Wednesday, January 30, 2013

അഭിവന്ദ്യരുടെ വിശ്വാസ വഞ്ചനകള്‍ - ഒരു തിരിഞ്ഞുനോട്ടം

ക്നാനായ ഫെല്ലോഷിപ്പ് പ്രസിഡന്റ്‌, ഡോമിനിക് സവിഒ വാച്ചാച്ചിറ എഴുതിയ ഈ നീണ്ട ലേഖനത്തിന്റെ ഒന്നാം ഭാഗമാണിത്. രണ്ടാം ഭാഗം നാളെ പ്രസധീകരിക്കുന്നതാണ്. – Administrator.

കത്തോലിക്കാ വിശ്വാസികള്‍ സഭാ തനയരോട് ബഹുമാനത്തോടും സ്‌നേഹത്തോടും അനുസരണയോടും കൂടിയാണ് പെരുമാറുന്നത്. വൈദീകരും മെത്രാന്മാരും എന്തൊക്കെ തെറ്റുകള്‍ ചെയ്താലും അതെല്ലാം പൊറുത്തും മറന്നും അത്മായര്‍ വൈദീകരോട് ചേര്‍ന്ന് കഴിയുകയാണ്. വടക്കുംഭാഗ വൈദീകരും വിശ്വാസികളും തമ്മില്‍ ഉള്ളതിലും കൂടുതല്‍ ഒരൈക്യം തെക്കുഭാഗ വൈദീകരും വിശ്വാസികളും തമ്മില്‍ പുലര്‍ത്തിപോരുന്നു. വൈദികര്‍ എന്ന പദവിക്കു പുറമെ ജേഷ്ഠസഹോദരങ്ങള്‍ എന്ന പരിഗണനകൂടി ക്‌നാനായ വൈദീകര്‍ക്കു നല്കിവരുന്നുണ്ട്.
എന്നാല്‍ കുറേനാളായി ക്‌നാനായവൈദീകരും മെത്രാന്മാരും ക്‌നാനായ സഹോദരങ്ങളെ വിഢികളാക്കുകയും പൊട്ടന്മാരായി കണക്കാക്കി പലതും മറച്ചുവെയ്ക്കുകയും മറിച്ചുപറയുകയും ചെയ്തുവരുന്നു. ഇങ്ങനെയുള്ള വിശ്വാസവഞ്ചന ഒന്നിനൊന്ന് ഏറിവരുകയാണ്. വൈദീകരുടെയും മറ്റും വീഴ്ച്ചകള്‍ മറക്കുന്നതും പൊറുക്കുന്നതും വിശ്വാസികളുടെ ബലഹീനതയായി കണക്കാക്കുന്നു എന്നു തോന്നുന്നു. വൈദികരില്‍ സ്വാര്‍ത്ഥത വര്‍ദ്ധിക്കുമ്പോള്‍ ഇത്തരം വഞ്ചന കൂടിവരുന്നു എന്നാണ് അനുഭവത്തില്‍ നിന്നും മനസിലാകുന്നത്.
ക്‌നാനായക്കാര്‍ക്ക് വംശീയ ഇടവകകള്‍ അമേരിക്കയില്‍ അനുവദിക്കുകയില്ലന്ന് 1986-ല്‍ ഒരു നിര്‍ദ്ദേശം പൗരസ്ത്യ കാര്യാലയത്തില്‍നിന്നും പുറപ്പെടുവിച്ചതാണ്. അതിന്റെ പ്രത്യാഘാതം മനസിലാക്കുന്നതിനോ അത് സമുദായക്കാരെ അറിയിക്കുന്നതിനോ സഭാ നേതൃത്വം ശുഷ്‌ക്കാന്തി കാണിച്ചില്ല. സമുദായവഞ്ചകനായി മാറിയ ഫാ: എബ്രഹാം മുത്തോലത്ത് അമേരിക്കയിലെത്തുകയും സമുദായത്തിന്റെ നേതാവായി വികാരി ജനറാള്‍ സ്ഥാനം ഏറ്റെടുക്കുകയും ചെയ്തതുവഴി വഞ്ചന കൂടുതല്‍ പ്രകടമാക്കിതുടങ്ങി. അമേരിക്കയില്‍ ക്‌നാനായക്കാര്‍ പള്ളിവാങ്ങിയാലേ നിലനില്‍പുണ്ടാകൂ എന്നും പറഞ്ഞ് സമുദായക്കാരെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് പള്ളിവാങ്ങിപ്പിച്ചു. 11 പള്ളികളും ഒന്‍പതു മിഷനും ഉണ്ടായികഴിഞ്ഞപ്പോള്‍ ഫാ: മുത്തോലം തന്റെ വിശ്വരൂപം കാട്ടിതുടങ്ങി. വംശശുദ്ധിക്കു പ്രാധാന്യം നല്കുന്ന യഹൂദരിലെ ന്യൂനപക്ഷം വരുന്ന യാഥാസ്ഥിതികരുടെയും ഭാരതത്തിലെ മുന്‍കാല വര്‍ഗ്ഗവര്‍ണ്ണ വ്യവസ്ഥിതിയുടെയും പശ്ചാത്തലമാണ് ക്‌നാനായക്കാര്‍ക്കുള്ളതെന്ന് ഫാ: മുത്തോലം അമേരിക്കന്‍ ബുള്ളറ്റിനിലൂടെ പ്രഖ്യാപിച്ചുകൊണ്ട് സമുദായക്കാരെ ഒന്നടങ്കം ശത്രുക്കള്‍ക്ക് ഒറ്റികൊടുത്തു.
