Tuesday, January 22, 2013

നമ്മള്‍ വാങ്ങും പള്ളികളെല്ലാം നമ്മുടെയാകും പൈങ്കിളിയേ (അവസാന ഭാഗം)

ക്നാനായ സമുദായത്തിലെ സ്വവംശവിവാഹനിഷ്ട ലംഘിച്ചു വെളിയില്‍ നിന്നും വിവാഹം ചെയ്ത വിരലിലെണ്ണാവുന്ന ചിലര്‍ അയച്ച പരാതിയിന്മേല്‍ ലഭിച്ച ഉത്തരവാണ് റെസ്ക്രിപ്റ്റ്‌ എന്ന് പലരും വിശ്വസിക്കുന്നു. ഇത് ശരിയല്ല. മാറിക്കെട്ടിയവര്‍ക്കൊപ്പം എന്‍ഡോഗമി പാലിക്കുന്ന പലരും പരാതിയെ പിന്തുണച്ചിട്ടുണ്ട്. പരാതി തയ്യാറാക്കാന്‍ ഒരു ക്നാനായ വൈദികന്റെ സഹായം ഉണ്ടൊയിരുന്നു എന്ന് കേട്ടിട്ടുണ്ട് - ശരിയാണോ എന്നറിയില്ലെങ്കിലും.

