Thursday, January 31, 2013

വൈദ്യാ, നിന്നെത്തന്നെ സുഖപ്പെടുത്തുക !!!

“To a drinker the sensation is real and pure and akin to something spiritual: you seek; in the bottle, you find.”

― Caroline Knapp, Drinking: A Love Story
“പ്രിയപ്പെട്ട മക്കളെ,
ആണ്ടുതോറും പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസത്തില്‍ ഓരോ ഗുണദോഷപരസ്യങ്ങള്‍ നിങ്ങള്ക്ക് അയച്ചുതരുന്ന പതിവനുസരിച്ച് ഈ ആണ്ടിലും ആ സുകൃതമുറയെ ചെയ്‌വാന്‍ നാം നിശ്ചയിച്ചതില്‍ എന്തൊരു വിഷയം സംബന്ധിച്ച് വേണമെന്ന് ആലോചിച്ചാറെ അനേക വിഷയങ്ങള്‍ തല്‍ക്കാലം ആവശ്യവും പ്രയോജനവുമുള്ളതായി നമ്മുടെ ബോധത്തില്‍ വന്നു. എങ്കിലും അവയെ എല്ലാം എടുത്തു ഒന്നായി ചെയ്തുപറയുന്നത് അസാധ്യമാകയാല്‍ അവയില്‍ ഏറ്റം ആവശ്യവും പ്രയോജനവുമുള്ളതെന്നു നമുക്ക് തോന്നിയ ഒരു സംഗതിയെമാത്രം എടുത്തുകൊണ്ട് നമ്മുടെ ഇടയനടുത്ത ഈ പരസ്യം ചെയ്‌വാന്‍ നാം നിശ്ചയിച്ചു.
അതായത് മദ്യപാനം.”
1899-ല്‍ ചങ്ങനാശ്ശേരി മെത്രാന്‍ (“ത്രാലെസിന്റെ മെത്രാനും ചങ്ങനാശേരി വികാരി അപ്പസ്തോലിക്കായും” എന്ന് ഔദ്യോഗിക പദവി) ആയിരിക്കവേ മാക്കീല്‍ പിതാവ് തയ്യാറാക്കി ചങ്ങനാശ്ശേരി വികാരിയാത്തിലെ പള്ളികളില്‍ വായിച്ച ഇടയലേഖനത്തിന്റെ തുടക്കമാണ് മുകളില്‍ ഉദ്ധരിച്ചിരിക്കുന്നത്.
സുദീര്‍ഘമായ പ്രസ്തുത ഇടയലേഖനം ബൈബിള്‍ പ്രചോദിതവും ആത്മാര്‍ത്ഥത തുളുമ്പുന്നതുമായിരുന്നു. (യുഗപ്രഭാവനായ മാര്‍ മത്തായി മാക്കീല്‍ എന്ന പുസ്തകത്തില്‍ ഈ ഇടയലേഖനം ചേര്‍ത്തിട്ടുണ്ട്‌.; പേജ് 167).
അന്നൊക്കെ തിരുമേനിമാരുടെ ഇടയലേഖനത്തിന് സദ്ദുദേശവും ആത്മാര്‍ത്ഥതയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ അതിനെ മടയലേഖനമെന്നു വിളിക്കാനോ തിരസ്ക്കരിക്കാനോ കത്തിക്കാനോ ആരും ഒരുമ്പെട്ടിരുന്നില്ല. കാലം മാറി, ഇടയലേഖനത്തിന്റെ സ്വഭാവവും മാറി. ഇന്ന് പലപ്പോഴും സഭയുടെയും രൂപതാദ്ധ്യക്ഷന്റെയും സ്വാര്‍ത്ഥ, സാമ്പത്തിക താല്പര്യങ്ങള്‍ സംരക്ഷിക്കുക എന്നതാണ് ഇടയലേഖനങ്ങളുടെ ലക്‌ഷ്യം. (സ്വാശ്രയ കോളേജ് കാര്യത്തില്‍ തുടരെത്തുടരെ ഇറങ്ങിയ ഇടയലേഖനങ്ങള്‍ ഉദാഹരണം) ഇടയലേഖനങ്ങള്‍ രഹസ്യരേഖകളല്ല. അതുകൊണ്ട് അവ കഴിയാവുന്നിടത്തോളം ജനങ്ങളില്‍ എത്തണമെന്ന് സഭാധികൃതര്‍ ആഗ്രഹിക്കുന്നു.
