരിശോധന
ഉണ്ടാകുമോ? ഞങ്ങളില്‍ പലര്‍ക്കും അറിയാന്‍ ആകാംക്ഷ കണ്ടമാനം ഉണ്ടേ..
സംശയം രണ്ടു:
അങ്ങാടിയത്ത് പിതാവിനെ ഞങ്ങള്‍ക്ക് വിശ്വാസമാ.
ഒന്നുമില്ലെങ്കിലും, രാവിലെ പറയുന്നത് തന്നെ വൈകുന്നേരവും പറയുന്നുണ്ടല്ലോ. മറ്റു
പലരും അങ്ങിനെയൊന്നുമല്ല.
ഞങ്ങളുടെ സമുദായത്തില്‍ ആകപ്പാടെ ഒരു ഭൂമികുലുക്കം
ഉണ്ടായിക്കൊണ്ടിരിക്കുകയാണല്ലോ. അതിന്റെ പര്യവസാനം എങ്ങിനെ ആയിരിക്കുമെന്ന്
ഇപ്പോഴേ മുന്‍കൂട്ടി പറയാന്‍ സാധിക്കുകയില്ല എന്ന് സമ്മതിക്കുന്നു. എന്നാലും ഒരു
കാര്യം വ്യക്തമാണ്. സമുദായത്തിലെ മാറിക്കെട്ടിയവരുടെ ഭാര്യയും മക്കളും, പിതാവിന്റെ
സര്‍ക്കുലര്‍ അനുസരിച്ച്, ക്നാനായ പള്ളിയിലെ അംഗങ്ങള്‍ ആയിരിക്കും. അങ്ങിനെയല്ല എന്ന്
ഞങ്ങളോട് ഓരോരുത്തര്‍ പറയുന്നത്, ഞങ്ങളുടെ ഇടയിലെ മരമണ്ടാന്മാര്‍ പോലും
വിശ്വസിച്ചിട്ടില്ല. അതൊക്കെ വിശുദ്ധ നുണകള്‍. എള്ളോളമില്ല പൊളിവചനം എന്ന അവസ്ഥ
മാവേലിയുടെ കാലത്തല്ലായിരുന്നോ! “കളിയായിപോലും നുണ പറയരുത്” എന്ന് എന്റെ അമ്മ
ചെറുപ്പത്തില്‍ എന്നെ പഠിപ്പിച്ചിരുന്നു. പാവം അമ്മ, അമ്മ സെമിനാരിയില്‍
പഠിച്ചിട്ടില്ലല്ലോ.
പിതാവിന്റെ രൂപതയില്‍ പിതാവിന്റെ കല്‍പ്പന നടപ്പിലായാല്‍, വെളിയില്‍ നിന്നും
മാറികെട്ടിയ ഞങ്ങളുടെ സഹോദരന്‍ അവന്റെ കുടുംബത്തോടൊപ്പം ഞങ്ങളുടെ പള്ളിയില്‍
അംഗമായിരിക്കും. അതൊക്കെ പിതാവിന്റെ ഇഷ്ടം.
സംശയം ഇതാണ്.
ആ
സഹോദരന്‍ പെട്ടെന്ന് – അങ്ങനെ സംഭവിക്കാതെ അദ്ദേഹത്തെ
ദൈവം പരിപാലിക്കട്ടെ! – മരിച്ചാല്‍, അവന്റെ ശവമടക്ക് കഴിയുമ്പോള്‍,
വികാരിയച്ചന്‍
അവന്റെ ഭാര്യക്കും മക്കള്‍ക്കും ടാറ്റ കൊടുത്തു പറഞ്ഞുവിടുമോ? അപ്പന്റെ
മരണത്തോടെ ജീവിതത്തില്‍ അനാഥരായ ആ കുട്ടികള്‍ ഇടവകയില്ലാതെ ആത്മീയമായും
അനാഥരാകില്ലെ?
ഞങ്ങളുടെ
കുടുംബനാഥന്‍ മരിച്ചു പോയതുകൊണ്ട് ഞങ്ങളെ ഇടവകയില്‍
നിന്ന് പുറത്താക്കി എന്ന് പറഞ്ഞു മറ്റൊരു ഇടവകയില്‍ ചെന്നാല്‍ അതിന്റെ
ലോജിക് ആ ഇടവകയിലെ അച്ചന് മനസിലായില്ലെങ്കില്‍ ആ പിഞ്ചുകുഞ്ഞുങ്ങളും ആ
വിധവയും ഇടവകയില്ലാതെ
അലയുകയില്ലേ? ഓര്‍ക്കാനേ പറ്റുന്നില്ല.
പിതാവേ, സംശയങ്ങള്‍ ഇനിയും ഒരു പാടുണ്ട്. മറുപടി
ഉണ്ടാവുകയില്ലെങ്കില്‍ എന്തിനാണ് എല്ലാം കൂടി എഴുതുന്നത്. ഇതിന്റെ ഫലമെന്താണെന്ന്
അറിഞ്ഞിട്ടു ബാക്കി സംശയങ്ങള്‍ എഴുതാം.
തല്‍ക്കാലം ഈശോ മിശിഹായ്ക്ക് സ്തുതിയായിരിക്കട്ടെ.
വിനയത്തോടെ,
പേര് വച്ചാല്‍ ക്നാനയക്കാരും കാനാക്കാരും ഒരുപോലെ എന്നെ
കൊത്തിക്കുടിക്കും എന്ന ഭയത്താല്‍
ഞാന്‍, അജ്ഞാതനാമാവ്,
ഒപ്പ്.
അടിക്കുറിപ്പ്:
ഒരു
മെത്രാനച്ചന് കത്തെഴുതുമ്പോള്‍ പാലിക്കേണ്ട മര്യാദകളൊന്നും
വശമില്ലാത്തതിനാല്‍ ആ വകുപ്പില്‍ വല്ല തെറ്റുകുറ്റങ്ങളും
വന്നിട്ടുണ്ടെങ്കില്‍ പിതാവങ്ങു ക്ഷമിച്ചേക്കണം.... അതിന്റെ പേരില്‍ മറുപടി
തരാതിരിക്കല്ലേ....
No comments:
Post a Comment