ക്‌നാനായക്കാര്‍ വാങ്ങിയ പള്ളികള്‍ ക്നാനായകാര്‍ക്കു മാത്രമുള്ളതല്ലെന്നും മിശ്രവിവാഹം കഴിച്ച ക്‌നാനായ പുരുഷനും കൂടി അവകാശപ്പെട്ടതാണെന്നും പറഞ്ഞ് ഫാ: മുത്തോലം മൂലക്കാട്ട് പിതാവിനെക്കൊണ്ട് അമേരിക്കയില്‍ നടത്തിച്ച പ്രസ്താവന വിശ്വാസ വഞ്ചനയുടെ മറ്റൊരു രൂപമായിരുന്നു. തന്റെ പ്രസംഗം വിവാദമായപ്പോള്‍ മാര്‍ മൂലക്കാട്ട് വിശദീകരണമായി ഇങ്ങനെ പറഞ്ഞു “മിശ്രവിവാഹം ചെയ്ത ക്‌നാനായ വ്യക്തി മാത്രമേ ക്‌നാനായ ഇടവകയില്‍ അംഗമായിരിക്കുകയുള്ളു” എന്ന്. ഈ വിശദീകരണവും വിവാദമായപ്പോള്‍ വീണ്ടും മാര്‍ മൂലക്കാട്ട് രംഗത്തു വന്നുപറഞ്ഞു; ക്‌നാനായ പള്ളികള്‍ ക്‌നാനായക്കാര്‍ക്കു മാത്രമായി നിലനിര്‍ത്തണമെന്നാണ് നമ്മുടെ ആഗ്രഹമെന്നും ഇപ്പോള്‍ മറ്റുള്ളവര്‍ക്കുംകൂടി അംഗത്വം കൊടുക്കേണ്ടിവന്നാലും നമ്മുടെ ആഗ്രഹം സാധിക്കുന്നതുവരെ കുറഞ്ഞ തിന്മ എന്നനിലയില്‍ (Lesser evil) തല്ക്കാലം അത് സമ്മതിക്കുകയും നമ്മുടെതായ സ്വന്തം ഇടവകയ്ക്കു വേണ്ടി പരിശ്രമിക്കുകയും ചെയ്യുമെന്ന്; മിശ്രവിവാഹിതര്‍ക്ക് ക്‌നാനായ പള്ളിയില്‍ അംഗത്വം കൊടുത്തിട്ട് പിന്നീട് അവരെ ഒഴിവാക്കാമെന്നാണ് മാര്‍ മൂലക്കാട്ടു തന്ന ഉറപ്പ്. പിതാവിന്റെ വഞ്ചനനിറഞ്ഞ ഈ “കുറുപ്പിന്റെ ഉറപ്പിനു” ശേഷം ഇതാ അമേരിക്കയിലെ ക്‌നാനായക്കാരുടെ ദത്തുമെത്രാന്‍ മാര്‍ അങ്ങാടിയത്ത് പ്രസ്താവിച്ചിരിക്കുന്നു; ക്‌നാനായക്കാര്‍ക്ക് പ്രത്യേകമായി അമേരിക്കയില്‍ പള്ളികള്‍ അനുവദിക്കാനാവില്ല. മാറികെട്ടുന്നവനും ആവശ്യപെട്ടുവരുന്ന എല്ലാവര്‍ക്കും ക്‌നാനായ പള്ളിയില്‍ അംഗത്വം കൊടുക്കണമെന്ന മാര്‍ അങ്ങാടിയത്തിന്റെ കല്പന വിശ്വാസവഞ്ചനയുടെ അവസാനത്തെ അടയാളമാണ്.