അതിനൊരു അപവാദമായിരുന്നു അങ്ങാടിയത്ത് പിതാവിന്റെ സര്‍ക്കുലര്‍ എന്ന് വിളിക്കുന്ന കഴിഞ്ഞ ഡിസംബര്‍ മാസത്തിലെ ഇടയലേഖനം. ഇംഗ്ലീഷില്‍ വായിച്ചു കേട്ട് മുഴുവന്‍ മനസ്സിലാകാതെ ചിലരെങ്കിലും വൈദികരോട് അതിന്റെ ഒരു കോപ്പി തരാമോ എന്നാവശ്യപ്പെട്ടപ്പോള്‍, “സാധിക്കില്ല” എന്ന പരുഷമായ മറുപടിയാണ് ഏവര്‍ക്കും കിട്ടിയത്.
മാക്കീല്‍ പിതാവ് 1899-ല്‍ മദ്യപാനത്തിനെതിരെ ഇടയലേഖനം എഴുതിയത് സ്വമേധയാ, തന്റെ ഇടവകജനത്തിന്റെ ഉപരിനന്മയെ കരുതിയാണെങ്കില്‍, മൂലക്കാട്ട് പിതാവ് ജനുവരി ഇരുപത്തേഴാം തിയതി കോട്ടയം അതിരൂപതയിലെ പള്ളികളില്‍ വായിക്കാനായി മദ്യപാനത്തിനെതിരെ എഴുതിയ ഇടയലേഖനം മനസ്സില്ലാമനസ്സോടെ ചെയ്ത കൃത്യനിര്‍വഹണം മാത്രമാണ്. അതിന്റെ പിന്നില്‍ വിശ്വാസസമൂഹത്തോടുള്ള പ്രതിബദ്ധതയോ ആത്മാര്‍ത്ഥതയോ, ക്രിസ്തുവചനങ്ങളുടെ പ്രചോദനമോ അല്ല, പ്രത്യുത കെ.സി.ബി.സി.യുടെ സമ്മര്‍ദ്ദം മാത്രമാണ്. “ആര്‍ക്കാനും വേണ്ടി ഒക്കാനിക്കുന്നു” എന്ന് നാടന്‍ ശൈലിയില്‍ പറയാവുന്ന തരത്തിലൊന്ന്.
ഏതായാലും ഈ ഇടയലേഖനം രഹസ്യമാക്കിയിട്ടില്ല. അപ്നാദേശിന്റെ വെബ്‌സൈറ്റില്‍ പ്രസ്തുത ഇടയലേഖനം ലഭ്യമാണ്. അത്രയും നന്ന്.
കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കെ.സി.ബി.സി. ജനുവരി അവസാനത്തെ ഞായറാഴ്ച ആഘോഷിച്ചുവരുന്ന മാമാങ്കമാണ് മദ്യവിരുദ്ധഞായര്‍. ഒരു വശത്ത് കേരളത്തില്‍ മദ്യത്തിന്റെ വില്പന റോക്കറ്റ് പോലെ കുതിച്ചുയരുന്നു, മറുവശത്ത് മെത്രാന്മാരുടെ മാമാങ്കം തമാശയായി തുടരുന്നു.
ക്നാനായ സമുദായത്തില്‍ മദ്യവിപത്തുകള്‍ ധാരാളം ഉണ്ട്. അരങ്ങ് കുടുംബങ്ങളും ഇരകള്‍ സ്ത്രീകളും കുഞ്ഞുങ്ങളുമാണ്. എന്നാല്‍ മദ്യപാനത്തിന്റെ കാര്യത്തില്‍ നാം ശരാശരി മലയാളിയുടെ മുന്നിലാണ് എന്ന് പറയാന്‍ വയ്യ. കേരളത്തില്‍ മദ്യം ഏറ്റവും കൂടുതല്‍ ചെലവാകുന്ന ചാലക്കുടി, കരുനാഗപ്പള്ളി എന്നീ പ്രദേശങ്ങളില്‍ ക്നാനയക്കാര്‍ തീരെ ഇല്ലെന്ന കാര്യം ഓര്‍ക്കുക.
ക്നാനയക്കാരന്റെ മദ്യവുമായി ബന്ധപ്പെട്ട പ്രധാന പ്രശ്നങ്ങള്‍ ഈ പറയുന്നവയാണ്.
·       ആരോഗ്യകരമായ രീതിയില്‍ മദ്യം കഴിക്കാന്‍ പലര്‍ക്കും അറിയില്ല. കൂടുതല്‍ സമയമെടുത്ത്‌, നല്ല ഭക്ഷണത്തോടൊപ്പം മദ്യം കഴിക്കുവാനും, കഴിച്ചുകഴിഞ്ഞാല്‍ സാമൂഹ്യമായി മര്യാദയ്ക്ക് പെരുമാറാനും കോച്ചിംഗ് നല്‍കുന്നതിനെക്കുറിച്ച് വേണമെങ്കില്‍ അധികൃതര്‍ക്ക്‌ ചിന്തിക്കാം.
·       ക്നാനായസമുദായത്തിലെ സമ്പന്നരില്‍ നല്ലൊരു ശതമാനം മദ്യരാജാക്കന്മാരാണ്. അവരുടെ ചെലവില്‍ സുഖലോലുപതയുടെ മടിയില്കിടക്കുന്ന പുരോഹിതവര്‍ഗം അവരുടെ ആന്ജാനുവര്ത്തികള്‍ ആകാന്‍ നിര്‍ബന്ധിതരാകുന്നു.
