Friday, January 4, 2013

ഷിക്കാഗോയില്‍ വന്‍പ്രതിഷേധവും സാമ്പത്തിക ഉപരോധവും

ഷിക്കാഗോയിലെ സെന്റ്‌ മേരീസ്‌ ക്നാനായ പള്ളിയില്‍ ക്രിസ്തുമസിന്റെ തലേ ഞായറാഴ്ച വായിച്ച ഇടയലേഖനത്തെ തുടര്‍ന്ന് ഉടലെടുത്ത വിശ്വാസികളുടെ പ്രതിഷേധം മുത്തോലത്തച്ചന്‍ കോട്ടയം അതിരൂപതയില്‍ നിന്ന് കാലുമാറി ഷിക്കാഗോ സീറോമലബാര്‍ രൂപതയില്‍ ചേര്‍ന്നു എന്ന വാര്‍ത്തയോടെ രോഷാഗ്നിയായി മാറി. മരമണ്ടന്മാര്‍ എന്ന് സഭാനേതൃത്വം ധരിച്ചിരുന്ന ജനങ്ങളുടെ രോഷവും വീറും കണ്ട് പുരോഹിതവര്‍ഗം തങ്ങള്‍ക്കു ചുറ്റും എന്താണ്‌ സംഭവിക്കുന്നതെന്ന് മനസ്സിലാകാതെ അന്താളിച്ചു കഴിയുന്നു. ഈ എരിതീയില്‍ എണ്ണ ഒഴിച്ച സംഭവമായിരുന്നു വെട്ടുവേലിലച്ചന്റെ തിരോധാനം. പോകുന്നതിനു മുമ്പ് അദ്ദേഹം വികാരനിര്‍ഭരമായ ഭാഷയില്‍ സഹവൈദികര്‍ക്ക് എഴുതിയ കത്ത് ഇമെയില്‍ വഴിയും ബ്ലോഗുകള്‍ വഴിയും ഫേസ്ബുക്ക് വഴിയും ക്നാനായക്കാരുള്ളിടത്തെല്ലാം എത്തി വലിയ സഹതാപ തരംഗം സൃഷ്ടിച്ചിരിക്കുകയാണ്.
കളി കൈവിട്ടുപോയി എന്ന് മനസ്സിലാക്കിയ വി.ജി. തന്റെ പുതിയ ക്നാനായ മീഡിയയില്‍ ചോദ്യോത്തരരൂപത്തില്‍ ഒരു മടയലേഖനം വിശദീകരണമായി കൊടുത്തത് ബൂമാറാങ്ങിന്റെ ഫലം മാത്രമേ ചെയ്തുള്ളൂ. ക്നാനായമീഡിയ ഇറങ്ങുന്നതിനു മുമ്പേ കാര്യങ്ങളുടെ നിജസ്ഥിതി മനസ്സിലാക്കിയ ക്നാനായജനത, നുണ പറയാനുള്ള വി.ജിയുടെ അപാര കഴിവ് മനസ്സിലാക്കി അദ്ദേഹത്തെ വെറുത്തുപോയി. ഏതാനും ആഴ്ചകള്‍ക്ക് മുമ്പു വരെ സ്വന്തം ജീവന്‍ മുത്തോലത്തച്ചന് വേണ്ടി ത്യജിക്കാന്‍ തയ്യാറായിരുന്നവരാണ് ഇത്രയധികം വെറുപ്പുമായി അദ്ദേഹത്തിന് നേരെ തിരിഞ്ഞിരിക്കുന്നത്.
ഇപ്പോഴിതാ ഒട്ടകത്തിന്റെ മുതുകില്‍ അവസാനത്തെ കച്ചിത്തുരുമ്പ്! ഇംഗ്ലീഷ് ഭാഷയില്‍ - Last Straw that broke the Camel's Back - ഈ കച്ചിതുരുമ്പിനു പക്ഷെ ഇരുമ്പിന്റെ ഭാരവും ശക്തിയുമാണ്. ഒട്ടകം എന്ത് ചെയ്യണമെന്നറിയാതെ “വീണിതല്ലോ കിടക്കുന്നു ധരണിയില്‍!”