ക്‌നാനായ എന്ന ബാനര്‍ ഉയര്‍ത്തിയാല്‍ സമുദായക്കാര്‍ ഒത്തുചേരും, സ്വസ്തതയും വരുമാനവും മാര്‍ അങ്ങാടിയത്തിനു ലഭിക്കുന്നത് ക്‌നാനായ കൂട്ടായ്മയില്‍ വരുമ്പോഴാണ്. അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ക്‌നാനായ സമുദായത്തിന്റെ നേതൃത്വം കൂടി കൈയാളേണ്ടതുണ്ട്. അതിനുള്ള പണി നടത്തിവരികയാണ്. നിര്‍ഭാഗ്യവശാല്‍ ക്‌നാനായ സമുദായത്തിനെതിരായി മാര്‍ അങ്ങാടിയത്ത് ഇറക്കിയ ഇടയലേഖനം കത്തിച്ചുകൊണ്ട് അമേരിക്കയിലെ സമുദായക്കാര്‍ ശക്തിയായി പ്രതിഷേധിച്ചിരിക്കുന്നു.
പിന്നാമ്പുറത്തേക്ക് അല്പം
അമേരിക്കയില്‍ ക്‌നാനായ പള്ളികള്‍ അനുവദിക്കാനാവിലെന്ന 1986 ലെ റിസ്‌ക്രിപ്റ്റിന്റെ വാസ്തവികത മനസിലാക്കുന്നതിനോ അതിനെ എതിര്‍ക്കുന്നതിനോ ക്‌നാനായ വൈദീകനേതൃത്വം ഇതുവരെ തയ്യാറായിട്ടില്ല. ക്‌നാനായ സമുദായത്തിനെതിരായി മറ്റുള്ളവര്‍ ചൂണ്ടികാട്ടുന്ന റിസ്‌ക്രിപ്റ്റിന് ശത്രുക്കള്‍ പറഞ്ഞു പരത്തുംവിധമുള്ള ശക്തിയൊന്നുമില്ല. റിസ്‌ക്രിപ്റ്റിനെതിരെ കോട്ടയം മെത്രാന് റോമില്‍ പരാതികൊടുക്കണമെങ്കില്‍ സീറോമലബാര്‍ അദ്ധ്യക്ഷന്റെ അനുവാദം വേണമെന്നാണ് നിബന്ധന. ചുരുക്കത്തില്‍ സീറോമലബാര്‍ അദ്ധ്യഷന് റിസ്‌ക്രിപ്റ്റ് മാറ്റികൊടുക്കുവാന്‍ ശുപാര്‍ശചെയ്യാവുന്നതാണ്. അവര്‍ അതിനു തയ്യാറാകാതെ നമ്മെ റിസ്‌ക്രിപ്റ്റ്കാട്ടി പേടിപ്പിക്കുന്നു. എന്നാല്‍ റിസ്‌ക്രിപ്റ്റിന് അനുകൂലമോ പ്രതികൂലമോ എന്നവര്‍ വ്യക്തമാക്കുന്നും ഇല്ല. സീറോമലബാര്‍ സഭാ അദ്ധ്യക്ഷന്‍ ഈ റിസ്‌ക്രിപ്റ്റിനെതിരെ റോമില്‍ കത്തുകൊടുത്താല്‍  ഇല്ലാതാകുന്നതാണ്.