·       കേരള കത്തോലിക്കരില്‍ ഒരു സര്‍വ്വേ നടത്തിയാല്‍ കത്തോലിക്കാ വൈദികരില്‍ ഏറ്റവും കൂടുതല്‍ മദ്യപര്‍ കോട്ടയം അതിരൂപതയില്‍ ആണെന്ന് കണ്ടെത്തിയേക്കാം.
മുകളില്‍ പറഞ്ഞിരിക്കുന്ന ഏതെങ്കിലും കാര്യങ്ങള്‍ കണക്കിലെടുത്താണോ മൂലക്കാട്ട് പിതാവ് തന്റെ ഇടയലേഖനം തയ്യാറാക്കിയിരിക്കുന്നത്?
തന്റെ കീഴിയിലുള്ള ഇടവകയില്‍ ആത്മീയശുശ്രൂഷ (ഇടവക ഭരണമല്ല) ചെയ്യാന്‍ അയക്കുന്ന വൈദികര്‍ ഇടവകജനതിനു മാതൃകാപരമായ ജീവിതമാണോ നയിക്കുന്നതെന്ന് ശ്രദ്ധിക്കേണ്ട കടമ അതിരൂപതാധ്യക്ഷനനില്ലേ? വിശുദ്ധ അള്‍ത്താരയില്‍ മദ്യപിച്ചു കുഴഞ്ഞുവീണവരും, തലേന്നാള്‍ “കഫ് സിറപ്പ്‌” കഴിച്ചു തിരുന്നാള്‍ ശുശ്രൂഷയില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്ന വൈദികനും, അമിത മദ്യപാനത്തിന് ചികിത്സ തേടിയതിനെതുടര്‍ന്ന് സ്വന്തം വീട്ടില്‍ മാസങ്ങളോളം കഴിയേണ്ടി വന്ന വൈദികരും പിതാവിന്റെ കീഴില്‍ ജനത്തെ സേവിക്കുന്നത് രഹസ്യമാണോ? ഈയടുത്ത ദിവസമാണ് ഒരു വൈദികന്‍ തന്റെ പിറന്നാള്‍ ആഘോഷിക്കാനായി തന്റെ ഇടവകയില്‍ നിന്നും അകലെയുള്ള കുറുപ്പന്തറയിലെ ബാറില്‍ സഹവൈദികരോടോത്ത് കയറിപ്പോകുന്നത് ജനം കണ്ടത്. അവര്‍ കുടിച്ചോ എന്നറിയില്ലെങ്കിലും, ജനത്തിന് ലഭിക്കുന്ന സന്ദേശം എന്താണ്? ജനങ്ങളുടെ ഇടയില്‍ ഇതെല്ലാം സംസാര വിഷയമാണ്.
സ്റ്റാര്‍ ഹോട്ടലില്‍ ബാര്‍ സൗകര്യം ലഭിക്കാന്‍ ലൈസന്സിനു അപേക്ഷ നല്‍കി കാത്തിരിക്കുന്ന സമയം. വെഞ്ചരിക്കാന്‍ ക്നാനായ വൈദികന്‍ ളോഹ ധരിച്ചാണ് എത്തിയത്. വൈദികന്‍ വെഞ്ചരിച്ചാല്‍ ബാര്‍ ലൈസെന്‍സ് വേഗം കിട്ടുമെന്ന് ഉടമസ്ഥന്‍ പ്രതീക്ഷിച്ചെങ്കില്‍ അദ്ദേഹത്തെ കുറ്റം പറയാനാകുമോ?
ഈ പറഞ്ഞ വൈദികരൊക്കെ അറിയപ്പെടുന്ന മദ്യപാനികളാണ്. അത് നമുക്ക് അങ്ങ് ക്ഷമിക്കാം. പക്ഷെ ആട്ടിന്‍ തോലണിഞ്ഞു വരുന്ന ഒരു ചെന്നായും നമുക്കുണ്ട്. മദ്യരാജാവ് ജാഗ്വാറില്‍ വന്നാല്‍ കാറിനു പള്ളിമുറ്റത്ത്‌ പ്രവേശിക്കാന്‍ മാത്രമല്ല, വേണ്ടിവന്നാല്‍ വണ്ടി അകത്തുകയറ്റാന്‍ പള്ളിയുടെ ആനവാതില്‍ തുറന്നുകൊടുക്കാന്‍ പോലും മടിക്കാത്ത മദ്യവിരുദ്ധനും നമുക്കുണ്ട്! പിതാവിന്റെ നല്ല പുസ്തകത്തിലുള്ള ഈ വൈദികന്‍ പാവപ്പെട്ടവന്‍ വിവാഹത്തലേന്നു മദ്യം വിളമ്പുന്നതിനെ അപലപിക്കുകയും തടയുകയും ചെയ്യും.
 ഇതൊന്നും നമ്മുടെ പിതാവ് അറിയുന്നില്ലേ?
അലക്സ്‌ കണിയാംപറമ്പില്‍
രണ്ടാം ഭാഗം നാളെ.

ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മറ്റു പോസ്റ്റുകള്‍

No comments:

Post a Comment