ഞങ്ങള്‍ക്ക് ലഭിച്ച റിപ്പോര്‍ട്ടനുസരിച്ചു സംഭവിച്ചത് ഇതാണ്.
മുത്തോലത്തച്ചന്റെ അധികാരപരിധിയില്‍ വരുന്ന ഷിക്കാഗോ സെന്റ്‌ മേരീസ്‌ പള്ളി വാങ്ങിയ വകയില്‍ ഒരു മില്യണ്‍ ഡോളറിനു മുകളില്‍ കടം അടച്ചുതീര്‍ക്കാനുണ്ട്. കത്തോലിക്കാ സഭയില്‍ പള്ളികളുടെ ഉടമസ്ഥാവകാശം പിതാക്കന്മാര്‍ക്കാണെങ്കിലും സാമ്പത്തിക ബാധ്യത മൊത്തം കുഞ്ഞാടുകള്‍ക്ക് സ്വന്തമാണ്.  ഷിക്കാഗോയിലെ പ്രാഞ്ചികളല്ലാത്തവര്‍ വളരെ ബുദ്ധിമുട്ടിയാണ് ഈ കടം വീട്ടാന്‍ തങ്ങളാല്‍ കഴിയുന്ന വിധത്തില്‍ സഹായിച്ചു വരുന്നത്.
എണ്ണത്തില്‍ നൂറിനും നൂറ്റമ്പതിനും ഇടയ്ക്ക് വരുന്ന കുടുംബങ്ങള്‍ നിശ്ചിത തുക ഓരോ ആഴ്ചയിലും തങ്ങളുടെ ബാങ്ക് അക്കൗണ്ടില്‍ നിന്നും ഈ ആവശ്യത്തിന് കൊടുക്കാനായി പ്ലെഡ്ജ് ചെയ്തിട്ടുണ്ട്
സഭാനേതൃത്വത്തിന്റെ വഞ്ചനയില്‍ മനംമടുത്ത അവരില്‍ പലരും തങ്ങളുടെ പ്ലെഡ്ജ് പിന്‍വലിച്ചു കൊണ്ടിരിക്കുന്നു. ഇത് മറ്റു നഗരങ്ങളിലേയ്ക്കും വ്യാപിച്ചാല്‍ നമ്മുടെ വൈദികര്‍ക്ക് പിന്നെ കട്ടച്ചിറ, കൈപ്പുഴ, കുറുമുള്ളൂര്‍ തുടങ്ങിയെ കേരളത്തിലെ ചെറുതും വലുതുമായ  ഇടവകള്‍ മാത്രം ശരണം! വൈദികര്‍ മൊത്തം ( പ്രത്യേകിച്ച് മുത്തോലത്തച്ചന്‍ ) പരിഭ്രാന്തിയിലാണ്.
പരിഭ്രാന്തിയില്‍ വിവേകം നശിക്കുക എന്നത് സ്വാഭാവികമാണല്ലോ. ഇവിടെയാണെങ്കില്‍ ആള് “പണ്ടേ ദുര്‍ബലയും.”
എന്തു ചെയ്യണമെന്നറിയാതെ, ഷിക്കാഗോകാര്‍ മണ്ടന്മാരാണെന്ന തന്റെ പഴയ വിശ്വാസത്തില്‍ അവരെ വിരട്ടാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടത്തുന്നത്. പ്ലെഡ്ജ് പിന്‍വലിച്ചാല്‍ നിയമനടപടി ഉണ്ടാകും പോലും!
സ്വന്തം അക്കൗണ്ടിലെ കാശ് എന്തു ചെയ്യണമെന്നു ബാങ്കിനോട് ഒരാള്‍ പറഞ്ഞാല്‍ അയാള്‍ക്കെതിരെ  നിയമനടപടി!
2013 തുടങ്ങിയപ്പോഴേ ഇത്ര വലിയ ഫലിതം വേണോ എന്റെ പൊന്നച്ചാ.....
ഷോര്‍ട്ട് നോട്ടീസില്‍ നാട്ടില്‍ പോകാന്‍ അമേരിക്കയിലെ ക്നാനായ വൈദികര്‍ ഒരുങ്ങിയിരിക്കുന്നത് നന്നായിരിക്കും.

2 comments:

  1. നിങ്ങള്‍ ഇതൊക്കെ കണ്ടു ബഹളം വെക്കാന്‍ വരട്ടെ. ഇപ്പോള്‍ അങ്ങാടിയുടെ കൂടെ നിന്നാല്‍ മെത്രാന്‍ തൊപ്പി തലയില്‍ കേറും. മെത്രാന്‍ പട്ടം കിട്ടി കഴിഞ്ഞാല്‍ പിന്നെ കോട്ടയം രൂപത പോലെ തുല്യ അധികാരമുള്ള അമേരിക്കയിലുള്ള ഒരു സ്വതന്ത്ര ക്നാനായ രൂപതയുടെ ബിഷപ്‌ ആയി വാഴും. പിന്നെ മൂലക്കാട്ട് ആണെങ്കിലും അമേരിക്കയില്‍ കാലു കുത്തണമെങ്കില്‍ മുത്തുവിന്‍റെ അനുവാദം വാങ്ങേണ്ടി വരും. ഒരു ക്നാനായ മക്കളും ഇതിനെ അപ്പോള്‍ എതിര്‍ക്കുക ഇല്ല. ഇപ്പോള്‍ അങ്ങാടിയത്തിനെ സന്തോഷിപ്പിച്ചു നിന്നില്ലെങ്കിലോ? ചിക്കാഗോയില്‍ തന്നെ ഉള്ള വേറെ വല്ലവനും മെത്രാന്‍ തൊപ്പിയും കൊണ്ട് പോകും. ക്നാനായ ക്കാര്‍ക്ക് വേറൊരു ബിഷപ്പിനെ ഇപ്പോള്‍ കിട്ടാനും പോകുന്നില്ല. അതാണ് കോട്ടയം വിട്ടു ചിക്കാഗോ രൂപതയില്‍ ഇപ്പോള്‍ ചേര്‍ന്നാലുള്ള ഗുണം. എങ്ങിനെ ഉണ്ട് മുത്തുവിന്‍റെ ബുദ്ധി?

    ReplyDelete