ക്‌നാനായക്കാര്‍ 17 നൂറ്റാണ്ടായി പിന്തുടരുന്ന വംശീയത ഇനി അനുവദിക്കാനാവിലെന്ന് സീറോമലബാര്‍ അദ്ധ്യഷന്‍ പറയുമ്പോഴും വത്തിക്കാന്‍ വംശീയരൂപതകള്‍ മറ്റുരാജ്യങ്ങളില്‍ അനുവദിക്കുന്നുണ്ട്. കോട്ടയം അതിരൂപതയ്ക്ക് ഉള്ളില്‍ പ്രവര്‍ത്തിക്കുന്ന വൈദീകരെക്കാളും കന്യാസ്ത്രീകളെക്കാളും കൂടുതല്‍ പേര്‍ അതിരൂപതയ്ക്കു പുറത്ത് മിഷനില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. സീറോമലബാര്‍ സഭയെ പലവിധത്തിലും നന്നായി സഹായിക്കുന്നത് ക്‌നാനായ സമുദായമാണ്. നമ്മുടെ ആളുകളെയും നമ്മുടെ പണവും അവര്‍ക്കുവേണം നമ്മുടെ ഒരുമയും ഐക്യവും കണ്ട് അസൂയപൂണ്ടവര്‍ ഇന്നു നമ്മെ കഠിനമായി ദ്രോഹിച്ചുകൊണ്ടിരിക്കുന്നു. ഇതെല്ലാം കണ്ടും കേട്ടുംകൊണ്ട് സീറോമലബാര്‍ സിനഡിലെ സ്ഥിരാഗംമായി മാര്‍ മൂലക്കാട്ട് എന്തിനിരിക്കുന്നു എന്നു മനസിലാകുന്നില്ല. അദ്ദേഹത്തിനോ കുടുംബത്തിനോ സമുദായത്തിനോ ഗുണമില്ലാത്തതും, തന്റെ അറിവോടെ ക്‌നാനായ സമുദായത്തെ ഇല്ലാതാക്കുന്നതും കണ്ടുകൊണ്ട് എന്തിനവിടെ ഇരിക്കുന്നു! ആ സ്ഥാനം ഉപേക്ഷിച്ച് ഒരു സാധാരണ അംഗമായിരുന്നാലെ  എന്തെങ്കിലും അഭിപ്രായം പറയാന്‍ സാധിക്കുകയുള്ളു എന്ന് പിതാവ് മനസിലാക്കണം.
മാര്‍ മൂലക്കാട്ട് സമാധാനം പറയണം.
മിശ്രവിവാഹം കഴിക്കുന്ന ക്‌നാനായ വ്യക്തിക്ക് അല്ലാതെ ജീവിതപങ്കാളിയെ ക്‌നാനായ ഇടവകയില്‍ അംഗത്വം കൊടുക്കുകയില്ല എന്ന് ഇതുവരെ പ്രസംഗിച്ചുനടന്ന മാര്‍ മൂലക്കാട്ട്, ക്‌നാനായ വ്യക്തിയുടെ പുറത്തുനിന്നുള്ള ജീവിതപങ്കാളിയും മക്കളും ക്‌നാനായ ഇടവകക്കാര്‍ ആയിരിക്കും എന്ന മാര്‍ അങ്ങാടിയത്തിന്റെ ഇടയലേഖനത്തെക്കുറിച്ച് എന്തുപറയുന്നു എന്ന് സമുദായക്കാരോട് വിശദമാക്കിയേ തീരൂ. 1986ലെ റിസ്‌ക്രിപ്റ്റും 2001ലെ ഓറിയന്റ്ല്‍ കോണ്‍ഗ്രികേഷന്റെ ഇന്‍സ്ട്രക്ഷനും അനുസരിച്ചാണ് മാര്‍ അങ്ങാടിയത്ത് 2012 ഡിസംബര്‍ 20ന് ക്‌നാനായ സമുദായത്തെ ഇല്ലാതാക്കുന്ന ഇടയലേഖനം പുറപ്പെടുവിച്ചത് എന്നു പറയുന്നു. മാര്‍ മൂലക്കാട്ടും അമേരിക്കയിലെ ക്‌നാനായ സമുദായത്തിന്റെ വികാരി ജനറാളായ ഫാ: മുത്തോലത്തും ഇതുവരെ നടത്തിയ പ്രസ്താവന എന്തിന്റെ അടിസ്ഥാനത്തിലാണെന്നു വ്യക്തമാക്കണം. മാര്‍ അങ്ങാടിയത്തിന്റെ താല്പര്യം നടപ്പിലാക്കുവാനുള്ള പശ്ചാത്തലം ഒരുക്കുകയായിരുന്നു ഇവര്‍ ചെയ്തുകൊണ്ടിരുന്നത് എന്നു വ്യക്തമാണ്.
ഡോമിനിക്ക് സാവിയോ വാച്ചാച്ചിറയില്‍
പ്രസിഡന്റ്, ക്‌നാനായ ഫെലോഷിപ്പ് 
ഫോണ്‍: 944 614 0026
2011ലെ അതിരൂപതാ ശതാബ്ദിയോടനുബന്ധിച്ചുനടന്ന പ്രവാസി സംഗമത്തില്‍ പ്രബന്ധം അവതരിപ്പിച്ചുകൊണ്ട് ഫാ: മുത്തോലം പറഞ്ഞത്....” എന്ന് തുടങ്ങുന്ന രണ്ടാം ഭാഗം നാളെ.

No comments:

Post a Comment