ഇത് ഇവിടെ പറയുവാന്‍ കാരണമുണ്ട്. എന്‍ഡോഗമിക്കെതിരെയുള്ള വികാരം നമ്മുടെ സമുദായത്തിനുള്ളില്‍ തന്നെയുണ്ട്. കോട്ടയത്തെ പിതാക്കന്മാരില്‍ ഇന്ന് ജീവിച്ചിരിക്കുന്ന എല്ലാവരുടെയും കുടുംബങ്ങളില്‍ എന്‍ഡോഗമി ലംഘിച്ചവരുണ്ട്. അന്തരിച്ച പിതാക്കന്മാരുടെ കുടുംബങ്ങളിലും അത്തരക്കാര്‍ ഉണ്ടാവും. എന്‍ഡോഗമിയുടെ തീവ്രവാദികളായി നടക്കുന്ന പലരുടെയും ഉറ്റബന്ധുക്കള്‍ ഈ നിയമം ലംഘിച്ചതുമൂലം സമുദായത്തില്‍ നിന്ന് വെളിയില്‍ ആയവരാണ്. ചിലര്‍ അതിനെക്കുറിച്ച് വേവലാതിപ്പെടുന്നില്ല, മറ്റു ചിലര്‍ക്ക് അത് വലിയ പ്രശ്നമാണ്. “എന്റെ മാതാപിതാക്കളെ അടക്കിയ പള്ളിപ്പറമ്പില്‍ എനിക്ക് നിത്യവിശ്രമം ഇല്ലല്ലോ” എന്നോര്‍ത്ത് സങ്കടപ്പെടുന്നവര്‍ ചിലരെങ്കിലും ഉണ്ട്. അതിന്റെ ന്യായാന്യായങ്ങളിലേക്ക് ഈ ലേഖനത്തില്‍ കടക്കുന്നില്ല.
പറയാന്‍ ഉദ്ദേശിക്കുന്നത് ഇത്രമാത്രമാണ്. എന്‍ഡോഗമിക്കു സമുദായത്തിന്റെ പൂര്‍ണ്ണപിന്തുണ ഉണ്ടോ എന്നത് സംശയകരമാണ്.
ഇങ്ങനെ ഒരു സാഹചര്യത്തില്‍ നമുക്ക് വേണ്ടത് തുറന്ന ചര്‍ച്ചകളാണ്. പുരോഹിതവര്‍ഗത്തിന്റെ കളിപ്പാവകളല്ല ക്നാനായ സമുദായത്തിലെ അംഗങ്ങള്‍. അവര്‍ക്ക് വേണ്ടപ്പോള്‍, “തലമുറ തലമുറ കൈമാറി കെടാതെ ഞങ്ങള്‍ സൂക്ഷിക്കും” എന്ന് നമ്മെ കൊണ്ട് പാടിക്കുകയും, അവരുടെ ആവശ്യം മാറുമ്പോള്‍, സ്വവംശവിവാഹനിഷ്ഠ ഭാരതത്തിലെ ഭ്രാന്തമായ ജാതിവ്യവസ്ഥയുടെ അവശിഷ്ടമാണെന്നും തരംപോലെ പറയുന്നവരുടെ താളത്തിനൊത്ത് തുള്ളാന്‍ കുറെ മണ്ടന്മാര്‍, ഏതു സമുദായത്തിലും എന്നപോലെ – പട്ടരിലും ഉണ്ടല്ലോ പൊട്ടന്‍ - ക്നാനായസമുദായത്തിലും ഉണ്ടാകും. എന്നാല്‍ എല്ലാവരെയും തങ്ങള്‍ക്കൊപ്പം കിട്ടുമെന്ന് വിശ്വസിച്ച ശകുനിമാര്‍ ഇനിയെങ്കിലും ജാഗ്രത പാലിക്കുക. നിങ്ങളുടെ കണക്കുകൂട്ടലുകള്‍ തെറ്റിത്തുടങ്ങിയിരിക്കുന്നു....
ഇത് ഒരു സമുദായത്തിന്റെ പ്രശ്നമാണ്. സഭയുടെ പ്രശ്നമല്ല. ടൈം സോണ്‍ അനുസരിച്ച് മാറുന്നതല്ല ക്നാനയക്കാരന്റെ നിര്‍വചനം. നമ്പൂതിരി കേരളത്തിലും ഗുജറാത്തിലും, ശ്രീലങ്കയിലും കാനഡയിലും നമ്പൂതിരി തന്നെയായിരിക്കുന്നത് പോലെ ക്നാനയക്കാരന്‍ ലോകത്തിന്റെ ഏതു കോണില്‍ വസിച്ചാലും ക്നാനയക്കാരന്‍ തന്നെയാണ്. അത് Right Hand Driving-ഉം Left Hand Driving-ഉം പോലെ രാജ്യത്തിന്റെ നിയമത്തിനു വിധേയമായി മാറുന്നതാണെന്ന് പറയുന്നത് ശുദ്ധതട്ടിപ്പാണ്. അത് ചെലവാക്കാന്‍ നോക്കരുത്.
ക്നാനയത്വം എന്ന് പറയുന്നത് വത്തിക്കാന്റെ നിയമപരിധിയില്‍ വരുന്ന ഒന്നല്ല. ഒരേ കപ്പലില്‍ വന്നു എന്ന് പറയപ്പെടുന്നവര്‍, AD 345 മുതല്‍ AD 1653 ജനുവരി മൂന്നാം തിയതി വരെ ഒറ്റ ജനതയായി കഴിഞ്ഞിരുന്നവരാണ് ക്നാനായ യാക്കൊബാക്കാരും, ക്നാനായ കത്തോലിക്കരും. യാക്കോബാക്കാരുടെയടുത്തു ചെന്ന് ഇത് പൌരസ്ത്യ തിരുസംഘത്തിന്റെ കല്‍പന ആണ് എന്നൊന്ന് പറഞ്ഞു നോക്കുക – അപ്പോള്‍ കാണാം പൌരസ്ത്യ തിരുസംഘത്തിന് ക്നാനയക്കാര്‍ കൊടുക്കുന്ന പുല്ലുവില!
ഇവിടത്തെ പ്രശ്നം അതൊന്നുമല്ല. ഒരാള്‍ക്ക്‌ കയറൂരി വിട്ട കാളയെപ്പോലെ അമേരിക്കയില്‍ ക്നാനയക്കാരന്റെ ചോര ഊറ്റിക്കുടിച്ചു മേയണം. അദ്ദേഹത്തിന്റെ മേലധികാരികള്‍ക്ക് തോന്നുമ്പോള്‍ തോന്നുമ്പോള്‍ അമേരിക്കയില്‍ വന്ന് പിച്ചതെണ്ടാനുള്ള ലൈസന്‍സ് വേണം. ഇത്രയും സ്വാര്‍ത്ഥതാല്പര്യതിനായി അവര്‍ ഒരു സമുദായത്തെ മൊത്തം വിറ്റുതുലയ്ക്കുന്നു. അവര്‍ക്ക് ഹോശാന പാടാന്‍ കുറെ മണ്ടന്മാരും.
ആ മണ്ടന്മാരെക്കുറിച്ച് ഈ ഫോറത്തില്‍ പറഞ്ഞുപറഞ്ഞു പ്രസിദ്ധമായ ഒരു പ്രയോഗം ഉണ്ട് – തടിച്ച മടിശീലയും, ശുഷ്ക്കിച്ച തലച്ചോറുമുള്ള  പ്രാഞ്ചിക്കുട്ടന്മാര്‍. അവര്‍ക്കും നമ്മുടെ റവ. ഫാ. ശകുനിയുടെ കുതന്ത്രങ്ങള്‍ മനസ്സിലായി തുടങ്ങി.
ശകുനിയച്ചനാകട്ടെ, തീയില്‍ കുരുത്തതാണ്, മാടായാണ് കോടയാണ് എന്നൊക്കെ പറഞ്ഞു കുറെനാള്‍ നടന്നുനോക്കി. തന്നെപ്പോലെ തന്നെ തത്വദീഷ ഇല്ലാത്ത തന്റെ അനുചരന്മാരുടെ കൈകളില്‍ താന്‍ ഇനിയും സുരക്ഷിതനല്ല എന്ന ബോധ്യം വന്നതോടെ, രക്ഷാമാര്‍ഗങ്ങള്‍ അന്വേക്ഷിക്കുകയാണ്. Caesar dead is more powerful than Caesar alive” എന്നൊരു ചൊല്ലുണ്ട്. അതുപോലെ സമുദായത്തിനെ മിത്രത്തിന്റെ വേഷത്തില്‍ വരുന്ന ശകുനിയച്ചന്‍ ശത്രുവായ ശകുനിയെക്കാള്‍ അപകടകാരിയാണ്. ചൈനക്കാരുടെ ഒരു പ്രാര്‍ത്ഥന ഓര്‍മ്മ വരുന്നു – “ ദൈവമേ, ഞങ്ങളുടെ ശത്രുക്കളെ ഞങ്ങള്‍ കൈകാര്യം ചെയ്തുകൊള്ളാം, ഞങ്ങളുടെ മിത്രങ്ങളില്‍ നിന്ന് ഞങ്ങളെ രക്ഷിക്കണമേ...”
ശകുനിയുടെ പുതിയ അവതാരത്തിന്റെ ദുഷ്ടലാക്ക് പലരും എഴുതി വെളിയില്‍ വന്നുകഴിഞ്ഞു. അതുകൊണ്ട് അതിവിടെ ആവര്‍ത്തിക്കുന്നില്ല.
ഈ പരമ്പര അവസാനിക്കുന്നതിനു മുമ്പ് മൊത്തത്തില്‍ ക്നാനായ സമുദായം അങ്ങാടിയത്തിന്റെ ഇടയലേഖനത്തെ എങ്ങിനെ കാണുന്നു എന്ന് പരിശോധിക്കാം.
പുറംകടലിലെ ഒരേക്കര്‍ സ്ഥലത്ത് ചുവന്ന ചായം അടിച്ചുതരാം എന്ന് പറയുന്നതുപോലെ അസംബന്ധമാണ് അമേരിക്കയിലെ ക്നാനയക്കാരന്‍ വെളിയില്‍ നിന്ന് വിവാഹം ചെയ്‌താല്‍ ഇടവകയ്ക്ക് പുറത്താകില്ല, പക്ഷെ കേരളത്തിലെ ഇടവകകളില്‍ നിന്നും പുറത്താകും എന്ന് പറയുന്നത്. അമേരിക്കയിലെ കാലാവസ്ഥയുടെയോ, ഭൂമിശാസ്ത്രതിന്റെയോ, ഭാഷയുടെയോ, സര്‍ക്കാരിന്റെയോ എന്തെങ്കിലും പ്രത്യേകത കൊണ്ടല്ല അവിടെ അങ്ങനെയൊരു നിയമം ഉണ്ടായത്. അമേരിക്കയില്‍ നിന്നുമാത്രമാണ് പരാതി ചെന്നത്, അതുകൊണ്ട് അവിടെ പരാതിയില്‍മേല്‍ നടപടി ഉണ്ടായി. കേരളത്തില്‍ നിന്ന് സമാനമായ ഒരു പരാതി ചെന്നാല്‍ ഇത് ഉടനെ കേരളത്തിലും സംഭവിക്കും. കേരളത്തില്‍ നിന്ന് പരാതി അയക്കുന്നവര്‍ക്ക് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാണ്, കാരണം ഒരു മുന്‍ തീരുമാനം ചൂണ്ടികാണിക്കാനുണ്ട്. ഇത്രയും ലളിതമായ ഒരു കാര്യം മനസ്സിലാക്കാന്‍ കഴിയാത്തവരാണ് ക്നാനയക്കാരിലെ സഭാ, സമുദായ നേതൃത്വം എന്ന് വിശ്വസിക്കാന്‍ സാധിക്കുന്നില്ല. എന്നിട്ടും “ഉരുള്‍ പൊട്ടി മലവെള്ളം വരുന്നത് അയലത്തെ വീട് ലക്ഷ്യമാക്കിയാണ്, എനിക്കെന്താ!” എന്നാശ്വസിക്കുന്ന മണ്ടന്മാരെപ്പോലെ, ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന പ്രശ്നമല്ല എന്നാണു കേരളനേതാക്കളുടെ നിലപാട്. ഇടയലേഖനം ഇറങ്ങി ഒരു മാസത്തോളമായിട്ടും അവിടെ നിന്നൊരു കുഞ്ഞു ഞരക്കം പോലും കേട്ടിട്ടില്ല.
ഇത് ക്നാനായ കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളുടെ മാത്രം ചുമതലയല്ല (അവരെല്ലാം ക്നാനായ “വാങ്ക്” വിളിയുമായി നടക്കുകയല്ലേ.. നടക്കട്ടെ....). മുന്‍ ഭാരവാഹികളും നേതൃനിരയിലേയ്ക്ക് വന്നിട്ടില്ലെങ്കിലും സമുദായത്തെ സ്നേഹിക്കുന്നവരും ഒറ്റക്കെട്ടായി ഇതിനെന്തെങ്കിലും പരിഹാരം ഉണ്ടോ എന്ന് അന്വേക്ഷിക്കേണ്ട സമയമാണ്. എന്നാല്‍ സംഭവിക്കുന്നത് നിഷ്കൃയത്വം മാത്രം.
ഒരു സമുദായത്തിന്റെ ഭാവി ആ സമുദായത്തിലെ യുവതലമുറയുടെ കരങ്ങളിലാണ്. നമ്മുടെ യുവത പിക്നിക്കിനും, പെരുന്നാളുകളിലും അടിപിടി ഉണ്ടാക്കുന്ന ഗുണ്ടാസംഘമായി മാറിയിരിക്കുകയാണ് അവരില്‍ നിന്ന് ആരെങ്കിലും എന്തെങ്കിലും പ്രതീക്ഷിക്കുന്നുണ്ടാവില്ല.
നൂറ്റാണ്ടുകളുടെ ക്നാനായപൈതൃകം 1911-ല്‍ നമ്മുടെ കാരണവന്മാര്‍ കോട്ടയം അരമനയില്‍ കൊണ്ടുചെന്ന് സമര്‍പ്പിച്ചു അടിയറവു പറഞ്ഞു. അവിടെ, പിതാവിന്റെയും വൈദികരുടെയും കരങ്ങളില്‍ നൂറ്റാണ്ടുകള്‍ കാത്തു സൂക്ഷിച്ച ആ പൈതൃകം Tower of London-ല്‍ കാത്തുസൂക്ഷിച്ചിരിക്കുന്ന കോഹിനൂര്‍ രത്നം പോലെ സുരക്ഷിതമായിരിക്കും എന്ന് അവര്‍ വിചാരിച്ചുപോയി. പിതാക്കന്മാരെ അവര്‍ ഗോത്രത്തലവന്‍ എന്നുവരെ വിളിച്ചുബഹുമാനിച്ചു. എന്നിട്ടും ഇന്നിതാ അവരെല്ലാം പാവം ക്നാനയക്കാരനെ കൈയൊഴിഞ്ഞിരിക്കുന്നു!
നമ്മള്‍ വാങ്ങും പള്ളികലെല്ലാം നമ്മുടെയാകും പൈങ്കിളിയെ എന്ന ഗാനം അവന്റെ ചുണ്ടുകളില്‍ ദീനരോദനമായി ഇന്നും തത്തിക്കളിക്കുന്നു.
പ്രശ്നം പരിഹാരമില്ലാതെ തുടരുന്നു; പരമ്പര അവസാനിക്കുന്നു.

(ഈ പരമ്പരയുടെ നാല് ഭാഗങ്ങളും ഒരുമിച്ചു വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക)

 

No comments:

Post a Comment